ഫ്രാൻസിസ് തടത്തിൽ, ആഷാ മാത്യു 

 

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി പബ്ലിക്ക് അഡ്വക്കറ്റ് ഇലക്ഷന് മുന്നോടിയായി മത്സരാര്‍ത്ഥികള്‍ തമ്മില്‍ നടന്ന ഡിബേറ്റില്‍ കരുത്തുറ്റ പ്രകടനം കാഴ്ച വെച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മലയാളി ഡോക്ടറുമായ ഡോ. ദേവി നമ്പ്യാപറമ്പിൽ. എതിരാളിയും പരിചയ സമ്പന്നനുമായ  നിലവിലെ പബ്ലിക്ക് അഡ്വക്കറ്റായ ജുമാനി വില്യസുമായി നടന്ന ടി.വി. ഡിബേറ്റിലുടനീളം മേൽക്കോയ്‌മ നേടിയ ദേവിയുടെ മാസ്മരിക പ്രകടനമാണ് കാണാൻ കഴിഞ്ഞത്.  ഒക്ടോബര്‍ 19 ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണി മുതല്‍ എട്ട് മണി വരെയാണ് ഇരുവരും തമ്മിലുള്ള ഡിബേറ്റ് NY1സംപ്രേഷണം ചെയ്തത്. ജീവിതത്തില്‍ എപ്പോഴും താനൊരു മികച്ച പൊതുജന സേവകനായിരുന്നു എന്നു പറഞ്ഞുകൊണ്ടാണ് ജുമാനി വില്യംസ് തന്റെ സംസാരം ആരംഭിച്ചത്.



പബ്ലിക്ക് അഡ്വക്കേറ്റ് എന്ന സ്ഥാനത്തേക്ക് മത്സരിക്കാനുള്ള മത്സരാര്‍ത്ഥികളുടെ യോഗ്യതയെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് ഒരു ഡോക്ടര്‍ എന്ന നിലയിലുള്ള നീണ്ട ഇരുപത് വര്‍ഷത്തെ തന്റെ അനുഭവ സമ്പത്തും മാധ്യമപ്രവര്‍ത്തക എന്ന നിലയിലുള്ള പരിജ്ഞാനവും പബ്ലിക്ക് അഡ്വക്കേറ്റ് എന്ന സ്ഥാനം വഹിക്കുന്നതിന് സഹായകമാകുമെന്ന് കരുതുന്നതായി ഡോ. ദേവി നമ്പ്യാപറമ്പില്‍ മറുപടി നല്‍കി. സിറ്റി കൗണ്‍സിലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് അനുഭവപരിജ്ഞാനുമാണ് ജുമാനി വില്യംസ് പങ്കുവെച്ചത്. 90 ബില്യണ്‍ ഡോളര്‍ വരെ ബഡ്ജറ്റ്  പാസാക്കുന്ന പദ്ധതിയുടെ  ഭാഗഭാക്കായിരുന്നതിനാല്‍ ഫണ്ട് വിനിയോഗം സംബന്ധിച്ച് തനിക്ക് കൃത്യമായ അറിവും = ധാരണയുണ്ടെന്നും ജുമാനി പറഞ്ഞു.

ന്യു യോര്‍ക്ക് സിറ്റി മേയര്‍ മരണപ്പെടുകയോ മേയര്‍ പെട്ടെന്ന് സ്ഥാനമൊഴിയുകയോ ചെയ്താല്‍ പബ്ലിക്ക് അഡ്വക്കേറ്റ് ആയിരിക്കും ആ സ്ഥാനം വഹിക്കുക. സിറ്റിയുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുക, തെറ്റുകള്‍ ചൂണ്ടിക്കാട്ടുക, തെറ്റായ കാര്യങ്ങള്‍ തിരുത്തുക, ജനശബ്ദമായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്ന സുപ്രധാന ചുമതലയാണ് ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലിലെ നോണ്‍ വോട്ടിംഗ് അംഗമായ പബ്ലിക്ക് അഡ്വക്കേറ്റിന്റെ ചുമതല.

