സ്വന്തം ലേഖകൻ

കൊച്ചി : സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കോൺഗ്രസ് നേതൃത്വം കടന്നതോടെ സീറ്റ് മോഹികളുടെ വൻ നിര. എറണാകുളം ജില്ലയിലാണ് കോൺഗ്രസ് നേതാക്കളുടെ കണ്ണുകളെല്ലാം. വൈപ്പിൻ സീറ്റിനായി ഒരു വൻ സംഘം കാത്തിരിക്കയാണ്. അജയ് തറയിൽ, കെ പി ധനപാലൻ, ഡൊമനിക് പ്രസന്റേഷൻ എന്നിവർ തൊട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ വരെയാണ് പട്ടികയിൽ. 

 
സിറ്റിംഗ് എം എൽ എമാർ തുടരണമെന്നാണ് ഹൈക്കമാന്റിന്റെ നിർദ്ദേശം. അതിനാൽ എറണാകുളം, തൃക്കാക്കര, ആലുവ സീറ്റുകളിൽ മാറ്റമുണ്ടാവില്ല. തൃക്കാക്കര സീറ്റിൽ പി ടി തോമസ് മൽസരിക്കുന്നില്ലെങ്കിൽ താല്പര്യമുണ്ടെന്നറിയിച്ച് ഒരു ഡസൻ പേരെങ്കിലും തയ്യാറായിക്കഴിഞ്ഞു. പി ടി തോമസ് ആരോഗ്യപരമായ കാരണങ്ങളാൽ മാറി നിന്നേക്കുമെന്ന കിംവദന്തികൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണിത്.

പശ്ചമിമകൊച്ചിയിൽ പൊതുസമ്മതനായ ഒരു നേതാവിനെ നിർത്തിയാൽ കൈവിട്ടുപോയ മണ്ഡലം തിരികെ പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. മുൻ കൊച്ചി മേയർ ടോണി ചമ്മിണി മണ്ഡലത്തിൽ മൽസരിക്കാനുള്ള സാധ്യതയാണിപ്പോഴുള്ളത്. മുൻ മന്ത്രിയും നിലവിൽ യു ഡി എഫ് ജില്ലാ കൺവീനറുമായ ഡൊമനിക് പ്രസന്റേഷനാണ് കൊച്ചിയിൽ കഴിഞ്ഞ തവണ മൽസരിച്ചിരുന്നത്. ആയിരത്തിൽ പരം വോട്ടുകൾക്ക് സി പി എമ്മിലെ കെ ജെ മാക്‌സിയോട് തോറ്റു. അതോടെ ഡൊമനിക് പ്രസന്റേഷന് കൊച്ചി മടുത്തു. ഇതുമനസിലാക്കിയാണ് ടോണി ചമ്മിണിയുടെ നീക്കം. എന്നാൽ മറ്റു ചില പേരുകളും കൊച്ചി സീറ്റിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.

കോൺഗ്രസിന്റെ ഉള്ളം കയ്യിലിരുന്ന സീറ്റായിരുന്നു തൃപ്പൂണിത്തുറ. അഴിമതിയാരോപണത്തിൽ പെട്ട് ആടിയുലഞ്ഞ മുൻമന്ത്രി കെ ബാബു വിനെ തോൽപ്പിച്ച് യുവ നേതാവ് എം സ്വരാജ് തൃപ്പൂണിത്തുറയിലെ കോൺഗ്രസ് കോട്ട തകർത്തു. ഇത്തവണയും മൽസരിക്കാനുള്ള നീക്കത്തിലാണ് കെ ബാബു. എന്നാൽ സ്വരാജിനെ തകർക്കണമമെങ്കിൽ ക്ലീൻ ഇമേജുള്ള മറ്റൊരു നേതാവിനെ ഇവിടെ അവതരിപ്പിക്കണം. കോൺഗ്രസ് നേതാവും കൊച്ചി കോർപ്പറേഷൻ കൗൺസലറുമൊക്കെയായിരുന്ന എ വി സാബുവിനാണ് തൃപ്പൂണിത്തുറയിൽ കണ്ണുള്ളത്.

മൂവാറ്റുപുഴയിലാണ് വലിയൊരു സംഘം കാത്തിരിക്കുന്നത്. കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ ഉൾപ്പെടെയുള്ളവർ സ്ഥാനാർത്ഥിപട്ടികയിലുണ്ട്.  കളമശ്ശേരി മുസ്ലിംലീഗിന്റെ മണ്ഡലമാണ്. ഇത്തവണ വി കെ ഇബ്രാഹിംകുഞ്ഞിന് പകരം ആരായിരിക്കും മൽസര രംഗത്തുണ്ടാവുകയെന്നതും യു ഡി എഫിൽ പ്രധാന ചർച്ചയാണ്. കളമശ്ശേരിയിൽ പൊതുസ്വീകാര്യതയുള്ള  സ്ഥാനാർത്ഥിവരണമെന്നാണ് യു ഡി എഫ് നേതൃത്വം മുസ്ലിംലീഗിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അഴിമതി കേസിൽ ആരോപണം നേരിടുന്ന വി കെ ഇബ്രാഹിംകുഞ്ഞിനെ പൂർണമമായും മാറ്റി നിർത്തണമെന്നാണ് ആവശ്യം.

ആലുവ, പറവൂർ, പെരുമ്പാവൂർ മണ്ഡലങ്ങൾ സുരക്ഷിതമാണ്. കുന്നത്തുനാടും സുരക്ഷിതമാണെങ്കിലും ട്വന്റി-20 സ്ഥാനാർത്ഥിയെ നിർത്തിയാൽ സ്ഥിതി പരുങ്ങലിലാവും. അങ്കമാലിയിൽ നിലവിൽ സ്ഥിതി സുരക്ഷിതമാണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. പിറവം കേരളാ കോൺഗ്രസ് ജേക്കബ്ബിന്റെ സീറ്റാണ്. ജോണി നെല്ലൂർ വിഭാഗം പിരിഞ്ഞുപോയങ്കിലും യു ഡി എഫിൽ അവർ തുടരുന്നതിനാൽ മറ്റ് ഭീഷണികളില്ല.
വൈപ്പിൻ, തൃപ്പൂണിത്തുറ, കൊച്ചി മണ്ഡലങ്ങൾ തിരിച്ചുപിടിക്കുക,  നിലവിൽ ഭീഷണിയുള്ള മണ്ഡലങ്ങൾ സംരക്ഷിക്കുക, ഇതാണ് യു ഡി എഫ് ലക്ഷ്യമിടുന്നതെന്നാണ് നേതാക്കൾ പറയുന്നത്. ഗ്രൂപ്പ് സമവാക്യങ്ങൾ പ്രധാന അജണ്ടയായി വന്നില്ലെങ്കിൽ എറണാകുളം യു ഡി എഫിന്റെ സുരക്ഷിത ജില്ലയായി നിലനിർത്താൻ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here