മുഹമ്മദ് സലിം 
 

കാലിഫോർണിയയിലെ സാക്രമെന്റോ സിറ്റിയിലെ ഡേവിസ് സെൻട്രൽ പാർക്കിൽ സ്ഥാപിച്ചിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്ത നടപടി ഞെട്ടിപ്പിയ്ക്കുന്നതും, വേദനിപ്പിക്കുന്നതും അപലപനീയവുമാണെന്നു അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമാ. ഇന്ത്യയുടെ രാഷ്ട്രപതി മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ലോകം ശ്രദ്ധാഞ്ജലി അർപ്പിക്കുമ്പോൾ,  അദ്ദേഹത്തിന്റെ പ്രതിമ തകർത്തത് നിന്ദ്യവും, നീചവുമായ പ്രവൃത്തിയാണെന്നും പ്രതിമ തകർത്തവർക്കെതിരെ  ശക്തമായ നിയമ നടപടിയെടുക്കണമെന്നും  ഫോമാ ആവശ്യപ്പെട്ടു.

 

സത്യത്തിനും, അഹിംസക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാനായ മനുഷ്യ സ്നേഹിയെ  അപമാനിക്കുക വഴി ലോകത്തിനു മുൻപാകെ ഇന്ത്യയെയും, ഭാരതീയ മൂല്യങ്ങളെയും, ഇകഴ്ത്തി കാട്ടാനുള്ള ശ്രമങ്ങൾ വിലപ്പോകുകയില്ല. മഹാത്മാ ഗാന്ധി ഇന്ത്യയുടെ  രാഷ്ട്രപിതാവ് മാത്രമല്ല, ലോകം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന, തന്റെ ജീവിതമാണ് തന്റെ സന്ദേശം എന്ന പ്രചരിപ്പിച്ച, ലളിത ജീവിതം കൊണ്ട് ലോകത്തിനു മാതൃകയായ മഹാ പുരുഷനാണ്. അദ്ദേഹത്തിന്റെ പ്രതിമയെ അപമാനിക്കുകയും, കാലുകൾ മുറിച്ചുമാറ്റി നശിപ്പിക്കുകയും ചെയ്യുന്നത് കൊണ്ട് അദ്ദേഹം ലോകത്തിനും, ഭാരതീയർക്കും നൽകിയ സന്ദേശങ്ങളും, സംഭാവനകളും ഇല്ലാതാക്കുകയോ, തുടച്ചുമാറ്റാനോ കഴിയില്ല. ഒരു സാധാരണ  അഭിഭാഷകനിൽ നിന്ന് ഒരു രാജ്യത്തിന്റെ  നേതാവിലേക്കും അഹിംസയുടെ ആൾരൂപമായി ലോകം മുഴുവൻ ബഹുമാനിക്കുന്ന ആദർശവ്യക്തിയിലേയ്ക്കുമുള്ള അദ്ദേഹത്തിന്റെ  വളർച്ച എല്ലാ ഭാരതീയർക്കും ഇന്നും പ്രചോദനമാണ്.

 

തന്റെ ലളിത ജീവിതം കൊണ്ട് കോടാനുകോടി ജനങ്ങളുടെ ജീവിതങ്ങൾക്ക് വഴികാട്ടിയും സന്ദേശവുമായ മഹാത്മാവിന്റെ പ്രതിമ തകർത്തവരെ കണ്ടു പിടിച്ചു തക്കതായ ശിക്ഷണ നടപടികൾ ആഭ്യന്തര വകുപ്പും എഫ്.ബി.ഐയും സ്വീകരിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്,

ജനറൽ  സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ  , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ  എന്നിവർ ഫോമയുടെ നാഷണൽ കമ്മിറ്റിക്കു വേണ്ടി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here