പബ്ലിക്ക് അഡ്വക്കേറ്റ് മേയറുടെ ചുതലകള്‍ കൂടി നിര്‍വഹിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ നിങ്ങളുടെ അനുഭവ സമ്പത്ത് വെച്ച് എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചോദ്യത്തിന് വേദനയനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന തനിക്ക് ആ സാഹചര്യം കൂടുതല്‍ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന ഉറച്ചു വിശ്വസിക്കുന്നതായി ഡോ. ദേവി മറുപടി നല്‍കി. കോവിഡ് കാലത്ത് താന്‍ നേരിട്ട ദുരനുഭവങ്ങളാണ് ന്യൂയോര്‍ക്കിലെ ശബ്ദമില്ലാത്ത ജനങ്ങളുടെ ശബ്ദമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പബ്ലിക്ക് അഡ്വക്കേറ്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ദേവി വ്യ്കതമാക്കി.

എട്ടു മാസം ഗര്‍ഭിണിയായിരുന്ന സമയത്താണ് ഭര്‍ത്താവിന് കോവിഡ് ബാധിച്ചത്. ഇതേത്തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റാകുകയും ചെയ്തു. ഒന്നര വയസ്സ് മാത്രമുള്ള മൂത്ത മകള്‍ക്കും കോവിഡ് ബാധിച്ചു. എട്ടു മാസം ഗര്‍ഭാവസ്ഥയില്‍ തനിച്ച് കാര്യങ്ങള്‍ മാനേജ് ചെയ്യേണ്ടി വന്നതും വല്ലാത്തൊരു ദുരവസ്ഥയായിരുന്നു. കുഞ്ഞിന് കോവിഡായതിനാല്‍ പ്രായമായ മാതാപിതാക്കളെ ഏല്‍പ്പിക്കാന്‍ കഴിയില്ലായിരുന്നു. ഡെലിവറി പെയിന്‍ വന്നപ്പോള്‍ തനിയെ ആശുപത്രിയില്‍ പോകേണ്ടിയും വന്നു. മോശമല്ലാത്ത സാഹചര്യത്തില്‍ കഴിയുന്ന താന്‍ പോലും ഇത്രയ്ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചെങ്കില്‍ തികച്ചും സാധാരണക്കാര്‍ നേരിടുന്ന പ്രതിസന്ധികള്‍ എത്ര വലുതായിരിക്കുമെന്ന ചിന്ത അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്ന പ്രചോദനം നല്‍കിയയെന്നും ഡോ. ദേവി പറഞ്ഞു. മാത്രല്ല, ഗര്‍ഭാവസ്ഥയിലും താന്‍ രോഗികളെ കാണുകയും അവരോടൊപ്പമായിരിക്കുകയും ചെയ്തിരുന്നു..

മത്സരാര്‍ത്ഥികള്‍ പരസ്പരം ഓരോ ചോദ്യങ്ങള്‍ ചോദിക്കാന്‍ മോഡറേറ്റര്‍ ആവശ്യപ്പെട്ടപ്പോള്‍ പാര്‍പ്പിടമില്ലാതെ തെരുവുകളില്‍ കഴിയുന്ന അടിസ്ഥാന വര്‍ഗത്തില്‍പെട്ടവരെ പുനരധിവസിപ്പിക്കാനായി എല്ലാ വര്‍ഷവും സിറ്റി കൗണ്‍സില്‍ വകയിരുത്തുന്ന രണ്ടു മില്ല്യനില്‍ പരം ഡോളര്‍ തുക എന്തു ചെയ്തുവെന്നായിരുന്നു ഡോ. ദേവിയുടെ ചോദ്യം. എന്നാല്‍ ഈ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ ജുമാനി വില്യംസിനു കഴിഞ്ഞില്ല.

