‘ഈ പദവിയിലെത്തുന്ന ആദ്യ സ്ത്രീയായാണ്‌ ഞാൻ. എന്നാൽ, ഉറപ്പായും ഇവിടെയെത്തുന്ന അവസാന സ്ത്രീയാവില്ല. ഈ പ്രസംഗം കാണുന്ന ഓരോ പെൺകുട്ടിയും അനന്തമായ സാധ്യതകളിലേക്കാണ്‌ നോക്കുന്നത്‌,’ നവംബറിൽ വിജയപ്രസംഗത്തിൽ കമല ഹാരിസ്‌ പറഞ്ഞു. പെൺകുട്ടികൾക്ക്‌ മാത്രമല്ല, വർണത്തിന്റെയും വർഗത്തിന്റെയും ദേശീയതയുടെയും പേരിൽ ട്രംപ്‌ ഭരണകാലത്ത്‌ മാറ്റിനിർത്തപ്പെട്ട ഓരോരുത്തർക്കും ആത്മവിശ്വാസം പകർന്നാണ്‌ കമല ഹാരിസ്‌ അമേരിക്കൻ വൈസ്‌ പ്രസിഡന്റ്‌ പദവിയേറ്റത്‌.

ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കന്മാർക്കും തുല്യശക്തിയുള്ള സെനറ്റിൽ അവസാന തീർപ്പ് കൽപ്പിക്കുന്ന സഭാധ്യക്ഷ. ജോർജ്‌ ഫ്ലോയിഡിന്റെ കൊലപാതകവും തുടർന്ന്‌ ട്രംപ്‌‌ സർക്കാരിന്റെ ഒത്താശയോടെ നടന്ന വംശീയ അതിക്രമങ്ങളും അരക്ഷിതാവസ്ഥയിലാക്കിയ ന്യൂനപക്ഷങ്ങളുടെയും കുടിയേറ്റക്കാരുടെയും പ്രതിനിധി. വംശീയ സമത്വം ഉൾപ്പെടെയുള്ള ബൈഡന്റെ പ്രധാന അജൻഡകളുടെ മുഖമാകും അവർ. വർണവിവേചനത്തിനെതിരായും കുടിയേറ്റക്കാർക്കായും നടത്തിയ പ്രവർത്തനങ്ങൾ കമലയെ വിവിധ ജനവിഭാഗങ്ങൾക്ക്‌ സ്വീകാര്യയാക്കുന്നു.

ഒബാമയ്‌ക്ക്‌ ബൈഡനെപ്പോലെ
ഒബാമയും അന്നത്തെ വൈസ് പ്രസിഡന്റ് ബൈഡനും തമ്മിലെന്നത്‌ പോലെ കമലയും ബൈഡനും തമ്മിലും സുദൃഢമായ വ്യക്തിബന്ധമുണ്ട്‌. ഇത്‌ ഭരണം സുഗമമാക്കും.‌ നവംബറിലെ വിജയത്തിനുശേഷം എല്ലാ പ്രധാന തീരുമാനത്തിലും ബൈഡനൊപ്പം കമലയുണ്ടായിരുന്നു. കോവിഡ്‌ പ്രതിരോധത്തിലും പ്രധാന പങ്കുണ്ടാകും. ബൈഡൻ പ്രഖ്യാപിച്ച 1,90,000 കോടി ഡോളറിന്റെ കോവിഡ് സമാശ്വാസ ബിൽ പാസ്സാക്കുകയാകും സെനറ്റ്‌ അധ്യക്ഷ എന്ന നിലയിലുള്ള ആദ്യ ദൗത്യങ്ങളിൽ ഒന്ന്.

2024ൽ കമല?
78കാരനായ ബൈഡൻ രണ്ടാംവട്ടം മത്സരിച്ചില്ലെങ്കിൽ 2024ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ കമല ഡെമോക്രാറ്റിക് പാർടിയുടെ സ്ഥാനാർഥിയാകാനും വഴിയൊരുങ്ങും. ആ വിധത്തിലും അവരുടെ രാഷ്ട്രീയ തീരുമാനങ്ങളും പ്രവർത്തനങ്ങളും ലോകം ഉറ്റുനോക്കും.


