വാഷിങ്‌ടൺ: രണ്ട്‌ ഡോസ്‌ കോവിഡ്‌ വാക്സിൻ സ്വീകരിച്ചവർപോലും ഇന്ത്യയിലേക്ക്‌ പോകരുതെന്ന്‌ അമേരിക്ക. ഇന്ത്യയിലെ കോവിഡ്‌ സാഹചര്യം അത്രമേൽ ഭീതിദമാണെന്നും സെന്റർ ഫോർ ഡിസീസ്‌ കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ യുഎസ്‌ പൗരർക്ക്‌ മുന്നറിയിപ്പ്‌ നൽകി. തിങ്കളാഴ്ച പുറത്തിറക്കിയ മാർഗനിർദേശത്തിലാണ്‌ ഇക്കാര്യമുള്ളത്‌.

ഒഴിവാക്കാനാകാത്ത യാത്രയെങ്കിൽ രണ്ട്‌ ഡോസ്‌ വാക്സിനും സ്വീകരിച്ചശേഷംമാത്രം പോകണം. യാത്രയിലുടനീളം മാസ്ക്‌ ധരിക്കുകയും കോവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യണം. എന്നിരുന്നാലും ഇന്ത്യയിൽവച്ച്‌ രോഗബാധിതരും രോഗവാഹകരുമാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

സിഡിസി മാർഗനിർദേശത്തിന്‌ അനുസൃതമായി യാത്രാ മാർഗരേഖ പുതുക്കുമെന്ന്‌ ആഭ്യന്തര വകുപ്പും വ്യക്തമാക്കി. കോവിഡ്‌ തീവ്രവ്യാപവും മരണസംഖ്യ ഉയരുന്നതും കണക്കിലെടുത്ത്‌‌ 80 ശതമാനം രാജ്യങ്ങളിലേക്കും യാത്ര സുരക്ഷിതമല്ലെന്നും ആഭ്യന്തര വകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി. അന്താരാഷ്ട്ര യാത്ര പൂർണമായും ഒഴിവാക്കുന്നതാണ്‌ ഉത്തമം.

തിങ്കളാഴ്ച ബ്രിട്ടനും ഇന്ത്യയെ ‘യാത്രാ റെഡ്‌ ലിസ്‌റ്റി’ൽ ഉൾപ്പെടുത്തിയിരുന്നു. ഇത്‌ പ്രകാരം ഇന്ത്യയിൽനിന്ന്‌ ബ്രിട്ടനിലേക്കുള്ള യാത്ര നിരോധിച്ചു. ഇന്ത്യ സന്ദർശിച്ച്‌ മടങ്ങിയെത്തുന്ന ബ്രിട്ടീഷ്‌ പൗരർക്ക്‌ 10 ദിവസം ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാക്കി. ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക്‌ ന്യൂസിലൻഡും വിലക്ക്‌ ഏർപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here