റേസിസത്തിനെതിരെ എന്ത് നിലപാടാണ് നിങ്ങള്‍ നിങ്ങളുടെ ഫീല്‍ഡില്‍ ഇതുവരെ സ്വീകരിച്ചത് എന്നായിരുന്നു ഡോ. ദേവിയോട് ജുമാനി വില്യംസ് ചോദിച്ചത്. തന്റെ സ്റ്റുഡന്റ്‌സിനോടും പേഷ്യന്റ്‌സിനോടും അക്കാര്യത്തില്‍ കൃത്യമായ ട്രെയിനിംഗ് നല്‍കാനും തിരുത്താനും തനിക്ക് സാധിച്ചിട്ടുണ്ടെന്ന് ഡോ. ദേവി മറുപടി നല്‍കി. ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് സുരക്ഷിതമായി ജീവിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് തന്റെ ഭാഗത്തു നിന്ന് നടന്നു വരുന്നതെന്ന് ജുമാനി വില്യംസ് സമര്‍ത്ഥിച്ചു. എന്നാല്‍ സുരക്ഷയെ സംബന്ധിച്ച ജുമാനിയുടെ പ്രസ്താവനകളെ വര്‍ധിച്ചു വരുന്ന കൊലപാതക കണക്കുകള്‍ അക്കമിട്ടു നിരത്തി  ഡോ. ദേവി എതിര്‍ത്തു. ഇവിടെ എവിടെയാണ് സുരക്ഷയെന്നും ഡോ. ദേവി ചോദിച്ചു. 

കോവിഡ് പാന്‍ഡമിക്കിനെ സിറ്റി അധികാരികള്‍ നേരിട്ട രീതിയേയും ഡോ. ദേവി നിശിതമായി വിമര്‍ശിച്ചു. കോവിഡ് പടര്‍ന്നു വ്യാപകമായപ്പോള്‍ വ്യക്തമായ ദിശാബോധമില്ലാതെയാണ് സിറ്റി അധികാരികള്‍ രോഗികളെ ചികില്‍സിക്കാനുള്ള പ്രോട്ടോകോള്‍ തയാറാക്കിയത്. ഒരു കുടുംബത്തില്‍ എല്ലാവര്‍ക്കും കോവിഡ് വന്നാല്‍ രോഗത്തിന്റെ ഗുരുതരാവസ്ഥ നോക്കിയാണ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ചില വീടുകളില്‍ രോഗമുള്ളവരും രോഗമില്ലാത്തവരുമായ കുടുംബാംഗങ്ങള്‍ ഒരേ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. രോഗമില്ലാത്തവരെ മാറ്റിപ്പാര്‍പ്പിക്കാനോ അതല്ലെങ്കില്‍ രോഗികളെ ആശുപത്രികളിലേക്ക് മാറ്റാനോ ഉള്ള യാതൊരു സംവിധാനവും ഉണ്ടായിരുന്നില്ല. തനിക്കും കുടുംബത്തിനും ഉണ്ടായ വ്യക്തിപരമായി ഉണ്ടായ ദുരനുഭവം വ്യക്തമാക്കിയ ഡോ. ദേവി താന്‍ അനുഭവിച്ചതിനേക്കാള്‍ കൂടുതല്‍ ദുരിതങ്ങള്‍ സാധരണക്കാര്‍ അനുഭവിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്ന പൊതുജനത്തിന്റെ വക്താവായും നഗരത്തിന്റെ വികസനത്തിനും മികച്ച നിയമ വാഴ്ചക്കും എല്ലാവരുടെയും പുരോഗതിക്കും വേണ്ടി പരിശ്രമിക്കുമെന്നും ഡോ. ദേവി വാഗ്ദാനം ചെയ്തു. ആരോഗ്യ സാക്ഷരതയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് താന്‍ ജേര്‍ണലിസം പഠിക്കുകയും വിവിധ ചാനലുകളിലൂടെ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തതെന്ന കാര്യവും ഡോ. ദേവി ചൂണ്ടിക്കാട്ടി. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച 20 ജെര്‍ണലുകള്‍ ഉള്‍പ്പെടെ 50 ല്‍ പരം ആരോഗ്യ സംബന്ധമായ ജേര്ണലുകള്‍ ഡോ. ദേവി ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോര്‍ച്യുണ് 500 കമ്പനികള്‍ ഉള്‍പ്പെടെ നിരവധി ലോ ഫേമുകളിലും ഡോ. ദേവി കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നല്കാൻ കഴിയാതെ വന്ന 
ജുമാനി വില്യംസിനെ കളിയാക്കാനും ദേവി മറന്നില്ല. കഴിഞ്ഞ ദിവസം ബഫ്ഫല്ലോയിലായിരുന്ന ജുമാനി വില്യംസ് ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ ചരടുവലി നടത്തുന്ന കാര്യം പരസ്യമായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയ ദേവി ജുമാനി വില്യംസിന് സിറ്റിയിലെ കാര്യങ്ങൾ അനേഷിക്കാൻ നേരമില്ലെന്നും അദ്ദേഹം സ്റ്റേറ്റിന്റെ ഗവർണർ ആകാൻ ഉള്ള യാത്രകളിലാണെന്നും പറഞ്ഞു. 

