ഫ്രാൻസിസ് തടത്തിൽ 
 
ന്യൂജേഴ്‌സി: മകൾക്കൊപ്പം നാട്ടിലേക്ക് പോയ ഗ്രീൻ കാർഡുള്ള അമേരിക്കൻ മലയാളിയെ അബുദാബിയിൽ വച്ച് ചെക്ക് കേസിലെ പ്രതിയെന്ന് തെറ്റിദ്ധരിച്ച് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത 62 വയസുകാരനെ പുറം ലോകത്തെ അറിയിക്കാതെ  ഒരാഴ്ച്ചയോളം ആവശ്യമരുന്നുകൾ പോലും നൽകാതെ പീഡിപ്പിച്ചു. ഒരാഴ്ച്ചയ്ക്കു ശേഷം നിരപരാധിയെന്ന് കണ്ട് നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്ത് അബുദാബി വിമാനത്താവളത്തിനുള്ളിൽ ഇറക്കി വിട്ടശേഷം അബുദാബി പോലീസ് സ്ഥലം വിട്ടു. കസ്റ്റഡിയിൽ എടുത്തതിനും നിരപരാധിയാണെന്ന് കണ്ടെത്തിയെന്നതിനും യാതൊരു രേഖകളും നൽകാതെയാണ് അദ്ദേഹത്തെ അബുദാബി വിമാനത്താവളത്തിൽ അബുദാബി പോലീസ്  ഇറക്കി വിട്ടത്.
 
നിരപരാധിയായ അമേരിക്കൻ മലയാളിക്ക് വിനയായത്  അബുദാബിയിൽ ചെക്ക് കേസിൽ  തട്ടിപ്പു നടത്തി മുങ്ങിയ മറ്റൊരു മലയാളിയുടെ പേരുമായി അദ്ദേഹത്തിന്റെ പേരിനു സാമ്യമുള്ളളതുകൊണ്ടായിരുന്നുവെന്ന് പിന്നീട് അറിയാൻ കഴിഞ്ഞു. എന്നാൽ കഴിഞ്ഞ 20 വർഷക്കാലമായി റോക്ക്ലാൻഡിലെ കോൺഗേഴ്സ് സിറ്റിയിൽ താമസിച്ചു വരുന്ന ഇദ്ദേഹം ഇക്കാലയളവിൽ ഒരിക്കൽപോലും അബുദാബിയിലോ മറ്റേതെങ്കിലും ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുകയോ സന്ദർശിക്കുകയോ ചെയ്തിട്ടില്ലെന്നതാണ് വാസ്തവം.
 
ഒരാഴ്ചയോളം ഗൾഫിലെ അഞ്ജാത കേന്ദത്തിൽ വച്ച് മാനസികമായി പീഡിപ്പിക്കപ്പെട്ട 62 കാരന്റെ ദയനീയമായ കഥ ഇങ്ങനെയാണ്:
( ഇപ്പോഴും ഭയം വിട്ടുമാറാത്ത ഈ 62 വയസുകാരൻ അടുത്ത മാസം അമേരിക്കയിലേക്ക്ക്കുമടക്കയാത്ര നടത്താനിരിക്കുകയാണ്. ഭയം മൂലം പേരു വെളിപ്പെടുത്താൻ തയാറാകാത്ത അദ്ദേഹം താൻ കടന്നുപോയ ഭീകരമായ പീഡനത്തിന്റെ കഥ മറ്റാർക്കും ഉണ്ടാകരുത് എന്ന  മുന്നറിയിപ്പ് നൽകുവാനാണ്‌ കേരള ടൈംസുമായി തന്റെ അനുഭവം പങ്കുവച്ചത്.  അദ്ദേഹത്തിന്റെ യഥാർത്ഥ പേര്  വെളിപ്പെടുത്താൻ താല്പര്യമില്ലാത്തതിനാൽ ‘തോമസ് മാത്യു’ എന്ന് സങ്കല്പ്പികമായി അദ്ദേഹത്തെ വിളിക്കാം.)
 
