ന്യൂ ഡൽഹി : അയോധ്യയിൽ ബിജെപി നേതാക്കളുടെ  ബന്ധുക്കൾ ഭൂമി കൈയേറിയെന്ന ആരോപണത്തിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്  നേതാക്കൾ രംഗത്ത്., രാഹുൽ ഗാന്ധി, മല്ലികാർജുർ ഖാർഗെ, രൺദീപ് സുർജേവാല എന്നിവരാണ് ബിജെപിക്കെതിരെ രംഗത്തെത്തിയത്. ”ബഹുമാനപ്പെട്ട മോദിജി, ഈ തുറന്ന കൊള്ളയെക്കുറിച്ച് നിങ്ങൾ എപ്പോഴാണ് വാ തുറക്കുക ? കോൺഗ്രസ് പാർട്ടിയും രാജ്യത്തെ ജനങ്ങളും രാമഭക്തന്മാരും ചോദ്യങ്ങൾ ചോദിക്കുകയാണ്. ഇത് രാജ്യദ്രോഹമല്ലേ ? രാജ്യദ്രോഹത്തിൽ കുറവുണ്ടോ ? അയോധ്യയിൽ ‘അന്ധേർ നഗരി, ചൗപത് രാജ’ ഭരണമാണ് ബിജെപി നടത്തുന്നത്”- രൺദീപ് സുർജേവല പറഞ്ഞു. മാധ്യമ വാർത്തയെ അധികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് ഉത്തർപ്രദേശ് സർക്കാറിനെതിരെ ആദ്യം രംഗത്തെത്തിയത്.

മതത്തിന്റെ മറവിൽ ഹിന്ദുത്വ ശക്തികൾ കൊള്ളയടിക്കുന്നുവെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. ഹിന്ദു സത്യത്തിന്റെ മാർഗത്തിൽ സഞ്ചരിക്കുന്നു. എന്നാൽ ഹിന്ദുത്വവാദികൾ മതത്തിന്റെ മറവിൽ കൊള്ളയടിക്കുന്നുവെന്ന് രാഹുൽ ഗാന്ധി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. അയോധ്യക്കേസിൽ സുപ്രീം കോടതി വിധിക്ക് ശേഷം എം എൽ എ, മേയർ, കമ്മീഷണർ, എസ്ഡിഎ, ഡിഐജി എന്നിവരുടെ ബന്ധുക്കൾ അയോധ്യയിൽ ക്ഷേത്രത്തിന് സമീപം ഭൂമി കൈയേറിയെന്നായിരുന്നു മാധ്യമവാർത്ത. രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുർ ഖാർഗയും വിഷയം ഉന്നയിച്ചിരുന്നു. ഭൂമി കുംഭകോണം എന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആരോപിച്ചത്.  സംഭവത്തിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here