വ്യാഴാഴ്ച ആദ്യമായി ഒറ്റ ദിവസംകൊണ്ട് യു എസിൽ കോവിഡ് ബാധിച്ച് നാലായിരത്തിൽ അധികം (4112 പേര്) ആളുകൾ മരിച്ചു. ബുധനാഴ്ച 3900 ആളുകളാണ് രോഗം ബാധിച്ചു മരിച്ചത്. മഹാമാരി പൊട്ടിപ്പുറപ്പെട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. ഫലപ്രദമായ രണ്ടു വാക്സിനുകൾ മുൻനിര ആരോഗ്യ പ്രവർത്തകർക്ക് വിതരണം ചെയ്തു വരികയാണ്. രാജ്യത്ത് 21,500,000 പേരെ രോഗം ബാധിക്കുകയും 3,64,500 പേർ മരണപ്പെടുകയും ചെയ്തു. കോവിഡ്-19 വാക്സിൻ സ്വീകരിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ഫ്ലോറിഡയിൽ ഡോക്ടർ മരണപ്പെട്ടത് അന്വേഷിക്കും

വാക്സിന്റെ ആദ്യ ഷോട്ട് സ്വീകരിച്ച് രണ്ടാഴ്‌ച ആയപ്പോഴാണ് 56 കാരനായ ഡോ. ഗ്രിഗറി മൈക്കിൾ മയാമി ബീച്ചിലെ മൗണ്ട് സൈനായി മെഡിക്കൽ സെന്ററിൽ വച്ച് തിങ്കളാഴ്ച ഹെമറേജ് സ്‌ട്രോക് വന്ന് മരണപ്പെട്ടത്. വാക്സിൻ സ്വീകരിച്ചതുമായി എന്തെങ്കിലും ഡോക്ടറുടെ മരണത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പാം ബീച്ച് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പ്ലേറ്റ്ലെറ്റുകൾ കുറഞ്ഞതാണ് മരണകാരണമായി അറിയുന്നത്. ഡിസംബർ 18- നാണ് മൈക്കിൾ വാക്സിൻ സ്വീകരിച്ചതെന്നും ഗുരുതര പ്രതികരണം അനുഭവപ്പെട്ടിരുന്നെന്നും അദ്ദേഹത്തിന്റെ ഭാര്യ ഹെയ്ഡി നിക്കൽമാൻ പറഞ്ഞു.

ആന്തരിക രക്തസ്രാവത്തിന്റെ ലക്ഷണമായി മൂന്നു ദിവസങ്ങൾക്കു ശേഷം ത്വക്കിൽ പുള്ളികൾ കണ്ടതിനെത്തുടർന്ന് മൈക്കിൾ ആശുപത്രിയിൽ ചികിത്സ തേടിയെന്നും ഹെയ്ഡി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്ലേറ്റ്‌ ലെറ്റിന്റെ കൗണ്ട് കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞെന്നും അത് കൂട്ടാൻ അവർ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടെന്നും ഹെയ്ഡി വ്യക്തമാക്കി. രാജ്യത്തുനിന്നുള്ള വിദഗ്ദ്ധ സംഘം തന്നെ ഇതിനായി പ്രവർത്തിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.

സ്ട്രോക്ക് ഉണ്ടാകുന്നതുവരെ ഊർജസ്വലനായിരുന്നു തന്റെ ഭർത്താവെന്നും മരണം നിമിഷങ്ങൾക്കുള്ളിൽ സംഭവിക്കുക ആയിരുന്നെന്നും ഹെയ്ഡി വിശദീകരിച്ചു. മയാമി മെഡിക്കൽ എക്‌സാമിനർമാർ ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് ഫ്ലോറിഡ ആരോഗ്യ വകുപ്പ് അറിയിച്ചു. കണ്ടെത്തലുകൾ സി ഡി സി ക്ക് കൈമാറും. മരണത്തെക്കുറിച്ച് തങ്ങളുടേതായ രീതിയിൽ അന്വേഷണം ആരംഭിക്കുമെന്ന് ഫൈസർ വൃത്തങ്ങളും അറിയിച്ചു. കോവിഡ് ബാധിച്ചവരിൽ പ്രതിരോധ ശേഷി എട്ടുമാസങ്ങൾ വരെ നിലനിൽക്കുമെന്ന് പഠനം

