കൊല്ലം/പത്തനംതിട്ട: കൊല്ലത്ത് നിലവിലെ എം എൽ എയും നടനുമായ മുകേഷിനെ വീണ്ടും മത്സരിപ്പിക്കാൻ സി പി എം ജില്ലാ സെക്രട്ടറിയേറ്റിൽ ധാരണയായി. മുകേഷിന് രണ്ടാമൂഴം നൽകാൻ സി പി എം സംസ്ഥാന നേതൃത്വത്തോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ശുപാർശ ചെയ്തു. ഇരവിപുരത്ത് നിലവിലെ എം എൽ എ എം നൗഷാദിന് ഒരു ടേം കൂടി നൽകാനും ജില്ലാ നേതൃയോഗം തീരുമാനിച്ചു.ചവറയിൽ അന്തരിച്ച എം എൽ എ വിജയൻ പിളളയുടെ മകൻ ഡോ സുജിത് വിജയനെ മത്സരിപ്പിക്കാനാണ് ധാരണ. സുജിത്തിനെ സി പി എം ചിഹ്നത്തിൽ മത്സരിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാൻ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു.

കുന്നത്തൂർ സീറ്റ് ഏറ്റെടുക്കേണ്ടെന്നും, കോവൂർ കുഞ്ഞുമോൻ മത്സരിച്ചാൽ പിന്തുണയ്‌ക്കാനും ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.കുണ്ടറയിൽ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ഇളവ് നൽകാനും സി പി എം ജില്ലാ നേതൃയോഗം സംസ്ഥാന കമ്മിറ്റിയോട് ആഭ്യർത്ഥിച്ചു. മേഴ്‌സിക്കുട്ടിയമ്മയ്‌ക്ക് ഒരു ടേം കൂടി നൽകണമെന്ന് നിർദേശം ഉയർന്നു. ജി സുധാകരനും തോമസ് ഐസക്കിനും നൽകുന്നതുപോലെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കും ഇളവ് നൽകണമെന്നാണ് ആവശ്യം. മേഴ്‌സിക്കുട്ടിയമ്മയെ മാറ്റിയാൽ എസ് എൽ സജികുമാറിനെയോ ചിന്ത ജെറോമിനെയോ മണ്ഡലത്തിൽ പരിഗണിക്കും.കൊട്ടാരക്കരയിൽ ഐഷാ പോറ്റിയെ വീണ്ടും സ്ഥാനാർത്ഥിയാക്കാനാണ് ധാരണ. കെ എൻ ബാലഗോപാലിന്റെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്. പട്ടികയിലെ ആദ്യ പേരുകാരനാകും ബാലഗോപാൽ. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് ബാലഗോപാൽ. അതിനാൽ സെക്രട്ടറിയേറ്റ് അംഗങ്ങളിൽ ആരൊക്കെ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്.

മൂന്നു തവണ മത്സരിച്ച ഐഷാപോറ്റി മത്സര രംഗത്തു നിന്നും ഒഴിവാകാൻ താത്പര്യം അറിയിച്ചിരുന്നു.പത്തനംതിട്ട ജില്ലയിലും സി പി എം സ്ഥാനാർത്ഥികളുടെ സാദ്ധ്യതാ പട്ടികയായി. ആറന്മുളയിലും കോന്നിയിലും നിലവിലെ എം എൽ എമാരായ വീണ ജോർജിനെയും കെ യു ജനീഷ് കുമാറിനേയും വീണ്ടും മത്സരിപ്പിക്കാൻ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി.റാന്നി കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് വിട്ടുകൊടുക്കുന്നതിൽ ജില്ലാ സെക്രട്ടറിയേറ്റിൽ എതിർപ്പുയർന്നു.റാന്നി സീറ്റിൽ വീണ്ടും രാജു എബ്രഹാമിനെ മത്സരിപ്പിക്കണമെന്നാണ് നിർദേശം ഉയർന്നത്. ഒരു തവണ കൂടി രാജു എബ്രഹാമിന് മത്സരിക്കാൻ അനുമതി കൊടുക്കണമെന്നും, അതിനായി മാനദണ്ഡത്തിൽ ഇളവ് അനുവദിക്കണമെന്നുമാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം ശുപാർശ ചെയ്‌തത്. തുടർച്ചയായി അഞ്ചു തവണ രാജു എബ്രഹാം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here