വാഷിങ്ടൻ ഡിസി: അമേരിക്കൻ അതിർത്തി പ്രദേശങ്ങളിൽ അനധികൃത കുടിയേറ്റക്കാരുടേയും മാതാപിതാക്കൾ ഇല്ലാത്ത കുട്ടികളുടേയും സുനാമിയാണു രൂപപ്പെട്ടിരിക്കുന്നതെന്നു മുൻ പ്രസിഡന്റ് ട്രംപ്.ബൈഡൻ ഭരണകൂടം കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിൽ തികച്ചും പരാജയപ്പെട്ടിരിക്കുന്നുവെന്നും മാർച്ച് 5 വെള്ളിയാഴ്ച ട്രംപ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
നമ്മുടെ അതിർത്തി പ്രദേശങ്ങൾ ഇപ്പോൾ യാതൊരു നിയന്ത്രണവും ഇല്ലാത്ത സ്ഥിതിയിലെത്തിയിരിക്കുന്നു. നമ്മുടെ ബോർഡർ പെട്രോൾ, ഐസിഇ ഏജന്റുമാർ തികച്ചും അവഗണിക്കപ്പെടുകയോ, അനഭിമതരാകുകയോ ചെയ്തിരിക്കുന്നു. നമ്മുടെ രാജ്യത്തു പ്രവേശിക്കാൻ അർഹതയില്ലാത്തവരുടെ എണ്ണം മണിക്കൂറുകളല്ല, മിനിട്ടുകൾക്കുള്ളിൽ വർധിച്ചു വഷളായിക്കൊണ്ടിരിക്കുന്നു.

അതിർത്തി പ്രദേശങ്ങളിലെ സമീപ സിറ്റികളിൽ ബൈഡൻ ഭരണകൂടം സ്വതന്ത്രരാക്കി വിട്ടയക്കുന്ന കുടിയേറ്റക്കാരിൽ കൊറോണ വൈറസ് പോസിറ്റിവാണെന്നു കണ്ടെത്തിയിട്ട് അവരെ തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ കഴിയാതെ ലോക്കൽ ഭരണകൂടം വിഷമ സന്ധിയെ നേരിടുന്നു. ഈയിടെ ടെക്സസ് –മെക്സിക്കോ അതിർത്തി സിറ്റിയിൽ വിട്ടയച്ച കുടിയേറ്റക്കാരിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ അവസ്ഥ ട്രംപ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും സുരക്ഷിതമായിരുന്ന നമ്മുടെ അതിർത്തി ബൈഡന്റെ ഭരണതുടക്കത്തിൽ തന്നെ കൂടുതൽ അപകടകരമായ സ്ഥിതിയിലെത്തിയിരിക്കുന്നു. ബൈഡൻ ഭരണത്തിൽ കയറിയത് ഭരണഘടനക്ക് വിധേയമായി പ്രവർത്തിക്കുന്നതിനും നിയമങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ്. എന്നാൽ ഇപ്പോൾ അതെല്ലാം ലംഘിക്കപ്പെട്ടിരിക്കുന്നു.– ട്രംപ് പറഞ്ഞു.

ട്രംപിന്റെ ഉപദേശമോ, കൗൺസിലിങ്ങോ ഈ വിഷയത്തിൽ വേണ്ടാ എന്നാണു ബൈഡന്റെ പ്രസ് സെക്രട്ടറി ജൻസാക്കി പ്രതികരിച്ചത്. മാനുഷിക പരിഗണന നൽകി എല്ലാവരേയും സംരക്ഷിക്കുമെന്നും ഇവർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here