 
കസ്റ്റഡി രേഖകൾ നൽകാതെ ഇമ്മിഗ്രേഷൻ ഗേറ്റിന് മുൻപിൽ ഇറക്കി വിട്ടശേഷം അബുദാബി പോലീസ് സ്ഥലം വിട്ടു
 
 
 
കഴിഞ്ഞ മാസം 20 നാണു തോമസ് മാത്യു ഇളയ മകൾക്കൊപ്പം ജെ.എഫ്.കെ. വിമാനത്താവളത്തിൽ നിന്ന് ഇത്തിഹാദ് വിമാനത്തിൽ കൊച്ചിയിലേക്ക് പുറപ്പെട്ടത്. അബുദാബിയിൽ എത്തിയ ശേഷം കൊച്ചിയിലേക്ക് പുറപ്പെടാനായി ഗേറ്റിൽ കാത്തു നിൽക്കുമ്പോൾ ഇമ്മിഗ്രേഷൻ സംബന്ധമായ ചില വിവരങ്ങൾ ചോദിച്ചറിയാനുണ്ടന്നു പറഞ്ഞു അബുദാബി പൊലീസിലെ ഏതാനും സി.ഐ.ഡി. മാർ അദ്ദേഹത്തെ സമീപിച്ചു. അവർ അദ്ദേഹത്തെ വിമാനത്താവളത്തിനകത്തെ  ഇമ്മിഗ്രേഷൻ ഓഫീസിലേക്ക് കൂട്ടികൊണ്ടുപോയി. തോമസിന് മലയാളമല്ലാതെ മറ്റൊരു ഭാഷയും വശമില്ലാത്തതിനൽ താനും കൂടെ വരാമെന്നു ഒപ്പമുണ്ടായിരുന്ന മകൾ കേണപേക്ഷിച്ചെങ്കിലും അവർ സമ്മതിച്ചില്ല. 
 
വിമാനം പുറപ്പെടാറായിട്ടും തോമസിനെ കാണാത്തതിനാൽ പരിഭ്രാന്തിയിലായ മകൾ ഇമ്മിഗ്രേഷൻ ഓഫിസിൽ എത്തി വിവരങ്ങൾ തിരക്കി. എന്നാൽ ചോദ്യം ചെയ്യൽ പൂർത്തിയായില്ലെന്നും തോമസിനു ആ വിമാനത്തിൽ പോകാൻ കഴിയില്ലെന്നും അവർ അറിയിച്ചു. പേടിച്ചരണ്ട മകൾ ന്യൂയോർക്കിലുള്ള മൂത്ത സഹോദരിയെ വിളിച്ചു. സഹോദരി ഭർത്താവ് ഉടൻ തോമസിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ തന്നെ എന്തിനാണ് ചോദ്യം ചെയ്യുന്നില്ലെന്ന് വ്യക്തമല്ലെന്നും അറിയാവുന്ന ഇംഗ്ലീഷ് വച്ച് ചോദിച്ചപ്പോൾ ഏതോ ചെക്ക് കേസിന്റെ കാര്യമാണെന്നും പറഞ്ഞു. ഉടൻ അദ്ദേഹം ഫോൺ ഒരു പോലീസുകാരന് കൈമാറി. ഇംഗ്ലീഷ് അറിയാത്ത അയാൾ മുറി ഇംഗ്ലീഷിൽ ഒരു ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യാൻ കൊണ്ടുവന്നതെന്നും രേഖകൾ പരിശോധിച്ച ശേഷം തിരിച്ചയക്കുമെന്നും അത് എപ്പോഴാണെന്ന് പറയാനാവില്ലെന്നും അറിയിച്ച ശേഷം  ഫോൺ വച്ചു. തോമസിന്റെ  ലഗേജുകൾ തിരിച്ചിറക്കിയ അവർ അദ്ദേഹത്തിന്റെ മകളെ ആ വിമാനത്തിൽ തന്നെ കയറ്റി അയച്ചു.
 