കോവിഡ് ഭേദമായവരിൽ 8 മാസങ്ങൾ വരെ പ്രതിരോധശേഷി നിലനിൽക്കുമെന്ന് പഠനം. ഇതൊരു ശുഭസൂചനയാണ്. ലയോള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇമ്മ്യൂണോളജിയിലെ ഗവേഷകൻ ഷെയിൻ ക്രോട്ടിയും സംഘവുമാണ് പഠനം നടത്തിയത്. 188 രോഗികളുടെ രക്ത സാമ്പിൾ ശേഖരിച്ച് നടത്തിയ പഠനത്തിലാണ് ഇങ്ങനെ കണ്ടത്. കൂടുതലും സാൻ ഡിയേഗോയിൽ നിന്നുള്ള രോഗികളുടെ സാമ്പിളാണ് പഠനവിധേയമാക്കിയത്. ആറു മാസങ്ങളിൽ കൂടുതൽ പ്രതിരോധശേഷി രക്തത്തിൽ നിലനിൽക്കുന്നെന്നും തെളിഞ്ഞു. ശക്തമായ അളവിൽ മെമ്മറി ബി -കോശങ്ങളുടെ സാന്നിധ്യമാണ് ഇതിൽ പ്രധാനമായും കണ്ടത്. ഇവ ആന്റിബോഡികളെ സൃഷ്ടിക്കും. ചില സന്ദർഭങ്ങളിൽ എട്ടുമാസത്തിന് ശേഷം രോഗപ്രതിരോധ കോശങ്ങളുടെ സാന്നിധ്യം കൂടുതലായി കണ്ടു. രോഗം ഭേദമായവർക്ക് വീണ്ടും കോവിഡ് പിടിപെട്ടാൽ, കുറഞ്ഞ അളവിൽ ആന്റിബോഡികൾ ഉണ്ടെങ്കിൽ പോലും മെമ്മറി ബി കോശങ്ങൾക്ക് വൈറസിനെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുള്ള ബ്ലൂ പ്രിന്റ് നൽകാൻ പര്യാപ്തമായിരിക്കും.

സുഖം പ്രാപിച്ച വ്യക്തിയിൽ വര്‍ഷങ്ങളോളം പ്രതിരോധശേഷി ഉണ്ടാകാനുള്ള സാധ്യതയാണ് ഈ കണ്ടെത്തൽ മുന്നോട്ട് വയ്ക്കുന്നത്. അണുബാധയ്ക്ക് 12 മുതൽ 18 മാസങ്ങൾക്ക് ശേഷം ഇപ്പോഴും ബി -കോശങ്ങളുടെ എണ്ണത്തിൽ അതേ അളവ് ഉണ്ടോ എന്നറിയാൻ ഗവേഷണത്തിൽ പങ്കെടുത്തവരെ കണ്ടെത്തി വീണ്ടും പഠനം തുടരുമെന്ന് ക്രോട്ടി പറഞ്ഞു. കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലും രോഗം വീണ്ടും പിടിപെടാൻ സാധ്യതയുണ്ടെന്ന കാര്യം ക്രോട്ടി നിഷേധിച്ചില്ല. ഓരോ വ്യക്തിയിലും പ്രതിരോധ സംവിധാനങ്ങൾ വ്യത്യസ്തമായിരിക്കും.

