ടൊറന്റോ: കടൽ കടന്നാലും, കാതമെത്ര താണ്ടിയാലും പിറന്ന നാടിന്റെ കലാ, സാംസ്കാരിക പാരമ്പര്യം എന്നും കാത്തു സൂക്ഷിക്കുന്നവരാണ് മലയാളികൾ. ജനിച്ച നാടിന്റെ ഓർമ്മകൾ നമ്മളിൽ ഏറ്റവും കൂടുതൽ ഉണർത്തുന്നത് മണ്ണിന്റെ മണമുള്ള നമ്മുടെ പഴയ പാട്ടുകളാണ്. ഓര്‍മ്മകളുണര്‍ത്തുന്ന ആ പഴയ മലയാള ഗാനങ്ങളുടെ മാസ്മരിക തേരില്‍ സഞ്ചരിക്കാന്‍ കാനഡയിലെ മലയാളികൾക്ക് ഒരവസരമൊരുക്കുകയാണ് നമ്മുടെ സ്വന്തം കൈരളി ടിവി. അമേരിക്കൻ മലയാളി പ്രേക്ഷകർക്കിടയിൽ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞ, കൈരളി ടിവി സംപ്രേക്ഷണം ചെയ്യുന്ന സംഗീതപരിപാടിയായ ‘ഓർമ്മ സ്പർശം’ അമേരിക്കക്ക് പുറമെ ഇനി മുതൽ കാനഡയിലും ആരംഭിക്കാൻ പോകുന്നു.

https://www.youtube.com/watch?v=behioIbCYjI&t=5s  

മലയാളി ഗായകർക്ക് കൂടുതൽ അവസരമൊരുക്കിക്കൊണ്ട് അമേരിക്കയിൽ സംപ്രേക്ഷണം ചെയ്യപ്പെടുന്ന ഈ പരിപാടി അമേരിക്കയിലെ മലയാളി സമൂഹത്തിനിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരക്കുകൾ നിറഞ്ഞ പ്രവാസജീവിതത്തിനിടയിൽ വിസ്മരിച്ചു പോയേക്കാവുന്ന ഒരു പിടി അനുഗൃഹീത ഗായകരുടെ അതുല്യമായ കഴിവുകളെ മലയാളി സമൂഹത്തിന് മുന്നിൽ എത്തിച്ച കൈരളി ചാനലിന്റെ സേവനം തീർത്തും ശ്ലാഘനീയമാണെന്നതിൽ സംശയമേതുമില്ല. അമേരിക്കൻ മലയാളി സമൂഹത്തിൽ നിന്ന് ഈ പരിപാടിക്ക് ലഭിച്ച വമ്പിച്ച സ്വീകാര്യതയും, പ്രോത്സാഹനവുമാണ് കാനഡയിലും ‘ഓർമ്മസ്‌പർശം’ ആരംഭിക്കാൻ കനേഡിയൻ മലയാളികൾക്കിടയിൽ സുപരിചിതനായ മാത്യു ജേക്കബിന് (ബ്യൂറോ ചീഫ്, കൈരളി ടിവി – കാനഡ) പ്രേരണയേകിയത്.


 
കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള മലയാളി ഗായകരാണ് ഈ സംഗീത പരിപാടിയിൽ മാറ്റുരയ്ക്കാൻ പോകുന്നത്. ഓര്‍മ്മകളുണര്‍ത്തുന്ന പഴയ മലയാള ഗാനങ്ങള്‍ ഇനി മുതൽ ‘ഓര്‍മ്മസ്പര്‍ശത്തിലൂടെ’ കൈരളി ടിവി, കൈരളി അറേബ്യ, കൈരളി വി, കൈരളി ന്യൂസ് ചാനലുകളിൽ കാണാവുന്നതാണ്. ഈ നാല് ചാനലുകൾക്ക് പുറമെ സോഷ്യൽമീഡിയയിലും, യൂട്യുബിലും ഈ പരിപാടിയുടെ ഭാഗങ്ങൾ ലഭ്യമാകും.


കലാസ്വാദകരായ കനേഡിയൻ മലയാളികൾക്ക് ഇത് തീർത്തും വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് മാത്യു ജേക്കബ് പറഞ്ഞു. കൈരളി ടിവി യുഎസ്എയുടെ ഡയറക്ടർ ജോസ് കാടാപുറം , കൈരളി ടിവി മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ് എംപി, കൈരളി ടിവി ചെയർമാൻ മമ്മൂട്ടി എന്നിവരുടെ അനുഗ്രഹാശിസ്സുകളോടെ ആരംഭിക്കുന്ന ഈ സംഗീത സദ്യ പ്രവാസി മലയാളികൾക്ക്, പ്രത്യേകിച്ച് സംഗീത പ്രേമികൾക്ക് തികച്ചും ഉന്മേഷം പകരുന്ന ഒന്നായിരിക്കും. പ്രണയത്തിന്റെയും, വിരഹത്തിന്റെയുമെല്ലാം നിസ്സീമമായ ഓർമ്മകൾ പെയ്തിറങ്ങുന്ന വേളകളുമായി ‘ഓർമ്മസ്‌പർശം’ ആരംഭിക്കുമ്പോൾ നമുക്കോരോരുത്തർക്കും നയനാന്ദകരവും, ശ്രവണസുന്ദരവുമായ ആ സംഗീതവിരുന്നിൽ പങ്കുചേരാം.

കൂടുതൽ വിവരങ്ങൾക്ക് മാത്യു ജേക്കബ് 416 999 9522



https://www.youtube.com/watch?v=behioIbCYjI&t=5s

LEAVE A REPLY

Please enter your comment!
Please enter your name here