ലോകത്തെ നടുക്കിയ ജോര്‍ജ് ഫ്‌ലോയിഡ് കൊലക്കേസില്‍ ഒടുവില്‍ വിധിയെത്തി. ഫ്ലോയ്ഡിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ മുന്‍ പൊലീസ് ഓഫീസര്‍ ഡെറക് ചൗവിന് ഇരുപത്തിരണ്ടര വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 2020 മെയ് 25നാണ് യുഎസിലെ മിനിയപ്പലിസ് നഗരത്തില്‍ ജോര്‍ജ് ഫ്ലോയിഡിനെ വിലങ്ങുവച്ചു നിലത്തുവീഴ്ത്തി കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്.

അതിതീവ്രമായ ക്രൂരതയാണ് പോലീസ് ഓഫീസര്‍ ഫ്‌ളോയിഡിനോട് ചെയ്തതെന്ന് വിധി പ്രഖ്യാപിക്കവെ ജഡ്ജി വിലയിരുത്തി. എട്ട് മിനുട്ട് 46 സെക്കന്റ് നേരം പൊലീസ് ഓഫീസറുടെ കാല്‍ മുട്ടുകള്‍ ഫ്ലോയ്ഡിന്റെ കഴുത്തില്‍ ഞെരുക്കിയിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ‘എനിക്ക് ശ്വാസം മുട്ടുന്നു’വെന്ന ഫ്‌ളോയിഡിന്റെ നിലവിളി ലോകം മുഴുവന്‍ ഏറ്റെടുത്തിരുന്നു.

വീഡിയോ വളരെ വേഗം പ്രചരിച്ചതോടെ പോലീസ് ഓഫീസര്‍ക്ക് നേരെ കനത്ത പ്രതിഷേധമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഉയര്‍ന്നത്. യുഎസില്‍ ഫ്‌ലോയിഡിന് നീതി ആവശ്യപ്പെട്ടുകൊണ്ടുള്ള രോഷപ്രകടനങ്ങള്‍ വംശീയവിവേചനത്തിനെതിരായ ദേശീയ പ്രക്ഷോഭമായി മാറി. അമേരികയിലെ മിനിയാപൊളിസിലാണ് കറുത്ത വര്‍ഗക്കാരനായ 46കാരന്‍ ജോര്‍ജ് ഫ്ലോയ്ഡിനെ പോലീസ് ഓഫീസര്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here