കമല പാർക്കുന്നത്‌ നക്ഷത്ര ബംഗ്ലാവിൽ ; ഓഫീസ്‌ വൈറ്റ്‌ഹൗസിൽ
കമല ഹാരിസിന്റെ താമസം ഇനി ഭരണകേന്ദ്രമായ വൈറ്റ്‌ഹൗസിൽനിന്ന്‌ കുറഞ്ഞ മൈലുകൾമാത്രം അകലെയുള്ള നക്ഷത്ര ബംഗ്ലാവിൽ. ഇതോടെ കമല ഈ കൊട്ടാരത്തിലെ ആദ്യത്തെ വനിതാ വൈസ്‌ പ്രസിഡന്റും ഭർത്താവ്‌ ഡഗ്‌ എംഹോഫ്‌ ആദ്യ ‘സെക്കൻഡ്‌ ജെന്റിൽമാനു’മാകും. വൈറ്റ്‌ ഹൗസിലെ വെസ്‌റ്റ്‌ വിങ്ങിലാണ്‌ വൈസ്‌ പ്രസിഡന്റിന്റെ ഓഫീസ്‌. ഇതിന്‌ സമീപമായി ഐസൻഹോവർ എക്‌സിക്യൂട്ടീവ്‌ കെട്ടിടവും വൈസ്‌ പ്രസിഡന്റിനും ജീവനക്കാർക്കുമായി ഉണ്ട്‌. ഇവിടം യോഗങ്ങൾക്കും മാധ്യമ കൂടിക്കാഴ്‌ചകൾക്കുമാണ്‌ ഉപയോഗിക്കുന്നത്‌.

വൈറ്റ്‌ഹൗസിൽനിന്ന്‌ നാലു കിലേമീറ്റർ മാറി 12 ഏക്കറിലെ മനോഹര വെണ്ണക്കൽ കൊട്ടാരമായ ‘നമ്പർ വൺ ഒബ്‌സർവേറ്ററി സർക്കിളി’ൽ ആണ്‌ വൈസ്‌ പ്രസിഡന്റുമാരുടെ താമസം. നാവികസേനയുടെ വാനനിരീക്ഷണകേന്ദ്രം സൂപ്രണ്ടിനായി 1893ൽ പണികഴിപ്പിച്ച കെട്ടിടം 1978ൽ ജിമ്മി കാർട്ടറുടെ വൈസ്‌ പ്രസിഡന്റായിരുന്ന വാൾട്ടർ മോൺഡേലിന്റെ കാലം മുതലാണ്‌ വൈസ്‌ പ്രസിഡന്റുമാരുടെ വീടാക്കുന്നത്‌. അതിനുമുമ്പ്‌ വൈസ്‌ പ്രസിഡന്റുമാരും കുടുംബവും സ്വന്തം വീടുകളിലായിരുന്നു താമസം. വർധിച്ച സുരക്ഷാചെലവുകൾ കാരണമാണ്‌ നമ്പർ വൺ ഒബ്‌സർവേറ്ററി സർക്കിൾ സ്ഥിരം വസതിയാക്കിയത്‌. മൂന്നുനില കൊട്ടാരത്തിന്റെ തറനിലയിൽ‌ പൂമുഖം, സ്വീകരണമുറി, ഇരിപ്പിട മുറി, ഭക്ഷണമുറി, ശുചിമുറി എന്നിവയുണ്ട്‌. അടുക്കള, അലക്കുമുറി, പത്തായപ്പുര എന്നിവയും താഴെ നിലയിലാണ്‌. രണ്ടാംനിലയിൽ രണ്ട്‌ കിടപ്പറ, പഠനമുറി, രഹസ്യഅറ എന്നിവയും മൂന്നാം നിലയിൽ ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകൾ, സംഭരണമുറി എന്നിവയുമാണ്‌. അടുത്തിടെ ഇവിടെ വൈസ്‌ പ്രസിഡന്റിന്റെ മക്കൾക്കായി കിടപ്പറകളും സജ്ജമാക്കി‌.

മുമ്പ്‌ താമസിച്ചുപോയ എല്ലാ വൈസ്‌‌ പ്രസിഡന്റുമാരും ചില നിർമാണങ്ങൾ ഇവിടെ നടത്തിയിട്ടുണ്ട്‌. ഭാര്യ ജില്ലിനോടുള്ള പ്രണയം വെളിപ്പെടുത്തി‌ ‘ജോ ജില്ലിനെ സ്‌നേഹിക്കുന്നു, വാലന്റൈൻസ്‌ ഡേ 2010’ എന്ന്‌ കുറിച്ചിട്ട ബോർഡാണ്‌‌ ബൈഡൻ വലിയ മരത്തിൽ സ്ഥാപിച്ചത്‌.

അമ്മ പകർന്ന സമരക്കരുത്ത്‌
‘ഒരു സമൂഹത്തിന്റെ ഭാഗമെന്ന നിലയിൽ മറ്റുള്ളവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്.’ മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ ഓർമദിവസം, അർബുദചികിത്സാ വിദഗ്ധയായിരുന്ന അമ്മ ശ്യാമളാ ഗോപാലന്റെ വാക്കുകളാണ്‌ കമല നവമാധ്യമത്തിൽ കുറിച്ചത്‌.

