ജോസഫ് പാണ്ടിയപ്പള്ളിൽ

ഭാരതമെമ്പാടും ഘോഷിക്കപ്പെടുകയാണ് ദീവാളിയിന്ന്. പ്രകാശത്തിന്റെ തിരുനാളാണ് ദീപാവലി. തിരുനാളുകൾ മതവിശ്വാസത്തോടും സംസ്ക്കാരാചാരങ്ങളോടും ബന്ധപ്പെടുത്തിയാണ് ഘോഷിക്കപ്പെടുന്നത്. ഹിന്ദുമതവിശ്വാസത്തിന്റെ തണലിൽ ഭാരതത്തിൽ ഘോഷിക്കപ്പെടുന്ന തിരുനാളാണ് ദീപാവലി.

ദീപാവലി എന്ന വാക്കിനർത്ഥം ദീപങ്ങളുടെ സ്രേണി എന്നാണ്. വാച്യാർത്ഥത്തെ അക്ഷരാർത്ഥത്തിൽ പ്രതിഫലിപ്പിക്കുമാറ് ദീപാവലിക്ക് നെയ്ത്തിരികളുടെയും ദീപക്കാഴ്ചകളുടെയും വൈദ്യുതി ദീപങ്ങളുടെയും ഒരു സമുദ്രം തന്നെ ഭാരതമെമ്പാടുമെന്നല്ല ഭാരതീയരുള്ളിടത്തൊക്കെ ഇന്ന് കാണാനാകും.
ദീപം തെളിച്ചു ദീപങ്ങളുടെ ആകാശത്തിൽ കീഴെ ഒത്തു കൂടി ഇന്ത്യക്കാർ ദീപങ്ങളുടെ ഈ തിരുനാളാഘോഷിക്കുന്നു. ആശയങ്ങളുടെ പിൻബലവും ഐതീഹ്യങ്ങളുടെ പിന്തുടർച്ചയും ആചാരങ്ങളുടെ പാരമ്പര്യവും ഉണ്ട് ദീപാവലിക്ക്.

സംശുദ്ധിയുടെയും വിശുദ്ധിയുടെയും തിരിനാളായാണ് ഭാരതീയർ ദീപാവലി ഘോഷിക്കുക. ദീപങ്ങൾ വിശുദ്ധിയുടെയും സംശുദ്ധിയുടെയും പ്രതീകങ്ങളാണ്. അതുകൊണ്ടുകൂടിയാണ് ദീപാവലിക്കു ഒരുക്കമായി ഭാരതീയർ ആദ്യമേ വീടും പരിസരവും വൃത്തിയാക്കുന്നതും മോടിയാക്കുന്നതും. പുതിയ നല്ല ദീപാവലി വസ്ത്രങ്ങൾ ധരിക്കുക ദീപാവലിക്ക് പതിവാണ്. സമ്മാനങ്ങൾ കൊടുക്കുന്ന പതിവും ദീപാവലിക്കുണ്ട്.

വീട്ടിലും പരിസരത്തും നെയ്ത്തിരികൾ കത്തിക്കുന്നത് പ്രധാന ഘോഷമാണ്.
വെളുത്തവാവ് ദിവസമാണ് ദീപാവലി. അതും വെളിച്ചത്തിന്റെ പ്രാധാന്യവും പ്രതീകാത്മകതയും വ്യക്തമാക്കുന്നു. വെളുത്തവാവ് ദിവസത്തിൽ വീട്ടിലും പരിസരത്തും നെയ്ത്തിരികൾ കത്തിച്ചു ദീപാവലി ഘോഷിക്കപ്പെടുന്നു.
വീടും പരിസരവും ദീപങ്ങളാൽ അലങ്കരിച്ചു ഐശ്യര്യത്തിന്റെ ദേവതയായ ലക്ഷ്മിയെ ദീപാവലി ദിവസം ഭവനത്തിലേക്ക് ക്ഷണിക്കുന്നുവെന്നാണ് ഹൈന്ദവ വിശ്വാസം. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മി ഭാഗ്യദേവത കൂടിയാണ്.

