RAJESH THILLENKERY

പത്തനംതിട്ട :   രണ്ടാം കോവിഡ് വ്യാപന കാലത്ത് ഓക്‌സിജൻ ഉത്പാദനത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം  സ്വയംപര്യാപ്തത നേടിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. റാന്നി താലൂക്ക് ആശുപത്രിയിൽ നിർമിച്ച ഓക്‌സിജൻ ഉത്പാദന യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു മിനിറ്റിൽ 333 ലിറ്റർ ഓക്‌സിജൻ ഉത്പാദിപ്പിക്കാൻ കഴിയുന്ന പ്ലാന്റാണ് പ്രവർത്തനം ആരംഭിച്ചത്. മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്ന റാന്നി താലൂക്ക് ആശുപത്രിയെ ചികിത്സയ്ക്കായി ആശ്രയിക്കുന്ന ആളുകളുടെ എണ്ണം വർധിച്ചുവരികയാണ്. ശബരിമല തീർഥാടകർ കടന്നു പോകുന്ന റാന്നി മേഖലയിലെ  ഈ താലൂക്ക് ആശുപത്രിയിൽ ഇനിയും കൂടുതൽ വികസനം നടത്തും.  ഓക്‌സിജൻ പ്ലാന്റ് നിർമാണം പൂർത്തിയാക്കാൻ സ്ഥലം എംഎൽഎ പ്രമോദ് നാരായണന്റെ ഇടപെടൽ ഏറെ പ്രശംസനീയമാണ്. ആർദ്രം പദ്ധതിയുടെ ഭാഗമായി ഒപി നവീകരണത്തിന് 93 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. ഇത് പൂർത്തിയാകുമ്പോൾ കൂടുതൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകും. റാന്നി ആശുപത്രിയിലെ സ്ഥലപരിമിതി പരിഹരിക്കുന്നതിനായി 15.6 കോടി രൂപ മുടക്കി പുതിയ ബ്ലോക്ക് നിർമിക്കുന്നതിന് ഭരണാനുമതി നല്കി. റാന്നി ഉൾപ്പെടെയുള്ള ആശുപത്രികളിലെ ലക്ഷ്യ പദ്ധതിയുടെ നിർവഹണത്തിനായി 75 ലക്ഷം രൂപയാണ് അനുവദിച്ചത്. ആവശ്യം വന്നാൽ ഈ പദ്ധതിക്കായി കൂടുതൽ തുക അനുവദിക്കുന്നതിനായി നടപടി സ്വീകരിക്കും.

ആരോഗ്യമേഖയിൽ എല്ലാവരും ഒരുപോലെ പ്രവർത്തിക്കുന്നതുകൊണ്ടാണ് സംസ്ഥാനതലത്തിൽ കൂടുതൽ മികവുണ്ടാകുന്നത്. ഓരോ കാര്യങ്ങളിലും ഉന്നതതലത്തിലെടുക്കുന്ന തീരുമാനം താഴേതട്ടിൽ നടപ്പാക്കുമ്പോഴാണ് അത് വിജയകരമായി മാറുന്നത്. ആരോഗ്യമേഖലയിൽ കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന വികസനം സംസ്ഥാനത്ത് നടത്തിവരുന്നു. ഏറ്റവും അധികം തസ്തികകൾ സൃഷ്ടിക്കപ്പെട്ടത് ആരോഗ്യമേഖലയിലാണ്. ചികിത്സ മെച്ചപ്പെടുത്തുക, ഒപ്പം രോഗികളോട് ഏറ്റവും നല്ലരീതിയിൽ ഇടപഴകാൻ ആരോഗ്യവകുപ്പിലെ എല്ലാവർക്കും കഴിയണമെന്നും മന്ത്രി പറഞ്ഞു.
ഡോക്ടേഴ്‌സ് ഫോർ യൂ സംഘടന നല്കിയ 1.25 കോടി  വിലമതിക്കുന്ന പ്ലാന്റിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനായി റാന്നി ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷം രൂപയും നല്കിയിരുന്നു.

ചടങ്ങിൽ ഡോക്ടേഴ്‌സ് ഫോർ യു സംഘടനയുടെ പ്രോഗ്രാം കോ-ഓർഡിനേറ്റർ അബ്ദുള്ള ആസാദിനേയും ഡയറക്ടർ ഓപ്പറേഷൻസ് ആൻഡ് എച്ച്ആർ ജേക്കബ് ഉമ്മൻ അരികുപുറത്തിനുവേണ്ടി പ്രോഗ്രാം അസിസ്റ്റന്റ് ഫെബിനേയും മന്ത്രി ആദരിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് വാക്‌സിനേഷനുകൾ നല്കിയ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ടി.എ. ബിന്ദുവിനേയും മന്ത്രി ആദരിച്ചു.

അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ  അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ രാജു ഏബ്രാഹം, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാർളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സുജ, റാന്നി ഡിവിഷൻ ജില്ലാ പഞ്ചായത്തംഗം ജോർജ് ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജേക്കബ് സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here