ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ട്രാക്‌ടർ മാർച്ചിൽ വൻ സംഘർഷം. പൊലീസ് ലാത്തിച്ചാർജിൽ നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റു. സിംഘുവിൽ നിന്ന് ഗാസിപൂർ വഴി യാത്രതിരിച്ച സംഘം പ്രഗതി മൈതാനിൽ പൊലീസുമായി ഏറ്റുമുട്ടുകയാണ്. ഐ ടി ഒയ്‌ക്ക് മുന്നിലെത്തിയ പ്രതിഷേധക്കാർ പൊലീസ് ബാരിക്കേഡുകൾ മറിച്ചിട്ടു. ഐ ടി ഒയിലുളള കർഷകർ ട്രാക്‌ടറുമായി സെൻട്രൽ ഡൽഹിയിലേക്ക് നീങ്ങുകയാണ്. ഡി ടി ഒ ഓഫീസിന് മുന്നിലെത്തിയ ട്രാക്‌‌ടറുകളുടെ കാറ്റ് പൊലീസ് അഴിച്ചുവിട്ടു. ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിനും കണ്ടെയ്‌നറുകൾക്കും നേരെ കർഷകർ ആക്രമണം നടത്തി.മൂന്നു വഴികളാണ് മാർച്ച് നടത്താനായി ഡൽഹി പൊലീസ് കർഷകർക്ക് അനുവദിച്ചിരുന്നത്. എന്നാൽ ആറിടങ്ങളിൽ നിന്ന് പ്രതിഷേധക്കാർ ഡൽഹിയിലേക്ക് പ്രവേശിച്ചതാണ് സംഘർഷത്തിന് കാരണം. കർഷക സമരത്തിൽ പങ്കെടുക്കാത്തവരും ട്രാക്‌ടർ റാലിക്ക് എത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ശേഷം വൈകുന്നേരം അഞ്ചുമണിവരെയാണ് റാലി നടത്താൻ ഡൽഹി പൊലീസ് സമയം അനുവദിച്ചിരിക്കുന്നത്. നേരത്തെ, ഗാസിപ്പൂരിൽ പൊലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. റിംഗ് റോഡിൽ കൂടി കടന്നുപോകാൻ ശ്രമിച്ച കർഷകരെ പൊലീസ് തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here