ലക്ഷ്മിയെയും ഗണേശനെയുമാണ് ദീപാവലി ദിവസം ആദരിക്കുന്നത്. ഹിന്ദുഭവനങ്ങളിലെ അൾത്താരകളിൽ ലക്ഷ്മിയുടെയും ഗണേശന്റെയും പ്രതിമ പ്രതിഷ്ഠിക്കുകയും കുന്തുരുക്കവും ഭാഗ്യചിഹ്നമായ പഴയ നാണയങ്ങളും അർപ്പിക്കുകയും ചെയ്യും. ദീപാവലി രാത്രിയിൽ ഭാഗ്യം തുണക്കേണ്ട കളികളിൽ ഏർപ്പെടുക സാധാരണമാണ്.

സമൂഹാല്മകതയുടെയും അനുരഞ്ജനത്തിന്റെയും തിരുനാൾ കൂടിയാണ് ദീപാവലി. ഈ ദിവസങ്ങളിൽ സുഹൃത്തുക്കളെ സന്ദർശിക്കുകയും സഹൃദം കുറഞ്ഞുപോയിടത്തു മധുരപലഹാരം പങ്കുവച്ചു സൗഹൃദം പുനഃസ്ഥാപിക്കുകയും ചെയ്യുന്ന പാരമ്പര്യം ഭാരതീയർക്കിടയിലുണ്ട്.

ബൈബിളിൽ വിശുദ്ധ യോഹന്നാൻ “പ്രലോഗിൽ” പ്രഖ്യാപിച്ചിരുന്ന സന്ദേശം ശ്രദ്ധേയമാണ്. ആദിയിൽ പ്രകാശമുണ്ടായിരുന്നു. പ്രകാശം ദൈവത്തോടുകൂടി ആയിരുന്നു. പ്രകാശം ദൈവമായിരുന്നു. പ്രകാശം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു. പ്രകാശത്തിന്റെ മഹത്വം നമ്മൾ ദർശിച്ചു. അന്ധകാരത്തിൽ പ്രകാശം പ്രശോഭിക്കുന്നു. അത് ഈ ലോകത്തെ അന്ധകാരമകറ്റി പ്രകാശമാനമാക്കുന്നു.

ഈശോയിൽ പ്രകാശിക്കുന്ന പ്രകാശമായി ദൈവം കടന്നു വന്നിരിക്കുന്നു. അവിടുന്ന് മനുഷ്യരിലെ പ്രകാശമായി. അവിടുന്ന് ലോകത്തിന്റെ പ്രകാശമായി. അതുകൊണ്ടാണ് അവിടുന്ന് പറഞ്ഞത്, ഞാൻ ലോകത്തിന്റെ പ്രകാശമാണ്, എന്നെ അനുഗമിക്കുന്നവൻ അന്ധകാരത്തിൽ നടക്കുന്നില്ല.

നമ്മുടെ വിശ്വാസസത്ത പ്രകാശമാണ്. വിശ്വാസത്തിനടിസ്ഥാനമായി മനുഷ്യനായി അവതരിച്ച ഈശോ പ്രകാശമാണ്. അവിടുത്തോടും നമ്മോടും ഒന്നായിത്തീർന്നിരിക്കുന്ന പിതാവായ ദൈവത്തെ പ്രകാശമായി വ്യാഖ്യാനിക്കുന്ന വചനഭാഗമുണ്ട്. (യോഹ 1:1-18)

ദൈവം പ്രകാശമാണെന്ന അനുഭവവും പ്രകാശത്തിലേക്കുള്ള അനുദിന- അനുനിമിഷ വളർച്ചയും ആയി ആല്മീയന്വേഷണത്തെയും ആല്മീയ ജീവിതവും വ്യാഖ്യാനിക്കുന്നവരും നമുക്കിടയിലുണ്ട്.

മതവിശ്വാസവുമായി ബന്ധപ്പെട്ട പല തിരുനാളുകളും പുരാതനകാല ആചാരങ്ങളോടും അനുഷ്ടാനങ്ങളോടും ചേർന്നും പാരമ്പര്യങ്ങളുടെയും സംസ്കാരാവിഷ്കാരങ്ങളുടെയും പിന്തുണയോടുകൂടിയും ആണ് പലപ്പോഴും ആചരിക്കപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതും. സാംസ്കാരിക ചരിത്രവും മതദർശനചരിത്രവും അവ വിവരിക്കുന്നും ഉണ്ട്. അതിനുദാഹരണങ്ങൾ ക്രിസ്തുമത്തിലും ഉണ്ട്.