 

ഇക്കഴിഞ്ഞ ദിവസം റിക്കേഴ്സ് ഐലൻഡിലെ ജയിൽ നടന്ന 14 മത്തെ കസ്റ്റഡി മരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നല്കാൻ ജുമാനി വില്യംസിനു കഴിഞ്ഞില്ല. ജയിൽ കോംപ്ലെക്സ് അടച്ചുപൂട്ടി പുതിയ ജയിൽ നിർമ്മിക്കുക എന്ന നയപരമായ തീരുമാനത്തെ എങ്ങനെ കാണുന്നുവെന്ന് ചോദിച്ചപ്പോൾ തനിക്ക് ഇതുവരെ ജയിൽ സന്ദർശിക്കാൻ കഴിഞ്ഞില്ല എന്നായിരുന്നു ജുമാനി വില്യംസിന്റെ മറുപടി. ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളും അറിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം താൻ കഴിഞ്ഞ ദിവസംകൂടി കസ്റ്റഡി മരണം നടന്ന ഉടൻ ഈ ജയിൽ സന്ദർശിക്കാൻ പോയിരുന്നുവെന്നും സുരക്ഷ കാരണങ്ങളുടെ പേരിൽ ജയിൽ കോംപ്ലെക്സിലേക്ക് കയറാൻ അനുവദിച്ചില്ലെന്നും ദേവി വ്യക്തമാക്കി. ഈ നഗരത്തിൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്ക് മേൽ സിറ്റി കൗൺസിൽ എന്ത് നടപടികളാണ് വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും അവർ ചോദിച്ചു.

 