 
 
പിന്നീട് മൂത്ത മരുമകൻ തോമസിനെ വിളിച്ചപ്പോൾ വിമാനത്താവളത്തിൽ നിന്ന് തന്നെ ഒരു കാറിൽ എവിടേക്കോ കൊണ്ടുപോകുകയാണെന്നു പറഞ്ഞു. എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് ചോദിച്ചറിയാൻ കൂടെയുള്ള ആർക്കെങ്കിലും ഫോൺ കൈമാറാൻ പറഞ്ഞ മാത്രേ മറുപടി ലഭിക്കും മുൻപ് ബാറ്ററി ഡൗൺ ആയതിനെ തുടർന്ന് ഫോൺ ഓഫ് ആയി. അതിനു ശേഷം മൂന്നു ദിവസത്തേക്ക് തോമസിനെക്കുറിച്ച്  യാതൊരു വിവരവും ഉണ്ടായില്ല. പരിഭ്രാന്തരായ നാട്ടിലും അമേരിക്കയിലുമുള്ള ബന്ധുക്കൾ തോമസിനെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ കിട്ടുമോ എന്നറിയാൻ അബുദാബിയിലും അമേരിക്കയിലും കേരളത്തിലുമുള്ള എല്ലാ വിവിധ ബന്ധങ്ങളും ഉപയോഗിച്ച് രാപകലില്ലാതെ ശ്രമം നടത്തിയെങ്കിലും യാതൊരു തുമ്പും കണ്ടെത്താനായില്ല.
 
 എല്ലാ ദിവസവും തോമസിന്റെ ഫോണിലേക്ക് വിളിക്കുമ്പോൾ സ്വിച്ച് ഓഫ് ആണെന്ന മറുപടിയിൽ ബന്ധുക്കൾ ഏറെ ആശങ്കാകുലരായി. അമേരിക്കയിലുള്ള മകളും  മരുമകനും  അബുദാബിയിലും അമേരിക്കയിലും കേരളത്തിലുമുള്ള പല രാഷ്ട്രീയ-സംഘടനാ നേതാക്കളുടെയും സഹായം അഭ്യർത്ഥിച്ചു. അമേരിക്കൻ കോൺസുലേറ്റിനെ സമീപിച്ചപ്പോൾ തോമസ് ഗ്രീൻകാർഡ് ഹോൾഡർ ആയതിനാലും തോമസിന്റെ  ഇന്ത്യൻ പാസ്സ്‌പോർട്ട് ആയതിനാലും  ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ പരാതി നൽകിയെങ്കിലും അന്വേഷിക്കാമെന്നു പറഞ്ഞതല്ലാതെ യാതൊരു തുടർനടപടികളും ഉണ്ടായില്ല. ക്നാനായ അസോസിയേഷന്റെ അബുദാബിയിലെ നേതാക്കന്മാർ വഴി അബുദാബി  കോൺസുലേറ്റിലും ലേറ്റിലും അബുദാബിയിലെ  ഇന്ത്യൻ കോൺസുലേറ്റിലും  അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
 
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള കേരളത്തിലെ പല രാഷ്ട്രീയ നേതാക്കൻമാർ ഇടപെട്ടിട്ടും അദ്ദേഹം എവിടെയാണെന്ന സൂചനപോലും ലഭിച്ചില്ല. ഗൾഫ് രാജ്യങ്ങളിൽ ഏറെ സ്വാധീനമുള്ള പ്രമുഖ വ്യവസായി എം.എ യൂസഫലിയുമായി ബന്ധപ്പെടാൻ ഫൊക്കാനയുടെ മുൻ പ്രസിഡണ്ട് പോൾ കറുകപ്പള്ളി വഴി ശ്രമിച്ചെങ്കിലും അദ്ദേഹം ഹോസ്പിറ്റലിൽ ചികിത്സയിൽ ആണെന്ന മറുപടിയാണ് ലഭിച്ചത്. അതിനാൽ ആ വാതിലും അടഞ്ഞുപോയി. അമേരിക്കയിലെയും കേരളത്തിലെയും അബുദാബിയിലെയും പല രാഷ്ട്രീയ- സംഘടന നേതാക്കന്മാരുടെയും സഹായ വാഗ്ദാനം ലഭിച്ചെങ്കിലും അദ്ദേഹത്തെ എവിടേക്കാണ് കോണ്ടുപോയതെന്നും പോലും അറിയാൻ കഴിഞ്ഞില്ല. അബുദാബിയിൽ മിക്കവാറുമുള്ള മേഖലകളിലെല്ലാം കണ്ണികളുള്ള അബുദാബി  ക്നാനായ അസോസിയേഷൻ അരിച്ചുപെറുക്കി അനേഷിച്ചിട്ടും ഒരു തുമ്പും കണ്ടെത്താനായില്ല. ഇമ്മിഗ്രേഷൻ ഓഫീസിൽ നിന്നും എയർ ലൈൻസ്  ഓഫീസിൽ നിന്നുമുള്ള അന്വേഷണത്തിൽ അദ്ദേഹത്തെ കസ്റ്റഡിയിലെ എടുത്തുവെന്നും അബുദാബി പോലീസ് സി.ഐ.ഡി. ചോദ്യം ചെയ്യാനായി കൊണ്ടുപോയിരിക്കുകയാണെന്നും മനസിലായി. എന്നാൽ എവിടേക്കാണ് കൊണ്ടുപോയതെന്ന് അവർ പറയാൻ തയാറായില്ല. 
 