ചെന്നൈയിൽനിന്ന് അമേരിക്കയിലെത്തി വംശീയാധിക്ഷേപം ഏറെ അനുഭവിച്ച അമ്മയിൽനിന്നാണ് അവർ ചെറുത്തുനിൽപ്പിന്റെ ആദ്യ പാഠം പഠിച്ചത്. ജമൈക്കക്കാരനും സാമ്പത്തിക വിദഗ്ധനുമായ അച്ഛൻ ഡോണൾഡ് ഹാരിസിനും അമ്മയ്‌ക്കുമൊപ്പം ബാല്യത്തിൽത്തന്നെ കമലയും സഹോദരി മായയും വിയറ്റ്‌നാമിലെ അമേരിക്കൻ കടന്നാക്രമണത്തിനെതിരായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. കൗമാരകാലത്ത്‌ ക്യാമ്പസിൽ ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിന്‌ എതിരായ സമരങ്ങൾ സംഘടിപ്പിച്ചു. മുത്തച്ഛൻ പി വി ഗോപാലൻ നയതന്ത്രജ്ഞനായിരുന്നു. 2014ലായിരുന്നു അഭിഭാഷകൻ ഡഗ്‌ എംഹോഫുമായുള്ള വിവാഹം. കുട്ടികളില്ല. ഡഗ്ലസിന് ആദ്യ വിവാഹത്തിൽ രണ്ട് മക്കളുണ്ട്.

അമ്മ പഠിപ്പിച്ചത്‌ തുടരുകയെന്ന്‌ അമ്മാവൻ
അമ്മ ശ്യാമള ഗോപാലൻ പഠിപ്പിച്ചത്‌ ചെയ്യുക എന്ന്‌ മാത്രമാണ്‌ കമലയോട്‌ പറയാനുള്ളതെന്ന്‌‌ അമ്മാവൻ ബാലചന്ദ്രൻ. മികച്ച രീതിയിലാണ്‌ ഇതുവരെ അവർ പ്രവർത്തിച്ചത്.‌ അത്‌ തുടരണം. കമല വൈസ്‌ പ്രസിഡന്റായത്‌ സ്വന്തം പ്രയത്നഫലമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

കോവിഡ്‌ പ്രതിസന്ധി കാരണമാണ്‌ സത്യപ്രതിജ്ഞ കാണാൻ പോകാതിരുന്നതെന്ന് ഡൽഹി മാളവ്യനഗറിൽ താമസിക്കുന്ന‌ ബാലചന്ദ്രൻ പറഞ്ഞു.

സന്തോഷത്തോടെ ഡോണൾഡ്‌ ഹാരിസ്‌
കമല ഹാരിസ്‌ അമേരിക്കയുടെ പ്രഥമ വനിതാ വൈസ്‌ പ്രസിഡന്റാകുമ്പോൾ ഏറെ സന്തോഷത്തിലാണ്‌ പിതാവ്‌ ഡോണൾഡ്‌ ഹാരിസ്‌. കമലയുടെ അമ്മ ശ്യാമള ഗോപാലൻ 2009ൽ അർബുദം ബാധിച്ചു‌മരിച്ചു. സ്‌റ്റൻഫഡ്‌ സർവകലാശാലയിൽ വിസിറ്റിങ്‌ പ്രൊഫസറാണ്‌ എൺപത്തിരണ്ടുകാരനായ ഡോണൾഡ്‌. ജമൈക്കയിൽനിന്നാണ്‌ ഡോണൾഡ്‌ ഹാരിസ്‌ അമേരിക്കയിലേക്ക്‌ കുടിയേറിയത്‌. 1962ൽ ബെർക്‌ലിയിൽ ആഫ്രോ അമേരിക്കൻ അസോസിയേഷൻ യോഗത്തിനിടെയാണ്‌ ശ്യാമള ഗോപാലനെ പരിചയപ്പെടുന്നത്‌. 1963ൽ വിവാഹിതരായി. കമലയ്‌ക്ക്‌ ആറു വയസ്സുളളപ്പോൾ 1971 ൽ ഇരുവരും പിരിഞ്ഞു. പിന്നീട്‌ ജമൈക്കയിലേക്ക്‌ പോയ ഡോണൾഡ്‌ അവിടെ ജമൈക്കൻ സർക്കാരിന്റെ സാമ്പത്തിക നയ ഉപദേശകനായും പിന്നീട്‌ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായും പ്രവർത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here