മൂവായിരത്തോളം നിരപരാധികള്‍ കൊല്ലപ്പെട്ട വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്നിട്ട് നാളെ ഇരുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകവേ കൊല്ലപ്പെട്ടവരില്‍ രണ്ട് പേരെക്കൂടി തിരിച്ചറിഞ്ഞതായി അധികൃതര്‍. കണ്ടെടുത്ത് ശരീരാവശിഷ്ടങ്ങളില്‍ നിന്ന് നടത്തിയ ഡിഎന്‍എ പരിശോധനയിലൂടെയാണ് നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം മരണപ്പെട്ട രണ്ട് പേരെ തിരിച്ചറിയാനായത്.

ന്യൂയോര്‍ക്കിലെ ഹെംപ്‌സ്റ്റെഡിലെ ഡൊറോത്തി മോര്‍ഗന്‍ എന്ന 47 കാരിയാണ് തിരിച്ചറിഞ്ഞവരില്‍ ഒരാള്‍. നോര്‍ത്ത് ടവറില്‍ ഇന്‍ഷുറന്‍സ് ബ്രോക്കറായി ജോലി ചെയ്യുകയായിരുന്നു ഡൊറോത്തി മോര്‍ഗന്‍. തിരിച്ചറിഞ്ഞ രണ്ടാമത്തെയാളുടെ പേരുവിവരങ്ങള്‍ കുടുംബത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം പുറത്ത് വിട്ടിട്ടില്ല. 2001, 2002, 2006 വര്‍ഷങ്ങളില്‍ കണ്ടെടുത്ത അവശിഷ്ടങ്ങളുടെ പരിശോധനയിലൂടെയാണ് മരണപ്പെട്ടവരെ തിരിച്ചറിഞ്ഞതെന്ന് മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസ് അറിയിച്ചു.

ആക്രമണത്തില്‍ മൂവായിരത്തോളം ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. ആറായിരത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. മരിച്ചവരില്‍ അറുപത് ശതമാനത്തോളമാളുകളെ മാത്രമാണ് ഇതുവരെ തിരിച്ചറിയാനായത്. ഇനിയും 1100ലധികം ആളുകളെ തിരിച്ചറിയേണ്ടതുണ്ട്. സാങ്കേതിക രംഗത്തെ മുന്നേറ്റം ഇനി പഴയതിലും വേഗത്തില്‍ ഇരകളെ തിരിച്ചറിയാന്‍ സഹായിച്ചേക്കുമെന്ന് മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസ് അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here