കോവിഡ് വാക്സീൻ നിർബന്ധമാക്കുന്നത് മറ്റുള്ളവരുടെ സുരക്ഷയെ മാനിച്ചുകൊണ്ടാണെന്ന് ജുമാനി വില്യംസ് പറഞ്ഞു. വാക്സീൻ എടുക്കാൻ വിസമ്മതിക്കുന്നവർ മറ്റുള്ളവരുടെ ജീവന് ഭീഷണിയായി മാറുകയാണെന്നും ഇതൊരു തരത്തിൽ കൊലപാതകം തന്നെയാണെന്നും അദ്ദേഹം വാദിച്ചു. മീസിൽ (മന്ത്) പോലുള്ള വാക്‌സിനുകൾ നിര്ബന്ധമാക്കുമ്പോൾ ഏറെ വിനാശകരമായ കോവിഡ് വാക്സീൻ നിര്ബന്ധമാക്കുന്നതിൽ എന്താണ് തെറ്റ് എന്നും ജുമാനി വില്യംസ് ചോദിച്ചു. മീസിൽ വാക്സിന് കുറഞ്ഞത് 20 വർഷത്തെയെങ്കിലും ക്ലിനിക്കൽ ഡാറ്റ ലഭ്യമാണ്. ഇന്നലെ വന്ന കോവിഡ് വാക്സീൻ സംബന്ധിച്ച് എന്തെങ്കിലും ഡാറ്റ ലഭ്യമാണോ എന്നായിരുന്നു ദേവിയുടെ മറുപടി. താൻ വാക്‌സിന് എതിരല്ല. ന്യൂയോർക്ക് സിറ്റിയിൽ മാത്രം ആയിരിക്കണക്കിന് ആരോഗ്യപ്രവർത്തകർക്ക് വാക്സീൻ എടുക്കാൻ കൂട്ടാക്കാത്തതിന്റെ പേരിൽ ജോലി നഷ്ട്ടമായിട്ടുണ്ട്. എന്തുകൊണ്ടാണ് ആരോഗ്യ പ്രവർത്തകർ പോലും വാക്സീൻ സ്വീകരിക്കാൻ വിമുഖത കാട്ടുന്നത് എന്ന് അനേഷിച്ചിട്ടുണ്ടോ. അവർക്ക് അപകടമെന്ന് തോന്നുന്ന വാക്സീൻ നിര്ബന്ധിപ്പിക്കാൻ ആർക്കും അവകാശമില്ല. കോവിഡ് വാക്സീൻ നൽകുന്ന കാര്യത്തിൽ പോലും തികഞ്ഞ അലംഭാവമാണ് സിറ്റി കൗൺസിൽ കാണിച്ചത്. പ്രൈമറി കെയർ സെറ്റിങ്ങുകൾ വഴി വാക്സീൻ നൽകാൻ താൻ ഉൾപ്പെടെയുള്ള നിരവധി ക്ലിനിക്കുകൾ സന്നദ്ധത പ്രകടിപ്പിച്ചിരുന്നതാണ്. അങ്ങനെയെങ്കിൽ ന്യൂയോർക്ക് സിറ്റിയിൽ വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്നും ഡോ. ദേവി വ്യക്തമാക്കി.

 

നവംബർ രണ്ടിനാണ് തെരെഞ്ഞെടുപ്പ്. ന്യൂയോർക്ക് നാഗത്തിലെ 5 ബോറോകളിലെയും വോട്ടർമാർ ചേർന്നാണ് പബ്ലിക്ക് അഡ്വക്കറ്റിനെ തെരഞ്ഞെടുക്കുന്നത്.  ഇന്ത്യക്കാരായ വോട്ടർമാർ, പ്രത്യേകിച്ച് മലയാളികൾ കക്ഷി രാഷ്ട്രീയമില്ലാതെ ദേവിക്ക് വോട്ടു ചെയ്താൽ ഇത്തവണ ലോകത്തിന്റെ സാമ്പത്തിക തലസ്‌ഥാനത്തിന്റെ പബ്ലിക്ക് അഡ്വക്കേറ്റ് ആയി ഡോക്ടറും മാധ്യമ പ്രവർത്തകയുമെയ് ഈ  മലയാളി യുവതി  എത്തിച്ചേരും.

 

ബയോളജിയിലും ഇക്കണോമിക്‌സിലും നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇരട്ട ബിരുദമെടുത്ത ദേവി അതേ യൂണിവേഴ്‌സിറ്റിയിലെ ഫെനിബെര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിസിനില്‍ നിന്ന് എംഡിയും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ നിന്ന് ഇന്റേണ്‍ഷിപ്പും റെസിഡെന്‍സിയും ഫെലോഷിപ്പും പൂര്‍ത്തിയാക്കിയ ശേഷം കൊളംബിയ യൂണിവേഴ്‌സിറ്റി ഗ്രാജുവേറ്റ് സ്‌കൂളില്‍ നിന്ന് ജേര്‍ണലിസത്തില്‍ മാസ്റ്റേഴ്‌സും കരസ്ഥമാക്കിയിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here