ഫ്രാൻസിസ് തടത്തിൽ 
 
ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2022 – 2024 വർഷത്തെ ഭരണസമിതിയിൽ അസോസിയേറ്റ്‌ സെക്രെട്ടറിയായി ന്യൂജേഴ്‌സിയിൽ നിന്നുള്ള പ്രമുഖ സംഘടനാ- സാംസ്കാരിക നേതാവ് ജോയി ചാക്കപ്പൻ മത്സരിക്കുന്നു.
 
ന്യൂജേഴ്സിയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള കൾച്ചറൽ ഫോറത്തെ (കെ.സി.എഫ് ) പ്രതിനിധികരിച്ചാണ് ജോയി ചാക്കപ്പൻ ഫൊക്കാന അസോസിയേറ്റ് സെക്രെട്ടറിയായി മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന കെ.സി.എഫ്. ജനറൽ ബോഡി യോഗമാണ് ചാക്കപ്പനെ ഫൊക്കാന അസോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പിന്തുണ പ്രഖ്യാപിച്ചത്. കെ. സി.എഫിന്റെ പ്രസിഡണ്ട്, സെക്രെട്ടറി, ട്രഷറർ തുടങ്ങിയ നിരവധി പദവികൾ വഹിച്ചിട്ടുള്ള ചാക്കപ്പൻ ഒരു മികച്ച സംഘാടകനും സാമൂഹ്യപ്രവർത്തകനുമാണ്.  
 
സീറോ മലബാർ സഭയുടെ ചിക്കാഗോ രൂപതയുടെ രൂപീകരണത്തിനു ശേഷം ആദ്യമായി നടന്ന  സഭയുടെ ചരിത്രത്തിൽ ഇടം പിടിച്ച സീറോ മലബാർ കാത്തലിക്ക് കൺവെൻഷനു പിന്നിൽ ചുക്കാൻ പിടിച്ചത് ചാക്കപ്പൻ എന്ന പേരിൽ പൊതുവെ അറിയപ്പെടുന്ന ജോയി ചക്കപ്പനാണ്. ന്യൂജേഴ്‌സിയിൽ വച്ചായിരുന്നു ചിക്കാഗോ രൂപത നിലവിൽ വന്ന ശേഷം  ആദ്യത്തെ കൺവെൻഷൻ നടന്നത്. കൺവെൻഷന്റെ ജനറൽ സെക്രെട്ടറിയായിരുന്ന ചാക്കപ്പന്റെ നേതൃത്വത്തിൽ കുറ്റമറ്റതായി രീതിയിൽ കൺവെൻഷൻ നടത്തി വിജയകരമാക്കിയതിന്റെ അനുഭവ സമ്പത്തുകൊണ്ടാണ് 2020ൽ ന്യൂജേഴ്‌സിയിൽ വച്ച്  നടക്കാനിരുന്ന ഫൊക്കാന കൺവെൻഷന്റെ ചെയർമാൻ പദവി ചാക്കപ്പനെ തേടിയെത്തിയത്. 
 
നിർഭാഗ്യവശാൽ കോവിഡ് 19 മഹാമാരി ഉയർത്തിയ പ്രതിസന്ധിമൂലം കൺവെൻഷൻ റദ്ദ് ചെയ്യേണ്ടി വന്നു. ന്യൂജേഴ്സിയിലെ കാസിനോ നഗരമായ അറ്റ്ലാന്റിക്ക് സിറ്റിയിലെ പഞ്ച നക്ഷത്ര റിസോർട്ടിൽ അതിവിപുലമായ പരിപാടികളോടെ നടത്താനിരുന്ന കൺവെൻഷൻ ആണ് മറ്റേതു പരിപാടികളേതെന്നപോലെ കോവിഡ് ഭീഷണിമൂലം വേണ്ടെന്നു വയ്‌ക്കേണ്ടി വന്നത്. ചാക്കപ്പന്റെ നേതൃത്വത്തിൽ ഒരു വർഷം മുൻപേ ആരംഭിച്ച ഒരുക്കങ്ങൾ ഏതാണ്ട് പാതി വഴി തീരും മുൻപ് ഉപേക്ഷിക്കേണ്ടി വന്നു. വാക്സീനുകൾ പോലും നിലവിലില്ലാത്ത സാഹചര്യമായതിനാലാണ് ആ മഹാമേള വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചതെന്ന് ചാക്കപ്പൻ പറയുന്നു. ഈ അനുഭവ സമ്പത്തുകൂടി കണക്കിലെടുത്താണ്  ജൂലൈ മാസത്തിൽ ഒർലാണ്ടോയിൽ നടക്കുന്ന അടുത്ത ഫൊക്കാന കൺവെൻഷന്റെ നാഷണൽ കൺവീനർ ആയി ചാക്കപ്പനെ തെരെഞ്ഞെടുത്തത്.
 
