അനില്‍ മറ്റത്തികുന്നേല്‍

ചിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ് ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥേയത്വത്തില്‍ ചിക്കാഗോയില്‍ വച്ച് നടക്കുന്ന ഈ വര്‍ഷത്തെ അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഡല്‍ഹി റസിഡന്റ് എഡിറ്റര്‍ പ്രശാന്ത് രഘുവംശം എത്തുന്നു. നവംബര്‍ 11 മുതല്‍ 14 വരെ റിനയസന്‍സ് ചിക്കാഗോ ഗ്ലെന്‍വ്യൂ സ്യൂട്ട്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടത്തപെടുന്ന മീഡിയ കോണ്‍ഫ്രന്‍സിന്റെ ഭാഗമായി ഡല്‍ഹിയിലെ പ്രവാസി മലയാളികളുടെയും, ദേശീയ രാഷ്ട്രീയ – സാമൂഹ്യ സംബന്ധമായ വര്‍ത്തകളെയും ജനങ്ങളുടെ മുന്‍പിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്ന, പ്രവാസി മാധ്യമ പ്രവര്‍ത്തകരില്‍ ഏറെ ശ്രദ്ധേയനായ പ്രശാന്ത് രഘുവംശം എത്തുന്നതില്‍ വളരെ സന്തോഷം ഉണ്ടെന്നു ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഭാരവാഹികള്‍ പറഞ്ഞു.

രണ്ടു ദശാബ്ദങ്ങളായി മുഖ്യധാരാ മാധ്യമ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ റസിഡന്റ് എഡിറ്റര്‍ പ്രശാന്ത് രഘുവംശം. രാജ്യ തലസ്ഥാനത്തെ മുഖമായ ഈ മാധ്യമ പ്രവര്‍ത്തകന്‍ യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരത്തുനിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ പോസ്റ്റ് ഗ്രാഡുവേഷനും തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്നും ജേര്‍ണലിസത്തില്‍ പി ജി ഡിപ്ലോമയും , യു കെ യിലെ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബ്രോഡ്കാസ്റ്റ് ജേര്‍ണലിസത്തില്‍ നിന്നും ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട് ഈ ജനകീയനായ മാധ്യമ പ്രവര്‍ത്തകന്‍.

ഡെക്കാന്‍ ക്രോണിക്കിളില്‍ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ആയാണ് പ്രശാന്ത് രഘുവംശം സജീവ മാധ്യമ പ്രവര്‍ത്തനത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ 2001 ല്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമായി ചേര്‍ന്നതോടെ പ്രശാന്ത് രഘുവംശം എന്ന മുഖ്യ ധാര ടെലിവിഷന്‍ ജേര്‍ണലിസ്റ്റിന്റെ ജനങ്ങളോടൊത്തുള്ള സുദീര്‍ഘമായ ഒരു യാത്ര ആരംഭിക്കുകയായിരുന്നു. റസിഡന്റ് എഡിറ്റര്‍ എന്ന നിലയില്‍ ദേശീയവും അന്തര്‍ദേശീയവുമായ വിവിരങ്ങള്‍ കൃത്യതയോടെയും വ്യക്തതയോടെയും മലയാളി പ്രേക്ഷകരില്‍ എത്തിക്കുന്നതിലും വടക്കേ ഇന്ത്യയിലെ തന്നെ ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും പ്രശാന്ത് രഘുവംശത്തിന്റെ പങ്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ദേശീയ തെരഞ്ഞെടുപ്പുകളും, വടക്കേ ഇന്ത്യന്‍ സംസ്ഥാന തെരഞ്ഞെടുപ്പുകളും മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ ഏറ്റവും വേഗത്തിലും കൃത്യതയിലും എത്തിക്കുന്നതില്‍ ആദ്ദേഹം വിജയിച്ചിട്ടുണ്ട്. ഭാരതത്തിലെ ഇലക്ട്രോണിക് മാധ്യമങ്ങളെ നിരീക്ഷിക്കുന്ന, മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ഒന്‍പതംഗ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി അംഗം കൂടിയാണ് പ്രശാന്ത് രഘുവംശം. ലോകാ സഭാ സ്പീക്കറിന്റെ അഡൈ്വസറി കമ്മറ്റി അംഗമായി നാലുവര്‍ഷം സേവനം ചെയ്തിട്ടുണ്ട്. കൂടാതെ അഞ്ചുവര്ഷത്തോളം കേരളാ യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്‌റ് ഇന്‍ ഡല്‍ഹിയുടെ പ്രസിഡണ്ട് ആയും സേവനം ചെയ്തിട്ടുണ്ട്,

ഇദ്ദേഹത്തെ ഈ മാധ്യമ കോണ്‍ഫറന്‍സിലേക്ക് സന്തോഷത്തോടു സ്വാഗതം ചെയ്യുന്നതായി നാഷണല്‍ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, നാഷണല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രഷറര്‍ ജീമോന്‍ ജോര്‍ജ് എന്നിവരോടൊപ്പം ആതിഥേയത്വം വഹിക്കുന്ന ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ബിജു സഖറിയ, സെക്രട്ടറി പ്രസന്നന്‍ പിള്ള മറ്റു ഭാരവാഹികളും പറഞ്ഞു

 

LEAVE A REPLY

Please enter your comment!
Please enter your name here