ന്യു യോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യു യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റായി സണ്ണി പൗലോസും സെക്രട്ടറിയായി ഫ്രാന്‍സിസ് തടത്തിലും തെരെഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികള്‍: സജി ഏബ്രഹാം (വൈസ് പ്രസിഡന്റ്), ഷോളി കുമ്പിളുവേലി (ട്രഷറര്‍), ജേക്കബ് മാനുവല്‍ (ജോ. സെക്രട്ടറി), ബിജു ജോണ്‍ (ജോ. ട്രഷറര്‍)

ചാപറ്റര്‍ പ്രസിഡന്റ് ജോര്‍ജ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി റെജി ജോര്‍ജ് പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും തെരെഞ്ഞെടുപ്പിനു നേത്രുത്വം നല്‍കുകയും ചെയ്തു.


പ്രസ് ക്ലബിന്റെ ആരംഭകാല നേതാക്കളിലൊരാളായ സണ്ണി പൗലോസ് ജനനി മാസികയുടെ മാനേജിംഗ് എഡിറ്ററാണ്. നാഷനല്‍ ട്രഷറര്‍, ചാപ്റ്റര്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. 23 വര്‍ഷമായി പ്രതിമാസം പ്രസിദ്ധീകരിക്കുന്ന ജനനി മാസികയുടെ മുഖ്യ ശില്പികളില്‍ ഒരാളാണ്.

ഫ്രാന്‍സിസ് തടത്തില്‍ കേരളത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായിരുന്നു. ദീപികയില്‍ ബ്യൂറോ ചീഫും രാഷ്ട്രദീപികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജും ബ്യുറോ ചീഫും (കോഴിക്കോട്) ആയിരുന്നു. പിന്നീട് മംഗളത്തില്‍ മലബാർ റീജിയണൽ ന്യുസ് എഡിറ്റര്‍. അക്കാലത്ത് മികച്ച പത്രപ്രവർത്തകനുള്ള  വിവിധ അവര്‍ഡുകള്‍ നേടി.കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ്‌സ് (കെ.യു.ഡബ്ലിയു.ജെ) സ്റ്റേറ്റ് കമ്മിറ്റി അംഗമായിരുന്നു. തൃശൂർ, പാലക്കാട്, കോഴിക്കോട് പ്രസ് ക്ലബ്ബുകളിൽ വിവിധ ഭാരവാഹിത്വം വഹിച്ചിരുന്നു. ദീപികയിലും മംഗളത്തിലും ശ്രദ്ധേയമായ നിരവധി അന്വേക്ഷണാത്മക റിപ്പോർട്ടുകൾ തയാറാക്കിയിട്ടുള്ള ഫ്രാൻസിസ് മാറാട് കലാപത്തെക്കുറിച്ച് തയാറാക്കിയ റിപ്പോർട്ട് അന്വേഷണ പ്രധാന കണ്ടെത്തലുകളിലൊന്നായി മാറിയിരുന്നു. 

അമേരിക്കയിൽ എത്തിയ ശേഷം രക്താർബുദം ബാധിച്ചതിനെ തുടർന്ന് ദീർഘകാലം സജീവ പത്രപ്രവർത്തന രംഗത്തുനിന്ന് മാറി നിൽക്കുകയായിരുന്ന ഫ്രാൻസിസ് കഴിഞ്ഞ നാലുവർഷമായി  പത്രപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു.
 
അമേരിക്കയിൽ എത്തിയ ശേഷം  ദീര്‍ഘകാലം ഫ്രീലാന്‍സ് പത്രവര്‍ത്തനം നടത്തിയ ഫ്രാൻസിസ് ഇ മലയാളിയിൽ ദീർഘകാലം വിവിധ വിഷയങ്ങളിൽ ലേഖനങ്ങളും വാർത്തകളും എഴുതിയിരുന്നു. എം.സി.എൻ. ചാനലിന്റെ ന്യൂസ് ഡയറക്ടർ ആയി പ്രവർത്തിച്ചിരുന്നു.  ഇപ്പോള്‍ കേരള ടൈംസ് ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ  ചീഫ് എഡിറ്റര്‍ ആണ്. 

പത്രപ്രവര്‍ത്തനകാലത്തെപ്പറ്റിയുള്ള ഇ മലയാളിയിൽ  ‘നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍’ എന്ന ശ്രദ്ധേയമായ പരമ്പര അടിസ്ഥാനമാക്കി 2019 ൽ പ്രസിദ്ധീകരിച്ച “നാലാം തൂണിനപ്പുറം” എന്ന   പുസ്തകത്തിന്റെ രചയിതാവാണ്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ)യുടെ(2017)യും , വേൾഡ് മലയാളി കൗൺസി (ഡബ്ല്യൂ.എം.സി ) ലിന്റെയും (2021) മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡും ഫ്രാൻസിസ് കരസ്ഥമാക്കിയിരുന്നു.


പൊതു പ്രവർത്തനങ്ങളിലൂടെ പത്ര പ്രവർത്തന രംഗത്തേയ്ക്ക് കടന്നു വന്ന സജി എബ്രഹാം  പ്രസ് ക്ലബ്  പ്രഥമ കോൺഫ്രൻസ്  മുതൽ കേരളഭൂഷണത്തെ പ്രതിനിധികരിച്ചു.   ന്യൂയോർക് ചാപ്റ്ററിന്റെ  ചാപ്റ്റർ ട്രഷറർ ആയും   സെക്രട്ടറി ആയും  നാഷണൽ ഓഡിറ്ററായും പ്രവർത്തിച്ചു.  ഇത്തവണ നാഷണൽ കോൺഫറൻസിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ബൃഹത്തായ സൂവനീറിന്റെ ചീഫ് എഡിറ്ററായിരുന്നു.

സംഘടനാ രംഗത്തും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും പ്രവര്‍ത്തിക്കുന്ന ഷോളി കുമ്പിളുവേലി എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമാണ്. മാതൃഭൂമി ടിവിയിലും പത്രത്തിലും റിപ്പോർട്ടർ. ഇ-മലയാളിയുടെ അസോസിയേറ്റ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.

ജേക്കബ് മാനുവൽ (കൈരളി ടിവി) ദൃശ്യമാധ്യമ  രംഗത്ത് നിറസാന്നിധ്യമാണ്.

മികച്ച എഴുത്തുകാരനായ ബിജു ജോൺ (കേരള ടൈംസ്) വിവിധ കർമ്മരംഗങ്ങളിൽ സജീവം.കേരള ടൈംസിന്റെ ഡെപ്യൂട്ടി എഡിറ്റർ കൂടിയായ ബിജു നിരവധി ശ്രദ്ധേയമായ ലേഖനങ്ങളും വാർത്തകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here