ന്യൂജേഴ്സിയിലെ ബെർഗൻ ഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാട്ടുകൂട്ടം എന്ന കലാ -സാംസ്കാരിക സംഘടനയുടെ സജീവ പ്രവർത്തകനായ ജോയി ചാക്കപ്പൻ നാട്ടുകൂട്ടം അവതരിപ്പിച്ചിട്ടുള്ള ഏതാനും നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. സീറോ മലബാർ സഭയുടെ ന്യൂജേഴ്സിയിലെ പ്രഥമ ഇടവകയായ പാറ്റേഴ്സൺ സെയിന്റ് ജോർജ് ഇടവകയുടെ സജീവ സാന്നിധ്യമായ ചാക്കപ്പൻ ഇടവക ട്രസ്റ്റി, സെക്രട്ടറി തുടങ്ങിയ പദവികൾ പല തവണ വഹിച്ചിട്ടുണ്ട്. പാറ്റേർസണിൽ സ്വന്തമായി പള്ളി വാങ്ങുന്നതിന് പിന്നിലും  ചാക്കപ്പൻറെ പരിശ്രമങ്ങൾ ഉണ്ടായിരുന്നു. നിലവിൽ സീറോ മലബാർ കാത്തലിക്ക് കോൺഫറൻസിന്റെ പാറ്റേഴ്സൺ ഇടവക സെക്രെട്ടറിയാണ് ജോയി ചാക്കപ്പൻ.
 
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്‌റ്ററിന്റെ പ്രസിഡണ്ട് കൂടിയായ ഫൊക്കാനയുടെ പ്രസിഡണ്ട് സ്ഥാനാർത്ഥി ലീല മാരേട്ടിനൊപ്പം ചാപ്റ്ററിന്റെ വൈസ് പ്രസിഡണ്ട് ആയി പ്രവർത്തിക്കുന്ന ചാക്കപ്പന് ഫൊക്കാനയിൽ ലീലയുടെ ടീമിനൊപ്പം തന്നെ അസ്സോസിയേറ്റ് സെക്രട്ടറിയായി മത്സരിക്കുന്നതും ഒരു നിമിത്തമായി കാണുന്നു. അമേരിക്കയിൽ എത്തും മുൻപ് കോളേജ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന ചാക്കപ്പൻ കെ.എസ്.യു.പ്രവർത്തകനായി  വിവിധ ഭാരവാഹിത്വങ്ങളും വഹിച്ചിരുന്നു.
 
കൊരട്ടി സ്വദേശിയായ വളപ്പി -ചാക്കപ്പൻ മറിയം ദമ്പതികളുടെ 8 മക്കളിൽ  എട്ടാമനായ ജോയി ചാക്കപ്പൻ കാലടി ശ്രീശങ്കര കോളേജിൽ നിന്ന് ഫിസിക്സിൽ  ബി.എസ് .സി. ബിരുദമെടുത്തശേഷം 1984ൽ അമേരിക്കയിൽ കുടിയേറി. നാട്ടിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെ അനുഭവസമ്പത്ത് കൈമുതലായുള്ള ചാക്കപ്പൻ കെ.സി.എഫിൽ  സജീവമായി പ്രവർത്തനമാരംഭിച്ചു. കൂടാതെ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളിലും വ്യാപൃതനായി. നോർത്തേൺ ന്യൂജേഴ്‌സിയിലെ ആദ്യത്തെ ഇടവകയായ (ഇപ്പോഴത്തെ പാറ്റേഴ്സൺ സെയിന്റ് ജോർജ് ചർച്ച്) ഗാർഫീൽഡ് മിഷൻ ആരംഭിക്കുന്നതിനായി അന്നത്തെ വികാരിയായ ജോയി അച്ചൻ( ഇപ്പോഴത്തെ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട്)നൊപ്പം  ചാക്കപ്പൻ സജീവമായി ഒപ്പമുണ്ടായിരുന്നു.  
 

ഭാര്യ: വത്സമ്മ (നേഴ്സ് പ്രാക്ടീഷണർ). മക്കൾ: ഡോ.നീന ജോയി (മോറിസ് ടൗൺ മെഡിക്കൽ സെന്റർ) , നവീൻ ജോയി (ഡി.പി.റ്റി) അവസാന വർഷ വിദ്യാർത്ഥി)

LEAVE A REPLY

Please enter your comment!
Please enter your name here