ഡൈറാഡൂൺ: മഞ്ഞുമല തകര്‍ന്നതിനെ തുടര്‍ന്ന് അതിശക്തമായ വെള്ളപ്പൊക്കമുണ്ടായ ഉത്തരാഖണ്ഡില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. വ്യോമസേയും കരസേനയും ഐടിബിപി ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാ പ്രവര്‍ത്തനത്തിന് വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകള്‍ രംഗത്തുണ്ട്. എന്‍ഡിആര്‍എഫിന്റെ നാല് സംഘവും ഉടന്‍ ഉത്തരാഖണ്ഡിലേക്ക് എത്തും.

600 ഓളം സൈനികര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം വെള്ളപ്പൊക്കമുണ്ടായ തപോവന്‍, റെനി പ്രദേശങ്ങളില്‍ ഐടിബിപി ഉദ്യോഗസ്ഥര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. 200 ലധികം ജവാന്‍മാര്‍ പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐടിബിപി വക്താവ് പറഞ്ഞു.

അപകടത്തില്‍ 100- 150 പേര്‍ മരിച്ചതായി സംശയിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. അളകനന്ദയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. നൂറോളം നിര്‍മാണ തൊഴിലാളികളെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. നദിയില്‍ നിന്ന് പത്തോളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഐടിബിപി ഡിജി എസ്.എസ്. ദേശ്‌വാള്‍ പറഞ്ഞു.

അപകടത്തില്‍ ധൗളിഗംഗയുടെ തീരങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഗംഗാതടത്തില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചമോലിയ്ക്ക് അടുത്തുള്ള റെജി ഗ്രാമത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളും ധൗളിഗംഗയുടെ തീരത്തെ ചില ഗ്രാമങ്ങളും ഒഴിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here