അങ്ങനെ അനശ്ചിതത്വത്തിൽ കഴിഞ്ഞ മൂന്നു നാളുകൾക്ക് ശേഷം അവിചാരിതമായി മരുമകനു തോമസിനെ ഫോണിൽ കിട്ടിയപ്പോൾ തന്നെ അവർ അബുദാബി വിമാനത്താവളത്തിൽ നിന്നും ഒരുപാട് അകലെയുള്ള  ഏതോ ജയിലിൽ പാർപ്പിച്ചിരിക്കുകയാണെന്നും സാധാരണ എടുക്കാറുള്ള മരുന്നുകൾ ആവശ്യപ്പെട്ടിട്ട്മ തന്നില്ലെന്നും പറഞ്ഞു. ഇട്ട വസ്ത്രം ഇതുവരെ മാറാനും അനുവദിച്ചില്ലെന്നും ഫോൺ ചാർജ് ചെയ്യാൻ പോലും സാധിച്ചില്ലെന്നും തോമസ് ഏറെ ഭയാശങ്കയോടെ പറഞ്ഞു. ഭാഷ അറിയാത്ത തന്നെ പരിഭാഷകൻ പോലുമില്ലാതെയാണ് ചോദ്യം ചെയ്യുന്നതെന്ന് പറഞ്ഞു. ഏതോ ഒരാളിന്റെ  പേരിലുള്ള ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് തന്നെ ചോദ്യം ചെയ്യുന്നതെന്ന് മനസിലാക്കാൻ കഴിഞ്ഞുവെന്നും പറഞ്ഞു.
 
 ഇവിടെ നിന്നും മറ്റെവിടേയ്ക്കോ കൊണ്ടുപോകാൻ തയാറെടുക്കുകയാണെന്ന് അവർ തന്നെ  അറിയിച്ചതായും തോമസ് പറഞ്ഞു. എവിടേക്കാണ്, എന്തിനാണ് തന്നെ കൊണ്ടുപോകുന്നതെന്നറിയില്ല. ആർക്കെങ്കിലും ഫോൺ കൊടുക്കാൻ അമേരിക്കയിലെ മരുമകൻ നിർദ്ദേശിച്ചു. തുടർന്ന് അവിടെയുണ്ടായിരുന്ന ഒരു പോലീസ് ഓഫീസർക്ക് ഫോൺ നൽകി. ഭാഗ്യവശാൽ അയാൾക്ക് ഇംഗ്ലീഷ് നന്നായി അറിയാമായിരിക്കുന്നു. ആ പോലീസ് ഓഫീസറിൽ നിന്നാണ് തോമസ്  എവിടെയാണെന്നും എന്തിനാണ്  അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നും കൃത്യമായി അറിയുന്നത്. 
 
