ലഖ്‌നൗ: അയോധ്യയിലെ ഭൂമിയിടപാടുകളിൽ  അന്വേഷണത്തിന് ഉത്തരവിട്ട് യുപി സർക്കാർ. രാമക്ഷേത്രത്തിന് സമീപം ബിജെപി നേതാക്കളടക്കം ഭൂമി വാങ്ങിക്കൂട്ടിയെന്ന ആരോപണത്തിന്മേലാണ് അന്വേഷണം. ഉദ്യോഗസ്ഥരും വൻ ഇടപാടുകൾ നടത്തിയെന്ന് പരാതിയുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയത്തിൽ അടിയന്തിര റിപ്പോർട്ട് തേടി. 2019 നവംബറിലാണ് അയോധ്യയിൽ രാമക്ഷേത്രത്തിന് അനുമതി നൽകിക്കൊണ്ടുള്ള വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഈ വിധിക്ക് മുമ്പും ശേഷവും അയോധ്യയിൽ നടന്ന ഭൂമിയിടപാടുകളാണ് വിവാദത്തിന് ഇടയായിരിക്കുന്നത്.

അയോധ്യയിൽ രാമക്ഷേത്രനിർമ്മാണം നടക്കുന്ന സ്ഥലത്ത് നിന്ന് അഞ്ചുകിലോമീറ്റർ ചുറ്റളവിലാണ് പല ഭൂമിയിടപാടുകളും നടന്നത്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമാണ് പതിനഞ്ചോളം ഭൂമി ഇടപാടുകൾ നടത്തിയിരിക്കുന്നത്. എന്നാൽ ഇടപാടുകളൊന്നും നേരിട്ടില്ല. ബന്ധുക്കളുടെ പേരിലോ മറ്റ് ആളുകളുടെ പേരിലോ ആണ് ഇടപാടുകൾ. അയോധ്യയിലെ മേയറായ ഋഷികേശ് ഉപാധ്യായ് മാത്രമാണ് നേരിട്ട് ഭൂമി വാങ്ങിയിരിക്കുന്നത്. വിധി വരുന്നതിന് രണ്ടുമാസം മുമ്പാണ് മേയർ ഭൂമി വാങ്ങിയത്. രണ്ട് എംഎൽഎമാർ, ഡിവിഷണൽ കമ്മീഷണർ, അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് സംസ്ഥാനത്തെ ഒബിസി കമ്മീഷൻറെ അംഗം ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ, ഡിഐജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ഭൂമി വാങ്ങിയതിൻറെ തെളിവുകൾ പുറത്തുവന്നതോടെ ഉത്തർപ്രദേശ് സർക്കാർ സമ്മർദ്ദത്തിലായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here