രാജ്യതലസ്ഥാനത്തെ ഡിഎംകെയുടെ ആസ്ഥാനമന്ദിര ഉദ്ഘടാനം നാളെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിര്‍വഹിക്കും. വൈകിട്ട് 5 മണിക്ക് ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ആസ്ഥാന മന്ദിരത്തില്‍ വച്ചു നടക്കുന്ന ചടങ്ങിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കും.

പ്രാദേശിക പാര്‍ട്ടി ആയിരുന്നിട്ട് കൂടിയും ലോക് സഭയിലെ അംഗബലത്തില്‍ മൂന്നാമതാണ് ഡി.എം.കെ . പ്രവര്‍ത്തകരുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു രാജ്യതലസ്ഥാനത്ത് പാര്‍ട്ടിക്ക് ഒരു ആസ്ഥാന മന്ദിരം വേണമെന്നത്. ഡിഎംകെയുടെ ചെന്നൈ ആസ്ഥാന മന്ദിരത്തിന്‍റെ പേര് അണ്ണാ അറിവാലയം എന്നാണ് അതിനൊപ്പം കരുണാനിധിയുടെ പേരുകൂടി ചേര്‍ത്ത് അണ്ണാ കലൈഞ്ജര്‍ അറിവാലയം എന്നാണ് ഡല്‍ഹിയിലെ ആസ്ഥാനത്തിന് പേര് നല്‍കിയിരിക്കുന്നത്.

ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കള്‍ ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടെത്തി സ്റ്റാലിൻ ക്ഷണിച്ചിട്ടുണ്ടെങ്കിലും ചടങ്ങിന് എത്തിയേക്കില്ല. പകരം കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ പങ്കെടുക്കും. കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ഒരു നിര തന്നെ ചടങ്ങിന് സാക്ഷികളാകും.

 


ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഡൽഹിയിൽ എത്തുന്നതിൽ തീരുമാനം ആയിട്ടില്ല.അഞ്ച്സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷ ഐക്യത്തിനുള്ള  സംഗമ വേദിയായി ഡിഎംകെ ആസ്ഥാന മന്ദിര ഉദ്ഘാടനം മാറുമെന്നതും ശ്രദ്ധേയമാണ്.

മുന്നണിയിൽ കോൺഗ്രസ്‌ വേണമെന്നും വേണ്ടന്നും വാദിക്കുന്ന പ്രതിപക്ഷ പാർട്ടികൾ തമ്മിൽ തർക്കങ്ങളും തുടരുകയാണ്. എന്നാൽ കോൺഗ്രസിനെ ഉൾപ്പെടുത്തിയുള്ള പ്രതിപക്ഷ മുന്നണിക്ക് മാത്രമാണ് ഡിഎംകെ യുടെ താല്പര്യം. ഈ സാഹചര്യത്തിൽ എം കെ സ്റ്റാലിന്റെ ദേശീയ തലത്തിലെ നീക്കങ്ങൾക്ക് പുതിയ ആസ്ഥാന മന്ദിരം മുഖ്യപങ്കുവഹിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here