ഒരു ചെക്ക് കേസിന്റെ പേരിലാണ് കസ്റ്റഡിയിലെടുത്തതെന്നും തോമസിന്റെ രേഖകൾ പരിശോധിച്ചപ്പോൾ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടെന്നും ഉടൻ തന്നെ നാട്ടിലേക്ക് തിരിച്ചയക്കുമെന്നും ആ പോലീസ് ഓഫീസർ പറഞ്ഞു. യു.എ എയിലെ തന്നെ റാസൽഖൈമയിലുള്ള ഒരു ഷെൽട്ടർ ഹോമിലാണ് തോമസിനെ താമസിപ്പിച്ചിരുന്നതത്രെ. തോമസിന്റെ അതെ പേരിലുള്ള മറ്റൊരാൾ നടത്തിയ ചെക്ക് തട്ടിപ്പ് കേസിലാണ് ആളുമാറി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നു പറഞ്ഞ പോലീസ് ഉദ്യോഗസ്ഥൻ തോമസിന്റെ പേരും ജനനതിയതിയും കുറ്റവാളിയായി പേരു ചേർക്കപ്പെട്ടയാളുടേതുമായി സാമ്യതയുള്ളതുകൊണ്ടാണ് സംശയം തോന്നി കസ്റ്റഡിയിലെടുക്കേണ്ടി വിശദീകരിച്ചു.
 
അതേസമയം, തോമസ് അബുദാബിയോ യു.എ.എയിലെ മറ്റേതെങ്കിലും സ്ഥലങ്ങളൊന്നും തന്നെ ഇന്നു വരെ സന്ദർശിച്ചിട്ടില്ല.  2004 മുതൽ ഗ്രീൻ കാർഡോടെ അമേരിക്കയിൽ താമസിച്ചു വരുന്ന തോമസ് 2020 വരെ അമേരിക്കയിൽ ഒരു സ്വകാര്യ കമ്പനിയിൽ തുടർച്ചയായി ജോലി ചെയ്തുവരികയായിരുന്നു.. കോവിഡ് മഹാമാരിയെത്തുടർന്ന് 2020 ൽ കമ്പനിയിൽ നിന്ന് ലേ ഓഫ് ചെയ്യപ്പെട്ട അദ്ദേഹം ഒരു മാസത്തെ അവധിക്കാണ് കഴിഞ്ഞ മാസം നാട്ടിലേക്ക് പോയത്. എല്ലാ വർഷവും നാട്ടിൽ പോകുമെന്നല്ലാതെ ഇക്കാലയളവിൽ മറ്റൊരു രാജ്യവും  അദ്ദേഹം സന്ദർശിച്ചിട്ടില്ല.  
 
 
രേഖകൾ വിശദമായ പരിശോധിക്കുകയും വിശദമായ ചോദ്യം ചെയ്തതിൽ നിന്നും തോമസ് നിരപരാധിയാന്നെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എത്രയും വേഗം അദ്ദേഹത്തെ നാട്ടിൽ തിരിച്ചയക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്നു പറഞ്ഞ പോലീസ് ഓഫീസർ തോമസിന്റെ  യാത്ര രേഖകളിൽ ചേർക്കപ്പെട്ടിരുന്ന എല്ലാ ക്രിമിനൽ രേഖകളും നീക്കം ചെയ്തിട്ടുണ്ടെന്നും ആളുമാറി കസ്റ്റഡിയിൽ എടുത്തതാണെന്ന് വ്യകതമാക്കി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു.  
 
 
തോമസിന് മരുന്നുകൾ നൽകണമെന്ന് അഭ്യർത്ഥിച്ചപ്പോൾ മരുന്നുകളുടെ പേരുകൾ ചോദിച്ചറിയുകയും അവ നൽകാമെന്നു ഉറപ്പു നൽകുകയും ചെയ്തു. തോമസിനെ ഉടൻ  അബുദാബി വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു പോലീസ് ഓഫീസർ പറഞ്ഞത്. വളരെ മാന്യമായി പെരുമാറിയ ആ പോലീസ് ഓഫിസർ തോമസിന്റെ കുടുംബാംഗങ്ങളോട് തന്റെ നിസഹായവസ്ഥ അറിയിച്ചു. നിങ്ങളുടെ വിഷമം തനിക്കു മനസിലാകുന്നുണ്ടെന്നും തനിക്ക് കൂടുതലൊന്നും ചെയ്യാനാവില്ലെന്നും പറഞ്ഞ അദ്ദേഹം തനിക്ക് കഴിയുന്നപോലെ എന്തു സഹായവും തോമസിന് നൽകി  അദ്ദേഹത്തെ എത്രയും വേഗം നാട്ടിലെത്തിക്കാമെന്ന് ഉറപ്പു നൽകി.
 