ന്യു യോർക്കിലെ വാക്സിൻ വിതരണം
കോവിഡ് 19 വാക്സിൻ വിതരണത്തിന്റെ പരിഗണന പട്ടികയിൽ പ്രഥമഗണനീയരെ ‘1 എ’ എന്ന് തരം തിരിച്ചിരിക്കുന്നതിൽ ന്യൂയോർക് ഉൾപ്പെടുത്തുക സ്റ്റേറ്റിലെ മുൻനിര ആരോഗ്യ പരിചരണ പ്രവർത്തകരെയായിരിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ ഗവണ്മെന്റിന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ പീറ്റർ അജെമിയൻ വ്യാഴാഴ്‌ച വ്യക്തമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് വർധിക്കുകയും , യു കെ വകഭേദം വ്യാപിക്കുകയും, ആശുപത്രി ജീവനക്കാരുടെ എണ്ണം പരിമിതമാവുകയും ചെയ്ത സാഹചര്യമാണുള്ളത്. ആശുപത്രികൾ തുറന്നു പ്രവർത്തിക്കേണ്ടതും ഇനിയൊരു അടച്ചുപൂട്ടൽ ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്. ന്യൂയോർക് നഗരത്തിലെ ആരോഗ്യ പ്രവർത്തകർ വാക്സിൻ എടുക്കാൻ മുന്നോട്ട് വരണം. നിങ്ങൾക്ക് രോഗം പിടിപ്പെടുകയും പരിചരിക്കാനും ചികിത്സിക്കാനും ആളുകൾ ഇല്ലാതെയും വന്നാൽ ആശുപത്രികൾ സ്തംഭിക്കും.’ അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി ആരോഗ്യ പ്രവർത്തകർ വാക്സിൻ ലഭിക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഡിസംബർ 2020 ൽ തുടങ്ങി അവസാന ആഴ്ചയ്ക്കുള്ളിൽ നഗരത്തിൽ ലഭ്യമായ 3,04,000 ഡോസുകളുടെ 50 ശതമാനത്തിൽ താഴെ മാത്രമേ വിതരണം ചെയ്തിട്ടുള്ളു എന്നാണ് റിപ്പോർട്ട്. 1 എ യിൽ ഉൾപ്പെടുന്ന ആളുകൾ വാക്സിൻ സ്വീകരിച്ച് കഴിഞ്ഞ് 1 ബി യിലെ ആളുകൾക്ക് അവസരം ഒരുങ്ങും. അവശ്യ സേവനങ്ങളിൽപ്പെട്ട പോലീസ്, അഗ്നിശമന സേന എന്നിങ്ങനെയുള്ളവരും 75 ന് മുകളിൽ പ്രായമുള്ളവരും ഈ പട്ടികയിൽ ഉൾപ്പെടും. ന്യൂയോർക്കിൽ 3 മില്യൺ ആളുകൾ 1 ബി യിൽ ഉൾപ്പെടും. ഗവണ്മെന്റ് ഇതര ഏജൻസികളെക്കൂടി സഹകരിപ്പിച്ചുകൊണ്ടായിരിക്കും വിതരണം. ഫാര്‍മസികളുടെയും പ്രൈവറ്റ് ഡോക്ടർ നെറ്റ്‌വർക്കുകളുടെയും കമ്മ്യൂണിറ്റി ഗ്രൂപ്പുകളുടെയും സഹകരണം ഉണ്ടാകും.

പ്രതിദിനം 10,000 ഡോസ് എന്നുള്ളത് കഴിഞ്ഞ ആഴ്‌ച 30,000 ആയി ഉയർന്നെന്നും ഇന്നലെയത് 50,000 -ത്തിൽ എത്തിയെന്നും ഗവർണർ ആൻഡ്രൂ കോമോ ട്വീറ്റ് ചെയ്തിരുന്നു. ‘ അവധിക്കാല ആഘോഷങ്ങളുടെ ഫലമായി കോവിഡ് കേസുകളിൽ വർദ്ധനവുണ്ട്. യു കെ വകഭേദം നേരിടുന്നതിൽ ഫെഡറൽ ഗവണ്മെന്റിന്റെ വീഴ്ചയും കാര്യങ്ങൾ കൈവിടാൻ കാരണമാണ്. വിദേശ യാത്രികരെ കൃത്യമായി പരിശോധനയ്ക്ക് വിധേയരാക്കാത്തതാണ് നമ്മുടെ ജോലി കൂടുതൽ ശ്രമകരമാക്കി മാറ്റിയത്. എങ്കിലും ന്യൂയോർക് ഏത് വെല്ലിവിളിയും അതിജീവിക്കാൻ സജ്ജമാണ്. ആശുപത്രികൾ രോഗികളെക്കൊണ്ട് തിങ്ങിനിറയാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കും. ഓരോ ചുവടും ജാഗ്രതയോടെ വേണം’ .കോമോ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here