ഒരു വര്‍ഷം കൂടി അവസാനിക്കുകയാണ്. ഏതാനും മണിക്കൂറുകള്‍ കൂടി കഴിഞ്ഞാല്‍ 2021 പൂര്‍ണ്ണമായും പടിയിറങ്ങിപ്പോവുകയും 2022 കടന്നു വരികയും ചെയ്യും. 2021ന്റെ പടിയിറക്കം ഒരു വര്‍ഷത്തിന്റെ അവസാനം എന്നത് മാത്രമല്ല, പകരം പകര്‍ച്ച വ്യാധികളുടേയും രോഗങ്ങളുടേയും ലോക്ക് ഡൗണുകളുടേയും അവസാനം കൂടിയാവണമേയെന്ന്  എന്ന് നമുക്ക്  ആത്മാര്‍ത്ഥമായ പ്രാർത്ഥിക്കാം.

2019 ന്റെ അവസാനം മുതൽ ലോകം മുഴുവൻ മുഴങ്ങി കേള്‍ക്കുന്ന ഏറ്റവും ഭീതിപ്പെടുത്തിയ വാക്ക് കോവിഡ് എന്നതായിരിക്കും. 2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണയെന്ന പകര്‍ച്ച വ്യാധി അവിടുന്നിങ്ങോട്ട് രണ്ട് വര്‍ഷങ്ങള്‍ ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. ഒരു രോഗം ലോകത്തെ മുഴുവന്‍ വിറപ്പിച്ചു നിര്‍ത്തുന്നതും സ്തംഭിപ്പിച്ചതും ഈ തലമുറയിലെ എല്ലാവര്‍ക്കും പുതിയ കാഴ്ചയായിരുന്നു.

ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ധിച്ചു. മരണ നിരക്ക് ഉയര്‍ന്നു. അസുഖം പിടിപെടാതിരിക്കാന്‍ എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടും കൊറോണ എന്ന രോഗം രോഗം പിന്നെയും പിന്നെയും ആക്രമിച്ചു. ഓരോരുത്തരുടേയും ലോകം വീടിനുള്ളില്‍ മാത്രമായി ഒതുങ്ങി. രോഗം ശാരീരികമായി തളര്‍ത്തിയപ്പോള്‍ പെട്ടന്നുള്ള ജോലി നഷ്ടപ്പെടലുകളും വരുമില്ലാത്ത അവസ്ഥയുമെല്ലാം മാനസികമായും സാമ്പത്തികമായും മനുഷ്യരെ തകര്‍ത്തു. കൂലിപ്പണിക്കാരനെന്നോ, ബിസിനസ്സ്മാനെന്നോ, വന്‍കിട സംരഭകരെന്നോ വ്യത്യാസമില്ലാതെ എല്ലാവരേയും കോവിഡും അതേത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും ശക്തമായി ഉലച്ചു.

ഒടുവില്‍ 2021 ന്റെ അവസാനത്തോടെ കോവിഡ് കേസുകള്‍ കുറഞ്ഞു തുടങ്ങി, ലോകമൊന്നു നേരെ നിന്നു തുടങ്ങിയപ്പോള്‍ വിധിയതിന്റെ വിളയാട്ടം നടത്തിയത് വിപത്തിന്റെ പേരു മാറ്റി ഒമിക്രോണ്‍ എന്ന് പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു. ഇതിപ്പോള്‍ ഒമിക്രോണിന്റെ സമയമാണ്. കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന്റെ രോഗവ്യാപനത്തോത് മൂന്നിരട്ടി കൂടുതലാണെന്നാണ് മുന്നറിയിപ്പ്. ഒമിക്രോണ്‍ ഉയര്‍ത്തുന്ന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ വര്‍ഷം അവസാനിക്കുന്നത്.

വരാനിരിക്കുന്നത് 2022 ആണ്. പുതിയ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി ലോകം 2022 നെ വരവേല്‍ക്കുമ്പോള്‍ കടന്നുവരുന്നത് സമാധാനത്തിന്റേയും ഐശ്വര്യത്തിന്റേയും മാത്രം ദിവസങ്ങളായിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കാം. മാസ്‌കിന്റെ മറയില്ലാതെ, സാമൂഹിക അകലമില്ലാതെ സ്‌നേഹിക്കാന്‍, ഒത്തു ചേരാന്‍ ആഘോഷിക്കാന്‍ പകര്‍ച്ച വ്യാധികള്‍ അവസാനിക്കട്ടെ. കേരള ടൈംസിന്റെ പ്രീയ വായനക്കാര്‍ക്ക് ഹൃദയപൂര്‍വ്വം പുതുവത്സരാശംസകള്‍…

പോൾ കറുകപ്പള്ളിൽ
മാനേജിങ്ങ് ഡയറക്ടർ
കേരള ടൈംസ്

 

LEAVE A REPLY

Please enter your comment!
Please enter your name here