ന്യൂയോർക്ക്: ഫൊക്കാനയുടെ സമുന്നത നേതാവും വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ സ്ഥാപക നേതാവുമായ കൊച്ചുമ്മൻ ജേക്കബിന്റെ നിര്യാണത്തിൽ കേരള ടൈംസ് മാനേജ്‌മന്റ്  അനുശോചനം രേഖപ്പെടുത്തി. വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ സ്ഥാപക നേതാവായ കൊച്ചുമ്മൻ അസോസിയേഷനെ വളർത്തിക്കൊണ്ടു വരുന്നതിൽ മുഖ്യപങ്കു വഹിച്ച നേതാവായിരുന്നുവെന്ന് കേരളടൈംസ് മാനേജിങ്ങ് ഡയറക്ടർ പോൾ കറുകപ്പള്ളിൽ അനുസ്മരിച്ചു. ഫൊക്കാനയുടെ സജീവ പ്രവർത്തകനായിരുന്ന കൊച്ചുമ്മൻ ഫൊക്കാനയുടെ ആദ്യത്തെ കൺവെൻഷൻ മുതൽ എല്ലാ കൺവെൻഷനുകളിൽകും സജീവമായി പങ്കെടുത്ത നേതാവായിരുന്നു. ഫൊക്കാനയുടെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഫൊക്കാനയോടു നൂറു ശതമാനം കൂറുപുലർത്തിയ കറകളഞ്ഞ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്ന് ഫൊക്കാന മുൻ പ്രസിഡണ്ട്കൂടിയായ പോൾ കറുകപ്പള്ളിൽ പറഞ്ഞു.
എം.ടി.എ യിൽ തന്റെ സഹപ്രവർത്തകനായിരുന്ന കൊച്ചുമ്മൻ അവിടെ സൂപ്പർവൈസർ ആയി സേവനമനുഷ്ഠിച്ചിരിക്കെ ആണ് ജോലിയിൽ നിന്ന് വിരമിക്കയുന്നത്. രോഗാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിക്കും മുമ്പുവരെ താനുമായി നിരന്തരം ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന കൊച്ചുമ്മൻ ഫ്ലോറിഡയിൽ നടക്കാനിരിക്കുന്ന അടുത്ത കൺവെൻഷനിൽ പങ്കെടുക്കാൻ ഒരുമിച്ചു പോകണമെന്ന ആഗ്രഹവും രേഖപ്പെടുത്തിയിരുന്നു. എല്ലാ കൺവെൻഷനും അദ്ദേഹം തന്നോടൊപ്പമാണ് വന്നിരുന്നതെന്നും പോൾ കറുകപ്പള്ളിൽ കൂട്ടിച്ചേർത്തു. 
 
ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടശേഷം ആരെയും കാണാൻ കഴിയാത്തതിൽ വലിയ ദുഖത്തിലായിരുന്നു കൊച്ചുമ്മൻ. രോഗം മൂർച്ഛിക്കും മുമ്പുവരെ ഫോണിൽ നേരിട്ട് സംസാരിക്കുമായിരുന്നു. സംഘടനാ പ്രവർത്തനങ്ങളിൽ എന്ന പോലെ എല്ലാ കാര്യങ്ങളിലും നൂറു ശതമാനം ആത്മാർത്ഥത പുലർത്തുന്ന ഒരു നല്ല മനുഷ്യസ്നേഹിയായിരുന്നു കൊച്ചുമ്മൻ. ഓർത്തഡോക്സ് സഭയുടെ പ്രത്യേകിച്ച് പോർചെസ്റ്റർ സെന്റ് ഗ്രിഗോറീസ്  ചർച്ചിന്റെ വളർച്ചയിൽ അദ്ദേഹം മാതൃകാപരമായ സേവനങ്ങൾ ചെയ്തിട്ടുണ്ട്. പോർചെസ്റ്റർ സെന്റ് ഗ്രിഗോറീസ്  ചർച്ചിന്റെ സ്ഥാപകരിൽ ഒരാൾകൂടിയാണ് കൊച്ചുമ്മൻ. വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിഷന്റെ മുൻ പ്രസിഡണ്ട് കൂടിയായ കൊച്ചുമ്മൻ അവസാന കാലം വരെ അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടൽ നടത്തിയിരുന്നു. 
അസോസിയേഷൻ സീനിയർ നേതാവ് എന്ന നിലയിൽ ഇപ്പോഴത്തെ നേതൃത്വത്തിന് എന്നും മാർഗദർശിയായിരുന്നു അദ്ദേഹം. ന്യൂ യോർക്ക് ട്രാൻസിസ്‌റ് അതോറിറ്റിയിൽ നിന്നും വിരമിച്ച  ശേഷവും  സാമൂഹ്യ-സാംസ്‌കാരിക-സംഘടനാ-ചാരിറ്റി പ്രവർത്തനങ്ങളിൽ ഏറെ സജീവമായിരുന്നു അദ്ദേഹം.. കേരളത്തിൽ നിരവധിയായ കാരുണ്യ പ്രവർത്തങ്ങൾക്ക് കൊച്ചുമ്മൻ  ഇപ്പോഴും നേതൃത്വം നൽകുന്നുണ്ട്.
കേരള ടൈംസ് തുടങ്ങിയ കാലം മുതൽ ആത്മാർത്ഥമായ സഹകരണവും പിന്തുണയും നൽകി വന്നിരുന്ന കൊച്ചുമ്മൻ ഫൊക്കാനയുടെ സ്മരണിക പുറത്തിറക്കുന്നതിൽ രണ്ടു തവണ നേതൃത്വം വഹിച്ചിട്ടുണ്ട്. 1979 ൽ അമേരിക്കയിൽ എത്തിയ കൊച്ചുമ്മൻ ഒരു വലിയ  ഒരുപാടു സുഹൃത്തുക്കൾ ടെ സുഹൃദ്‌വലയത്തിന്റെ ഉടമയാണ്. കൊച്ചുമ്മൻ എന്ന മനുഷ്യസ്നേഹിയുടെ  നിര്യാണത്തോടെ തനിക്ക് വ്യക്തിപരമായി ഒരു നല്ല സുഹൃത്തിനെയാണ് നഷ്ട്ടമായിരിക്കുന്നതെന്ന് പോൾ കറുകപ്പള്ളിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here