ഇന്ത്യയുടെ പ്രിയപ്പെട്ട സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി  യാത്രയായിരിക്കുന്നു. എഴുപതുകളിലും എൺപതുകളിലും ഒട്ടേറെ ഹിറ്റ് ഗാനങ്ങൾക്കാണ് ബപ്പി ലാഹിരി സംഗീതം പകർന്നത്. ഡിസ്‌കോ സംഗീതത്ത സിനിമയിൽ ജനപ്രിയമാക്കാനും ബപ്പി ലാഹിരി പ്രധാന പങ്കു വഹിച്ചു. മലയാളത്തിലും ഒരു സിനിമയ്ക്കായി ബപ്പി ലാഹിരി സംഗീതം പകർന്നിട്ടുണ്ട്.

‘ദ ഗുഡ് ബോയ്‌സ്’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ബപ്പി ലാഹിരി സംഗീത സംവിധാനം നിർവഹിച്ചത്. മധു, കലാഭവൻ മണി, സുധീഷ്, ജഗതി , ജനാർദ്ദനൻ തുടങ്ങിയവർ  അഭിനയിച്ച ചിത്രം 1997ലാണ് പ്രദർശനത്തിനെത്തിയത്. ഗിരീഷ് പുത്തഞ്ചേരിയാണ് ചിത്രത്തിന്റെ ഗാനരചന നിർവഹിച്ചത്. നാല് ഗാനങ്ങളായിരുന്നു ചിത്രത്തിന് വേണ്ടി ബപ്പി ലാഹിരി ചിട്ടപ്പെടുത്തിയത്.

‘ആതിരെ നീയല്ലാതാരുണ്ടെന്നേ’, മാരിവില്ലോ മലർനിലാവോ’, ‘പകൽ മായും മുകിൽ മാനം’, ‘വെൺ പ്രാവേ’ എന്നിവയായിരുന്നു ‘ദ ഗുഡ് ബോയ്‌സി’ലെ ഗാനങ്ങൾ. എം ജി ശ്രീകുമാർ, കെ എസ് ചിത്ര, മനോ, ബിജു നാരായണൻ എന്നിവരായിരുന്നു ഗാനങ്ങൾ ആലപിച്ചത്. ബപ്പി ലാഹിരിയുടെ മലയാള ചിത്രം അത്ര വിജയമായിരുന്നില്ല. ബപ്പി ലാഹിരിയുടെ ശബ്ദത്തിൽ മലയാള ഗാനം കേൾക്കാൻ ഭാഗ്യമുണ്ടായിരുന്നില്ല.

ഗായകനെന്ന നിലയിലും സിനിമയിൽ ശ്രദ്ധേയനായ ബപ്പി ലഹിരി മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യൻ ഭാഷകളിലും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.  ബപ്പി ലാഹിരി ചെയ്ത തമിഴ് ചിത്രങ്ങളിൽ പ്രധാനം ‘അപൂർവ സഹോദരികളാ’ണ്. ഗുജറാത്തിയിൽ പ്രദർശനത്തിനെത്തിയ സിനിമയായ ‘ജനം ജനം ന സാതി’നു വേണ്ടിയും ബപ്പി ലാഹിരി സംഗീത സംവിധാനം നിർവഹിച്ചു.

മുംബൈയിലെ ക്രിട്ടികെയർ ആശുപത്രിയിൽ വച്ചായിരുന്നു ബപ്പി ലഹരിയുടെ മരണം. ഒരു മാസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ചൊവ്വാഴ്ച ആരോഗ്യം വീണ്ടും മോശമാവുകയായിരുന്നു. പരിശോധനയ്ക്കായി ഒരു ഡോക്ടറെ വീട്ടിലെത്തിച്ച കുടുംബം പിന്നാലെ വീണ്ടും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ചില ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്ന അദ്ദേഹത്തിൻറെ മരണ കാരണം ഒഎസ്എ (ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്‌നിയ) ആണെന്ന് ക്രിട്ടികെയർ ആശുപത്രി ഡയറക്ടർ ഡോ. ദീപക് നം ജോഷി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.  കഴിഞ്ഞ വർഷം ഏപ്രിലിൽ കൊവിഡ് ബാധിച്ചിരുന്നു.  മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ അന്ന് ചികിത്സ നേടിയ അദ്ദേഹം  ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊവിഡ് വിമുക്തനായിരുന്നു.

ഒരു ബംഗാളി ബ്രാഹ്‌മണ കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിൻറെ ഔദ്യോഗിക നാമം അലോകേഷ് ലാഹിരി എന്നാണ്. മാതാപിതാക്കളായ അപരേഷ് ലാഹിരിയും ഭാൻസുരി ലാഹിരിയും ശാസ്ത്രീയ സംഗീതം അഭ്യസിച്ച ഗായകരായിരുന്നു. കിഷോർ കുമാർ ബന്ധുവാണ്. ചെറു പ്രായത്തിൽ തന്നെ തബല പഠിച്ചുതുടങ്ങിയ അലോകേഷ് പിന്നീട് സംഗീത പഠനത്തിലേക്ക് എത്തുകയായിരുന്നു. ‘ഡിസ്‌കോ ഡാൻസർ’, ‘ഷറാബി’ തുടങ്ങി എൺപതുകളിലെ നിരവധി ജനപ്രിയ ചിത്രങ്ങൾക്ക് അദ്ദേഹമൊരുക്കിയ ഗാനങ്ങൾ ഇന്നും സിനിമാപ്രേമികളുടെ മനസ്സിലുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here