ന്യൂഡല്‍ഹി: ഇന്ത്യ, യു.എസ്, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിന്റെ ആദ്യ ഓണ്‍ലൈന്‍ ഉച്ചകോടി ഇന്നു നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവര്‍ പങ്കെടുക്കും. 

അമേരിക്കയില്‍ വികസിപ്പിക്കുന്ന വാക്‌സീനുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് സംബന്ധിച്ച് ഉച്ചകോടിയില്‍ ധാരണയാകുമെന്നാണു റിപ്പോര്‍ട്ട്.  യുഎസില്‍ വികസിപ്പിക്കുന്ന വാക്‌സീനുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിന് അമേരിക്കയും ജപ്പാനും സാമ്പത്തിക സഹായം നല്‍കും. ഓസ്‌ട്രേലിയ ഇതിനുള്ള പിന്തുണ നല്‍കുകയും ചെയ്യും. മേഖലയില്‍ ചൈനയ്ക്കുള്ള സ്വാധീനം ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്തോ-പസിഫിക് മേഖലയില്‍ ഇന്ത്യന്‍ നിര്‍മാണ ഹബ്ബ് ആകുകയും നിര്‍ണായക കയറ്റുമതി സാന്നിധ്യമാകുകയും ചെയ്യും.

അമേരിക്കന്‍ ഫാര്‍മ വമ്പന്മാരായ നോവവാക്‌സ്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവര്‍ വികസിപ്പിക്കുന്ന വാക്‌സീനുകള്‍ ഇന്ത്യന്‍ കമ്പനികള്‍ നിര്‍മിക്കുന്നതു സംബന്ധിച്ചുള്ള ധാരണകളാവും ഉണ്ടാകുകയെന്ന് യുഎസ് അധികൃതര്‍ പറയുന്നു. ചൈനയുടെ വാകീസന്‍ നയതന്ത്രത്തെ ചെറുക്കാന്‍ വാക്‌സീന്‍ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഇന്ത്യ മൂന്നു രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു.

ഇന്തോ-പസിഫിക് മേഖലയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന സൈനിക, സാമ്പത്തിക സ്വാധീനം സംബന്ധിച്ച ആശങ്കകള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. കോവിഡ് നിയന്ത്രണം, സാങ്കേതികവിദ്യ, സമുദ്ര സുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ ആശയങ്ങള്‍ പങ്കുവയ്ക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here