ന്യൂഡൽഹി: തനിക്ക് അധികാരം വേണ്ടെന്നും, ജനങ്ങളുടെ സേവകനായാൽ മാത്രം മതിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിന്റെ 83-ാം പതിപ്പിൽ, ആയുഷ്മാൻ ഭാരത് യോജനയുടെ ഒരു ഗുണഭോക്താവിനോട് സംസാരിക്കവേയാണ് മോദിയുടെ പരാമർശം.

ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ‘വികസന മുന്നേറ്റത്തിൽ നമ്മുടെ രാജ്യം ഏറെ മുന്നിലാണ്. നമ്മുടെ ചെറുപ്പക്കാർ തൊഴിലന്വേഷകർ എന്നതിലുപരി തൊഴിൽ ദാതാക്കളായി മാറിക്കൊണ്ടിരിക്കുകയാണ്. നിലവിൽ രാജ്യത്ത് എഴുപതിൽ കൂടുതൽ യുണികോൺ സ്റ്റാർട്ടപ്പുകൾ ഉണ്ട്’- പ്രധാനമന്ത്രി അറിയിച്ചു. ഒരു ബില്യൺ ഡോളറിൽ കൂടുതൽ മൂല്യമുള്ള സ്റ്റാർട്ടപ്പുകളെയാണ് യുണികോണുകൾ എന്ന് വിളിക്കുന്നത്.

പ്രകൃതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കൂടാതെ ഇന്ത്യൻ സൈനികരുടെ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അടുത്തമാസമാണ് നാവികസേന ദിനവും സായുധസേന പതാക ദിനവും ആചരിക്കുന്നത്. 1971 ലെ യുദ്ധത്തിൽ പാകിസ്ഥാനെതിരെ നേടിയ മഹത്തായ യുദ്ധവിജയത്തിന്റെ അമ്പതാം വാർഷികവും ഡിസംബർ 16ന് നാം ആചരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൊവിഡ് 19 ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here