ഓസ്റ്ററ എന്ന യുറോപ്യൻ ദേവതാസങ്കല്പത്തോടെ ആഘോഷിക്കപ്പെട്ടിരുന്ന തിരുനാൾ ക്രിസ്തുവിന്റെ ഉയിർപ്പുതിരുനാൾ ആയി ഘോഷിച്ചതുകൊണ്ടാണ് ഉത്ഥാനത്തിരുനാളിനു ഈസ്റ്റർ എന്ന പേര് വന്നത്. പന്തയോണിലെ പ്രധാന ദേവനായ സൂര്യദേവന്റെ തിരുനാൾദിനം തന്നെ ക്രിസ്തുവിന്റെ ജനനതിരുനാളിയായി ഘോഷിച്ചതുകൊണ്ടു അന്ന് പാരമ്പരാഗതമായിരുന്ന ഘോഷം നാഷ്ടപെട്ടുമില്ല, ക്രിസ്തുവിന്റെ ജനനതിരുനാളിനു മറ്റൊരു ആഘോഷദിവസം ആവശ്യമായും വന്നില്ല. വളരെ ബുദ്ധിപരമായ അന്നത്തെ രാഷ്ട്രീയനേതൃത്വത്തിന്റെ തീരുമാനമായിരുന്നു അത്.

ഇന്നും പ്രായോഗികമായ ഒരു നിലപാടാണ് അത്. ഒരുപാടു ഒഴിവുദിവസങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടി വിവിധ സമൂഹങ്ങൾക്കുള്ള ഒറ്റപ്പെട്ട ഒഴിവുദിവസങ്ങൾ കുറെയൊക്കെ ഏകോപിപ്പിക്കുവാൻ കഴിഞ്ഞാൽ വിവിധ അർത്ഥങ്ങളോടെ എല്ലാവർക്കും ഒരേ ദിവസം ആഘോഷിക്കുവാനും പൊതുവെ ആഘോഷങ്ങളുടെ ദിവസങ്ങൾ എല്ലാവർക്കും സ്വീകാര്യമായ വിധത്തിൽ ക്രമപ്പെടുത്തുവാനും കഴിയും. ഇക്കാര്യത്തിൽ അന്തർദേശീയമായ ഒരു നിലപാടാണ് ഇന്നാവശ്യം. കാരണം ഇന്ന് മനുഷ്യജീവിതവും പ്രവർത്തനങ്ങളും അന്തർദേശീയമാണ്.

വിശ്വാസത്തിന്റെയും ആരാധനയുടെയും ആവിഷ്ക്കാരത്തിനും സംസ്‌കാരത്തിനും അനുദിന ജീവിതമൂല്യങ്ങളുമായി ബന്ധമുണ്ട്. വിശ്വാസജീവിതത്തെ അനുദിന ജീവിതമൂല്യങ്ങൾക്കും ശൈലികൾക്കും അന്യമായി കാണാനും അനുഷ്ഠിക്കാനും തുടങ്ങിയാൽ വിശ്വാസം അർത്ഥമില്ലാത്ത ആചാരമായി മാറും. വിശ്വാസതകർച്ച അതോടെ തുടങ്ങും. ഭാഗ്യം പരീക്ഷിക്കേണ്ട, ഭാഗ്യം തുണക്കേണ്ട, മുഹൂർത്തങ്ങളാണ് പലപ്പോഴും വിശ്വാസജീവിതം.

വിശ്വാസജീവിതത്തിനു സമൂഹത്തെ സ്വാധീനിക്കാനാവാത്തതിന്റെ ഭീതിയിലും നിരാശയിലുമാണ് ചില തീവ്രവാദ സംഘടനകൾ ഉടലെടുത്തത്. നമ്മളാരും തീവ്രവാദികളല്ല. തീവ്രവാദികളാകാൻ നമ്മൾ ആഗ്രഹിക്കുന്നുമില്ല. അതുകൊണ്ടു വിശ്വാസജീവിതത്തെ സാംസ്കാരികജീവിതത്തിനു അന്യമല്ലാതാക്കാൻ നമുക്കാവുന്നതു ചെയ്യാം.
(1987)

ജോസഫ് പാണ്ടിയപ്പള്ളിൽ

 

LEAVE A REPLY

Please enter your comment!
Please enter your name here