ദുബായ്: യുഎഇയുടെ ചൊവ്വാ പര്യവേഷണ ഉപഗ്രഹം ‘ഹോപ്പ് പ്രോബ്(അൽ അമൽ)’ ഓർബിറ്റർ വിജയകരമായി ഭ്രമണപഥത്തിൽ പ്രവേശിച്ചു.എമിറേറ്റ്സ് മാർസ് മിഷൻ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതായി യുഎഇയുടെ ബഹിരാകാശ കേന്ദ്രമായ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ അധികൃതർ അറിയിച്ചു. ഇതോടെ വിജയകരമായി ചൊവ്വാ ദൗത്യം പൂർത്തിയാക്കുന്ന അഞ്ചാമത്തെ രാജ്യമായി യുഎഇ മാറിയിരിക്കുകയാണ്.ഏഴു മാസങ്ങൾ യാത്ര ചെയ്ത്, 300 മില്ല്യൺ മൈലുകൾ താണ്ടിയാണ് ഹോപ്പ് പ്രോബ് ഓർബിറ്റർ ചൊവ്വയെ ഭ്രമണം ചെയ്യാൻ തുടങ്ങിയത്. ഏറെ ആശങ്കയോടെയാണ് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞർ ചൊവ്വാ ദൗത്യം വിജയമായി എന്ന സന്ദേശം ഭൂമിയിലേക്ക് എത്തുന്നതിനായി കാത്തിരുന്നത്. സന്ദേശമെത്താൻ ഏതാനും മിനിറ്റുകളെടുത്തു. ചൊവ്വയുടെ അന്തരീക്ഷത്തെ കുറിച്ച് വിശദമായ പഠനം നടത്താനാണ് ഹോപ്പിലൂടെ യുഎഇ ലക്ഷ്യമിടുന്നത്.

200 മില്ല്യൺ ഡോളർ ചിലവിട്ടാണ് ചൊവ്വാ ദൗത്യം രാജ്യം യാഥാർഥ്യത്തിലേക്കെത്തിച്ചത്. അറബ് മേഖലയിൽ നിന്നുമുള്ള ആദ്യത്തെ ഇന്റർപ്ലാനറ്ററി ദൗത്യം കൂടിയാണ് ‘എമിറേറ്റ്സ് മാർസ് മിഷൻ’.വരും ദിവസങ്ങളിൽ ചൈനയിൽ നിന്നും അമേരിക്കയിൽ നിന്നും യാത്രികരെ കൂടാതെയുള്ള രണ്ട് ബഹിരാകാശ വാഹനങ്ങൾ ചൊവ്വയിലേക്ക് എത്തിച്ചേരുന്നുണ്ട്. യുഎഇയുടെയും ചൈനയുടെയും അമേരിക്കയുടെയും ബഹിരാകാശ വാഹനങ്ങൾ കഴിഞ്ഞ വർഷം ജൂലായിലാണ് ഭൂമി വിട്ടത്. ഭൂമിയോടു ചൊവ്വ ഏറ്റവും അടുത്ത് നിൽക്കുന്ന സമയം നോക്കിയായിരുന്നു രാജ്യങ്ങൾ തങ്ങളുടെ ബഹിരാകാശ വാഹനങ്ങൾ വിക്ഷേപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here