അജു വാരിക്കാട്

ഹ്യുസ്റ്റൺ: എല്ലാത്തിനും വില കൂടി. ഗ്യാസ് (പെട്രോൾ) സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ (യൂസ്‌ഡ്‌ കാർ), പാൽ, പച്ചക്കറികൾ, ഫ്രോസൺ ഫുഡ്സ്, പാചക എണ്ണകൾ എന്നിവയെല്ലാം വിലകൂടിയവയിൽ ചിലതു മാത്രം. നിത്യോപയോഗസാധനങ്ങളുടെ വില കുത്തുച്ചുയരുകയാണ്. വാഹനത്തിൽ ഇന്ധനം നിറക്കുമ്പോൾ പോക്കറ്റ് കാലിയാകുന്നതും, അടുക്കളയിലേക്കുള്ള സാധനങ്ങൾ വാങ്ങിച്ചു വരുമ്പോൾ ബാങ്ക് ബാലൻസ് നെഗറ്റീവിലേക്കു പോകുന്നതും ജനജീവിതത്തെ സാരമായി ബാധിച്ചു എന്നാണ് എബിസി ന്യൂസ് സർവേ പറയുന്നത്. ഉപജീവനത്തിനായി യൂബർ ഓടിക്കുന്ന മലയാളിയായ ഒരാളോട് ലേഖകൻ ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ചില ദിവസങ്ങളിൽ കിട്ടുന്നത് ഗ്യാസ് നിറക്കാൻ മാത്രമേ തികയൂ എന്നാണ്. “പ്രത്യേകിച്ചും ഭക്ഷണ സാധനങ്ങളുടെ വില ഉയരുന്നതിനാൽ, കുറഞ്ഞ വരുമാനക്കാർക്ക് ബുദ്ധിമുട്ടാണ്,” അദ്ദേഹം പറഞ്ഞു. “ആളുകൾക്ക് ജീവിക്കാൻ പ്രയാസമാണ്. കഴിഞ്ഞ വർഷം ഇപ്രാവശ്യം നൽകിയതിനേക്കാൾ ഒരു ഗാലണിന് $1 കൂടുതൽ ഇപ്പോൾ നൽകേണ്ടി വരുന്നു, ഇതിന്റെ ഒരു കാരണം ഡിമാൻഡ് ആണ്, മറ്റൊരു കാരണം 2021-ൽ ആറ് റിഫൈനറികൾ അടച്ചുപൂട്ടിയതാണ്.”