തോമസിനെ അന്ന് തന്നെ കയറ്റി അയക്കാമെന്നു പോലീസ് ഓഫീസർ അറിയിച്ചതിനെത്തുടർന്ന് വീട്ടുകാർ പ്രത്യാശയിലായി. എന്നിരുന്നാലും  ക്നാനായ അസോസിയേഷൻ അബുദാബിയിലെ അവരുടെ നെറ്റ് വർക്ക് ഉപയോഗിച്ച് അദ്ദേഹത്തെ ട്രാക്ക് ചെയ്തുകൊണ്ടിരുന്നു. ഇത്തിഹാദ് എയർ വെയ്‌സിൽ അനേഷിച്ചപ്പോൾ അന്നത്തെ കൊച്ചിയിലേക്കുള്ള  ഇത്തിഹാദ് എയർ വെയ്‌സിന്റെ യാത്രക്കാരുടെ ലിസ്റ്റിൽ  തോമസിന്റെ പേരുണ്ടായിരുന്നില്ലെന്ന് ആറിയാൻ കഴിഞ്ഞു. അതോടെ അവർ വീണ്ടും വിഷമഘട്ടത്തിലായി. റാസൽഖൈമയിൽ നിന്ന് അബുദാബി വിമാനത്താവളത്തിലേക്കെന്നു പറഞ്ഞു കൊണ്ടു പോയ തോമസിനെക്കറിച്ച് പിന്നീട് യാതൊരു വിവരവുമില്ല. തോമസിന്റെ ഫോൺ സ്വിച്ച് ഓഫീലുമാണ്.
 
എന്നാൽ അഞ്ചാം  ദിവസം ഇത്തിഹാദിന്റെ ഓഫീസിൽ നിന്ന് തോമസിന്റെ പേരിൽ ടിക്കറ്റ് ഇഷ്യൂ ചെയ്തതായി അറിയാൻ കഴിഞ്ഞു. രണ്ടു ദിവസം കഴിഞ്ഞുള്ള വിമാനത്തിലേക്കാണ് ടിക്കറ്റ് ഇഷ്യൂ ചെയ്തിരുന്നതെന്നും അറിഞ്ഞു. ടിക്കറ്റ് എടുക്കാനായി തോമസിനക്കൊണ്ട് പോലീസ് ഓഫീസർമാർ ഇത്തിഹാദ് എയർ വെയ്‌സിന്റെ ഓഫീസിൽ എത്തിയപ്പോൾ അവിടെ വച്ച് ഒരു മലയാളി യുവതിയെ തോമസ്  അവിചാരിതമായി കാണാൻ ഇടയായി. അറബി നന്നായി അറിയുന്ന, അവിടെ ജനിച്ചു വളർന്ന അവർ തോമസിനെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥരോട് വിശദമായി ചോദിച്ചറിഞ്ഞു.  ആശങ്കപ്പെടേണ്ടതില്ലെന്നും സംശയത്തിന്റെ പേരിൽ കസ്റ്റഡിയിൽ എടുത്തതാണെന്നെന്നും നിരപരാധിയായെന്ന് ബധ്യപ്പെട്ടെന്നും തുടർന്നുള്ള യാത്ര തടസങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്‌തിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ ആ മലയാളി യുവതി വഴി തോമസിനെ അറിയിച്ചു. 
 
എങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും ജാഗ്രതയോടെ അന്വേഷണം തുടർന്നും. തോമസിനെ കസ്റ്റഡിയിലെടുത്തതിന്റെ ഏഴാം ദിവസം അബുദാബി വിമാനത്താവളത്തിലെ ഇമ്മിഗ്രേഷൻ ഗേറ്റിനു സമീപം തോമസിനെ ഇറക്കി വിട്ടശേഷം അബുദാബി പോലീസ് സ്ഥലം വിടുകയായിരുന്നു. വിശാലമായ അബുദാബി വിമാനത്താവളത്തിൽ ഭാഷയറിയാതെ വലഞ്ഞ തോമസ് ആരുടെയൊക്കെയോ സഹായത്തോടെ കൊച്ചിയിലേക്കുള്ള ഗേറ്റ് കണ്ടു പിടിച്ചു. വിമാനം പോകുന്നതിനു ഏതാനും മിനിറ്റുകൾ മാത്രമുള്ളപ്പോഴാണ് അവർ അദ്ദേഹത്തെ ഗേറ്റിനു സമീപം ഇറക്കി വിട്ടത്. വിമാനത്തിൽ കയറിപ്പറ്റാൻ വേണ്ടി നടത്തിയ ഓട്ടം താൻ ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്ന് നാട്ടിൽ എത്തിയ ശേഷം അദ്ദേഹം പറഞ്ഞു. 
 
ഏറെ ക്ഷീണിച്ചവശനായ  തോമസ് അങ്ങനെ  ഏഴാം ദിവസം നാട്ടിൽ എത്തി. നാട്ടിലെത്തിയ തോമസ് വീട്ടുകാരോട് തന്റെ തിക്താനുഭവങ്ങൾ വിവരിച്ചു. കസ്റ്റഡിയിലായതിനു ശേഷം എല്ലാ  ദിവസവും രണ്ടു നേരം ഭക്ഷണം മാത്രമാണ് അവർ അദ്ദേഹത്തിന്  നൽകിയിരുന്നത്. പ്രഷർ, പ്രമേഹം തുടങ്ങിയവയ്ക്ക് മരുന്നുകൾ കഴിച്ചിരുന്ന തോമസിനു മരുന്നുകൾ പോലും അവർ നൽകാൻ തയാറായില്ല. റാസൽഖൈമയിൽ നിന്ന് മടങ്ങും നേരം മരുമകനുമായി സംസാരിച്ച പോലീസ്ന്റെ ഓഫീസർ മരുന്നുകൾ നൽകാമെന്ന് വാക്ക് നൽകിയെങ്കിലും ഒന്നും നൽകിയില്ല. ബാഗിൽ മരുന്ന് ഉണ്ട് എന്ന് തോമസ് പറഞ്ഞെങ്കിലും അവർ അത് നൽകാൻ തയാറായില്ല. ബാത്ത് റൂമിൽ പോകുന്നതുവരെ പോലീസ് കാവലിലായിരുന്നു. കുളിക്കാൻ അനുവദിച്ചില്ല. കസ്റ്റഡിയിലായ അന്ന് ധരിച്ച വസ്ത്രം പിന്നീടൊരിക്കലും  മാറാനും  അനുവദിച്ചില്ല. 
 
കസ്റ്റഡിയിൽ എടുത്തതിനും  ഏഴു ദിവസം തടവിൽ പാർപ്പിച്ചതു സംബന്ധിച്ചും യാതൊരു രേഖകളും നൽകാതെയാണ് അവർ തോമസിനെ വിട്ടയച്ചത്. അതെ സമയം അബുദാബി സർക്കാരിന്റെ ഇമ്മിഗ്രേഷൻ രേഖകളിൽ തോമസിനെ കസ്റ്റഡിയിലെടുത്തത് തെറ്റിദ്ധാരണമൂലമാണെന്ന് രേഖപ്പെടുത്തിയതായും അറിയുന്നു.
 
 
 
 മറ്റൊരു മലയാളിക്കും ഇത്തരമൊരു ഗതികേട് ഉണ്ടാകരുതെന്ന ആഗ്രഹത്താലാണ് തോമസ് തന്റെ ദുരനുഭവം തുറന്നു പറയുന്നത്. ഒരു നിരപരാധിയായ യാത്രക്കാരനോട് മനുഷ്യാവകാശ ലംഘനം നടത്തിയ അബുദാബി പോലീസിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനിരിക്കുകയാണ് തോമസ്.  തോമസിനെ സഹായിക്കാൻ മുന്നോട്ടുവന്ന അമേരിക്കയിലും അബുദാബിയിലും കേരളത്തിലുമുള്ള  രാഷ്ട്രീയ – സംഘടനരംഗത്തുമുള്ള എല്ലാ മലയാളികളെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.
 

LEAVE A REPLY

Please enter your comment!
Please enter your name here