സെനറ്റ് റണ്‍ ഓഫ് ഇലക്ഷന്‍ നടക്കുന്ന ജോര്‍ജിയയില്‍ രണ്ട് യുഎസ് സെനറ്റ് സീറ്റുകളിലും വിജയം കൊയ്ത് ഡെമോക്രാറ്റിക് പാര്‍ട്ടി ബൈഡന് കരുത്തു പകര്‍ന്നപ്പോള്‍ അടിസ്ഥാനരഹിതമായത് നിയുക്ത പ്രസിഡന്റിനെതിരെ നിലവിലെ പ്രസിഡന്റും പാര്‍ട്ടിയും ഉയര്‍ത്തിയ ആരോപണങ്ങളാണ്. തൊണ്ണൂട്ടിയെട്ട് ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ത്തന്നെ നിലവിലുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ കെല്ലി ലോഫ്‌ലറെ പരാജയപ്പെടുത്തി ആഫ്രിക്കന്‍ അമേരിക്കനായ റവ. റാഫേല്‍ വാര്‍ണോക്ക് വിജയിച്ചിരുന്നു. ഇതാദ്യമായാണ് ആഫ്രിക്കന്‍ അമേരിക്കനായ ഒരാള്‍ ജോര്‍ജിയയില്‍ നിന്ന് സെനറ്ററാകുന്നത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റര്‍ ഡേവിഡ് പെര്‍ഡ്യൂവിനെ പിന്നിലാക്കി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോണ്‍ ഓസോഫും വിജയം സ്വന്തമാക്കി.

ഇതോടെ ട്രംപിനെ പൂര്‍ണ്ണമായും പിന്തള്ളി ബൈഡനെ സ്വാഗതം ചെയ്തിരിക്കുകയാണ് ജോര്‍ജിയ. നിലവില്‍ റിപ്പബ്ലിക്കന് 50, ഡെമോക്രാറ്റിന് 48 എന്നിങ്ങനെയായിരുന്നു സെനറ്റിലെ കക്ഷിനില. നിലവിലുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ കെല്ലി ലോഫ്‌ലറെ പരാജയപ്പെടുത്തി വാര്‍ണോക്കും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റര്‍ ഡേവിഡ് പെര്‍ഡ്യൂവിനെ പിന്നിലാക്കി ജോണ്‍ ഓസോഫും വിജയിച്ചതോടെ ഇത് 50-50 എന്ന നിലയിലായിരിക്കുകയാണ്. നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിങ്ങ് വോട്ടോടു കൂടി ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുകയും ചെയ്യും. ഹൗസ്, പരസിഡന്റ് പദം, സെനറ്റ് മജോറിറ്റി എന്നിവയെല്ലാം ഒരു പാര്‍ട്ടിക്ക് തന്നെ ലഭിക്കുന്ന സാഹചര്യത്തില്‍ നിയമനിര്‍മ്മാണം വളരെയെളുപ്പമാവുകയും ചെയ്യും.

കറുത്ത വര്‍ഗ്ഗക്കാര്‍ക്കിടയില്‍ ആവേശമുണര്‍ത്തിക്കൊണ്ടാണ് ആഫ്രിക്കന്‍ അമേരിക്കനായ വാര്‍ണോക്ക് ജോര്‍ജിയയില്‍ സെനറ്റര്‍ സ്ഥാനാര്‍ത്ഥിയായത്. കറുത്ത വര്‍ഗ്ഗക്കാരുടെ മുഴുവന്‍ വോട്ടും 51 കാരനായ വാര്‍ണോക്കിന് അനുകൂലമായിരുന്നു. ഇരുപത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ജോര്‍ജിയയില്‍ നിന്ന് ഒരു ആഫ്രിക്കന്‍ അമേരിക്കനായ ഡെമോക്രാറ്റ് സെനറ്റര്‍ ഉണ്ടാകുന്നത്.

വ്യക്തമായ ജനപിന്തുണയോടെ ജോര്‍ജിയയില്‍ രണ്ട് യുഎസ് സെനറ്റ് സീറ്റുകളിലും ഡെമോക്രാറ്റിക് പാര്‍ട്ടി തന്നെ വിജയിച്ചതോടെ നിയുക്ത പ്രസിഡന്റ് ബൈഡനെതിരെ ട്രംപ് റിപ്പബ്ലിക്കന്‍ അനുഭാവികളും ഉയര്‍ത്തിയിരുന്ന എല്ലാ ന്യായവാദങ്ങളും ആരോപണങ്ങളും അവസാനിച്ചിരിക്കുകയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ബൈഡനെതിരെ ആരോപിച്ച കാരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും തെളിഞ്ഞു.

ഇരുപത് വര്‍ഷത്തോളം സെനറ്റിലും പ്രസിഡന്റ് തിരഞ്ഞെടുപ്പിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ അനുകൂലിച്ച ചരിത്രമാണ് ജോര്‍ജിയക്കുള്ളത്. എന്നാല്‍ ഇക്കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്രം വഴി മാറിയിരുന്നു. ട്രംപിനെ പിന്തള്ളി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനൊപ്പമാണ് ജോര്‍ജിയ നിലകൊണ്ടത്. ഇപ്പോള്‍ നിര്‍ണായകമായ രണ്ട് സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റും ഡെമോക്രാറ്റിന് തന്നെ നേടാനായതോടെ പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ബൈഡന് തന്റെ ഭരണ പരിഷ്‌കാരങ്ങള്‍ സെനറ്റിന്റെ അംഗീകാരത്തോടെ വളരെ വേഗത്തില്‍ നടപ്പാക്കാന്‍ കഴിയും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here