എല്ലാത്തരം സാധനങ്ങളുടെയും വില കഴിഞ്ഞ വർഷത്തേക്കാൾ 6.8% ആണ് ഉയർന്നത്; ഏകദേശം 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വാർഷിക പണപ്പെരുപ്പ നിരക്കാണിത്. ഭക്ഷണം, ഊർജം, പാർപ്പിടം, മറ്റ് വസ്തുക്കൾ എന്നിവയുടെ വില ക്രമാതീതമായി വർദ്ധിച്ചു എന്ന് ലേബർ ഡിപ്പാർട്മെന് പോലും സാക്ഷ്യപ്പെടുത്തുന്നു.  1982 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വാർഷിക പണപ്പെരുപ്പ നിരക്ക് ആണ് അമേരിക്കക്കാർ ഇന്ന് അനുഭവിക്കുന്നത്. വിലക്കയറ്റം മൂലം താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ, ദൈനംദിന ആവശ്യങ്ങൾക്ക് സമ്മർദ്ദം വർദ്ധിക്കുന്നു.  ചില ജോലിസ്ഥാപനങ്ങളെങ്കിലും നൽകിയ ഉയർന്ന വേതനം  പണപ്പെരുപ്പം മൂലം പ്രയോജനപ്പെടുത്തുവാൻ ഉപഭോക്താക്കൾക്കായില്ല എന്നതാണ് വാസ്തവം.  പാൻഡെമിക് മാന്ദ്യത്തിൽ നിന്നുള്ള  തിരിച്ചുവരവിന്റെ ഫലമായുണ്ടായ പല ഘടകങ്ങളുടെ മിശ്രിതമാണ് പണപ്പെരുപ്പത്തിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സർക്കാരിന്റെ ഉത്തേജനപാക്കേജിന്റെ  കുത്തൊഴുക്ക്, ഫെഡറൽ രൂപകൽപ്പന ചെയ്ത വളരെ കുറഞ്ഞ നിരക്കുകൾ, യുഎസിലെയും വിദേശത്തെയും ഫാക്ടറികളിലെ വിതരണ ക്ഷാമം. പ്രതീക്ഷിച്ചതിലും ഭാരിച്ച ഉപഭോക്തൃ ഡിമാൻഡ്, കൊവിഡുമായി ബന്ധപ്പെട്ട അടച്ചുപൂട്ടലുകൾ, തുറമുഖങ്ങളിലും ചരക്ക് യാർഡുകളിലും ചരക്കു നീക്കം മന്ദഗതിയിലായത് എല്ലാം കാരണമായി ഇവർ ചൂണ്ടികാണിക്കുന്നു. ചെറുകിട കച്ചവടക്കാർക്കും തിരിച്ചടി അനുഭവപ്പെടുന്നു. സ്റ്റാഫ്‌ഫോഡിൽ മലയാളി ഗ്രോസറി സ്റ്റോർ നടത്തുന്ന ആളുമായി ലേഖകൻ സംസാരിച്ചപ്പോൾ അദ്ദേഹവും പറയുന്നത് മുൻ വർഷങ്ങളിലെക്കാളും ചിലവേറിയ ഒരു ക്രിസ്തുമസ് ആയിരിക്കും ഈ വർഷം എന്നാണ്. എങ്കിലും സെയിലും ഡിസ്കൗണ്ടുകളും നൽകുവാൻ ആവുന്നത് ശ്രമിക്കും. വിതരണ ശൃംഖലയിലെ കാലതാമസവും ഷിപ്പിംഗ് ചെലവുകളും വർദ്ധിച്ചു എന്നാലും ആ വർധനവ്  തങ്ങളുടെ ഉപഭോക്താക്കൾക്ക് കൈമാറാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെസ്റ്റോറന്റുകളുടെ വില 5.8% വർദ്ധിച്ചതായാണ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചത്. 1982 ജനുവരിക്കു ശേഷമുള്ള ഏറ്റവും വലിയ 12 മാസത്തെ വർദ്ധനവാണിത്. പുറത്തു പോയി ആഹാരം കഴിക്കുന്നവർക്ക് ഒരു നല്ല വാർത്തയല്ല ഇത്. എന്നാൽ ഭക്ഷണം വീട്ടിൽ പാകം ചെയ്യാം എന്ന് വച്ചാലോ പലചരക്കു സാധനങ്ങളുടെ വിലയും റെക്കോർഡ് ഉയരത്തിലാണ്. 6.4% ആണ് വർദ്ധനവ്. 2008 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ 12 മാസത്തെ വർദ്ധനവാണിത്. ബീഫിന് ഏറ്റവും നാടകീയമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്, 20.9% വില വർദ്ധനവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം  വില ഏകദേശം 6% കൂടുതലായിരിക്കുമെന്ന് മക്ഡൊണാൾഡ് സിഇഒ ക്രിസ് കെംപ്സിൻസ്കി ഒക്ടോബറിലെ ഒരു അനലിസ്റ്റ് കോളിൽ പറഞ്ഞു. ചിപ്പോട്ടിലും ഈ വർഷം വില വർദ്ധിപ്പിച്ചു.
ലെറ്റൂസ് ഇല ചീരയുടെ വില 6.9% ഉയർന്നു, പഴങ്ങൾ 2.2% ഉയർന്നു. ടാംഗറിൻ ഉൾപ്പെടെയുള്ള ഓറഞ്ച്, 2.4% ഉയർന്നു. ഫ്രഷ് കോഫികേക്കുകളും ഡോനട്ടുകളും പോലുള്ള ട്രീറ്റുകൾക്ക് വില 3.5% ആണ് കുതിച്ചുയർന്നത്. മാംസത്തിന്റെ വിലയിലും വർദ്ധനവ് തുടർന്നു. പന്നിയിറച്ചി വില 2.2% വർദ്ധിച്ചു, പ്രഭാതഭക്ഷണ സോസേജുകൾ 2.7% ഉം ഹോട്ട് ഡോഗ് 2.8% ഉം വർദ്ധിച്ചു. പോർക്ക് റോസ്റ്റുകൾ, സ്റ്റീക്ക്സ്, റിബ്ബസ് എന്നിവ 3.7% ഉയർന്നു.

ഈ പാൻഡെമിക്-മാന്ദ്യ സമ്പദ്‌വ്യവസ്ഥയിലൂടെ നാമെല്ലാവരും കടന്നു പോകുമ്പോൾ, വൈറ്റ് ഹൗസ് വളരെ ശുഭാപ്തിവിശ്വാസത്തോടെ ആണ് തുടരുന്നത്. എന്നാൽ സമീപകാല വോട്ടെടുപ്പിൽ അമേരിക്കക്കാർ ഇതുവരെ ബൈഡൻ ഭരണകൂടം സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിനെ അംഗീകരിക്കുന്നില്ല എന്നാണ് സർവേ ഫലം പ്രതിഫലിപ്പിക്കുന്നത്. 

 

LEAVE A REPLY

Please enter your comment!
Please enter your name here