RAJESH THILLENKERY

ന്യൂ ഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ (കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹം വീണ്ടും ശക്തമാകുന്നു. പ്രശാന്ത് കിഷോറുമായി നേതൃത്വം ചർച്ച തുടങ്ങി. ഗുജറാത്ത് തെരഞ്ഞെടുപ്പോടെ കോൺഗ്രസിന്റെ  ഭാഗമാകുമെന്നാണ് സൂചന.

പ്രശാന്ത് കിഷോറിനെ നേതൃതലത്തിലേക്ക് കൊണ്ടുവരുന്നതിൽ മാസങ്ങൾക്ക് മുൻപ് ചർച്ച നടന്നിരുന്നു. പാർട്ടി തന്ത്രങ്ങൾ മെനയാൻ പ്രശാന്ത് കിഷോറിൻറെ കീഴിൽ എ ഐ സി സിയിൽ പ്രത്യേക വിഭാഗം തുടങ്ങുന്നതിനെ കുറിച്ചും ആലോചന നടന്നു. എന്നാൽ അദ്ദേഹത്തെ പാർട്ടിയിലെടുക്കുന്നതിൽ ഒരു വിഭാഗം കടുത്ത അതൃപ്തി അറിയിച്ചു. ബിജെപിക്കും, തൃണമൂൽ കോൺഗ്രസിനും ബുദ്ധി ഉപദേശിച്ചയാളെ പാർട്ടിയുടെ ഭാഗമാക്കരുതെന്ന എതിർപ്പിൽ നേതൃത്വം പിന്നോട്ട് പോയി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്തും പ്രകോപനത്തിന് മുതിർന്നില്ല.

ഇപ്പോൾ കടുത്ത പ്രതിസന്ധി ഘട്ടത്തിൽ നേതൃത്വം വീണ്ടും പ്രശാന്ത് കിഷോറിനെ സമീപിച്ച് ചർച്ച തുടങ്ങിയെന്നാണ് വിവരം. നിർണായക പദവി നൽകി ഗുജറാത്തിലടക്കം നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാനും 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കാനും കിേേഷാറുണ്ടാകുമെന്നാണ് ചില മുതിർന്ന നേതാക്കൾ നൽകുന്ന വിവരം.

ഗുജറാത്തിൽ ഹാർദിക് പട്ടേലിനൊപ്പം, പട്ടേൽ സമുദായത്തിൽ നിർണായക സ്വാധീനമുള്ള നരേഷ് പട്ടേൽ എന്ന നേതാവിനെ കൂടി കോൺഗ്രസ് പാളയത്തിലെത്തിക്കാനുള്ള നീക്കത്തിന് പിന്നിൽ പ്രശാന്ത് കിഷോറിൻറെ ഇടപെടലുണ്ടെന്നാണ് റിപ്പോർട്ടുകൾ. രാജസ്ഥാൻ, ഛത്തീസ്ഘട്ട് സംസ്ഥാനങ്ങൾ നിലനിർത്താനും മധ്യപ്രദേശ് തിരിച്ചു പിടിക്കാനുമുള്ള ഫോർമുല നേതൃത്വം ആരാഞ്ഞിട്ടുണ്ട്. ഗ്രൂപ്പ് 23 നെ ഉൾക്കൊള്ളാനുള്ള നേതൃത്വത്തിൻറെ നീക്കത്തിന് പിന്നിലും പ്രശാന്ത് കിഷോറിൻറെ നിർദേശങ്ങളുണ്ടെന്നാണ് വിവരം

LEAVE A REPLY

Please enter your comment!
Please enter your name here