അമേരിക്കയില്‍ ജൂണ്‍ 19 ദേശീയ അവധി ദിനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ബില്ലില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെച്ചു. ഇനി മുതല്‍ എല്ലാവര്‍ഷവും ജൂണ്‍ 19ന് രാജ്യത്ത് പൊതു അവധിയായിരിക്കും. ‘ജൂണ്‍റ്റീന്ത്’ എന്നായിരിക്കും ഈ അവധിദിനം അറിയപ്പെടുക. അതേസമയം ഈ വര്‍ഷം ജൂണ്‍ 19 ശനിയാഴ്ചയായതിനാല്‍ ഫെഡറല്‍ തൊഴിലാളികള്‍ക്ക് ജൂണ്‍റ്റീന്തിന്റെ അവധി ജൂണ്‍ 18ന് അനുവദിച്ചു നല്‍കുമെന്ന് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോണ്‍ ക്ലെയ്ന്‍ ട്വീറ്റ് ചെയ്തു.

അമേരിക്കന്‍ ഐക്യനാടുകളിലെ അടിമത്തം അവസാനിച്ചതിന്റെ ഓര്‍മയാചരിക്കുന്ന ദിവസമാണ് ജൂണ്‍ 19 അഥവാ ജൂണ്‍റ്റീന്ത്. 1865 മുതല്‍ തന്നെ ആഫ്രിക്കന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റികള്‍ പ്രാദേശികമായി ഈ സ്വാതന്ത്രദിനം ആചരിക്കുന്നുണ്ട്. എന്നാല്‍ ദേശീയ അവധി ദിനമായി ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല. നിരവധി കമ്യൂണിറ്റികളുടെ കാലങ്ങളായുള്ള പരിശ്രമത്തിനൊടുവിലാണ് ഇപ്പോള്‍ ജൂണ്‍റ്റീന്തിന് സംസ്ഥാന, ഫെഡറല്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.

സെനറ്റില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ജൂണ്‍റ്റീന്ത് ദേശീയ അവധിയായി പ്രഖ്യാപിക്കുന്ന ബില്ല് പാസായത്. അതേസമയം ചില റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ബില്ലിനെ എതിര്‍ത്തു. പുതിയൊരു അവധിദിനം കൂടി സൃഷ്ടിക്കപ്പെടുമ്പോഴുള്ള സാമ്പത്തിക നഷ്ടത്തെക്കുറിച്ചും സെനറ്റര്‍മാരില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിച്ചു. ജൂണ്‍ 19 ന് ദേശീയ സ്വാതന്ത്ര ദിനം എന്ന സവിശേഷത നല്‍കുന്നത് താന്‍ അംഗീകരിക്കുന്നില്ലെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരിലൊരാള്‍ പ്രതികരിച്ചു. കാരണം 1776 ലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ വാര്‍ഷികമായ ദേശീയ സ്വാതന്ത്ര ദിനം എല്ലാ വര്‍ഷവും ജൂണ്‍ നാലിനാണ് ആചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1983 ല്‍ പ്രഖ്യാപിക്കപ്പെട്ട മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ ഡേയാണ് ഫെഡറല്‍ അവധിദിനങ്ങളുടെ പട്ടികയില്‍ ഏറ്റവും അവസാനത്തേതായി ഉണ്ടായിരുന്നത്. ജൂണ്‍റ്റീന്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചതോടെ ഈ പട്ടികയില്‍ ഏറ്റവും പുതിയ ഫെഡറല്‍ അവധിദിനമായി ജൂണ്‍ 19 മാറും. താങ്ക്‌സ്ഗിവിംഗ്, ക്രിസ്മസ്, പുതുവത്സര ദിനം, ജോര്‍ജ്ജ് വാഷിംഗ്ടണിന്റെ ജന്മദിനം, സ്മാരക ദിനം, സ്വാതന്ത്ര്യദിനം, തൊഴിലാളി ദിനം തുടങ്ങിയവയാണ് രാജ്യത്തെ മറ്റ് ഫെഡറല്‍ അവധിദിനങ്ങള്‍.

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here