പനാജി: ഗോവയിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അമിത് പാലേക്കറിനെ പ്രഖ്യാപിച്ചു. പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെര്ജിവാളാണ് പ്രഖ്യാപനം നടത്തിയത്. അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ പാലേക്കർ ഗോവയിലെ ജനസംഖ്യയുടെ 35 ശതമാനം വരുന്ന ഒബിസി ഭണ്ഡാരി സമുദായത്തിൽ നിന്നുള്ള വ്യക്തിയാണ്.

ഗോവ പൈതൃകകേന്ദ്രത്തിലെ അനധികൃത നിർമാണത്തിനെതിരെ നിരാഹാര സമരം നടത്തി അടുത്തിടെ വാർത്തകളിൽ നിറഞ്ഞ് നിന്ന വ്യക്തിയാണ് 46 കാരനായ അമിത് പാലേക്കർ. കഴിഞ്ഞ ഒക്ടോബറിലായിരുന്നു അദ്ദേഹം ആം ആദ്മി പാർട്ടിയിൽ ചേർന്നത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സെൻറ് ക്രൂസ് നിയോജക മണ്ഡലത്തിൽ നിന്നാണ് പാലേക്കർ മത്സരിക്കുന്നത്. നിലവിൽ ബിജെപിയുടെ സിറ്റിങ് സീറ്റാണ് ഇതെന്നതും ശ്രദ്ധേയമാണ്.

‘ഗോവയ്ക്ക് മാറ്റം അനിവാര്യമാണ്. ആം ആദ്മിയ്ക്ക് മികച്ച പ്രതികരണമാണ് സംസ്ഥാനത്ത് നിന്ന് ലഭിക്കുന്നത്. ഡൽഹി മോഡൽ ഭരണത്തിൽ ജനങ്ങൾക്ക് മതിപ്പുണ്ട്’ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ കെജ്രിവാൾ പറഞ്ഞു. സംസ്ഥാനത്തുടനീളം പുതുമുഖങ്ങൾക്കാണ് തങ്ങൾ സീറ്റ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമിത് പാലേക്കറിൻറെ പേര് പ്രഖ്യാപിക്കുന്നതിന് മുൻപ്, സത്യസന്ധനായ ഒരാളെയാണ് തങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നതെന്നായിരുന്നു കെജ്രിവാൾ പറഞ്ഞത്. ഗോവയിലെ ജനസംഖ്യയുടെ 35 ശതമാനവും ഭണ്ഡാരി സമുദായത്തിൽ നിന്നുള്ളവരാണ്. പക്ഷേ അവർക്കിടയിൽ നിന്ന് ഇതുവരെയായി ഒരാൾ മാത്രമാണ് മുഖ്യമന്ത്രി ആയിട്ടുള്ളതെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ 40 സീറ്റുകളിലും ഇത്തവണ ആം ആദ്മി പാർട്ടി മത്സരിക്കുന്നുണ്ട്. ഭരണകക്ഷിയായ ബിജെപിക്കും പ്രതിപക്ഷമായ കോൺഗ്രസിനും പുറമേ തൃണമൂൽ കോൺഗ്രസും ശിവസേനയും ഇത്തവണ ഗോവയിൽ ജനവിധി തേടുന്നുണ്ട്. ഫെബ്രുവരി 14 നാണ് ഇവിടെ വോട്ടെടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here