ന്യൂഡൽഹി: ഇന്ത്യയിലെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ‍യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമാധാനശ്രമങ്ങൾക്ക് പ്രധാനമന്ത്രി മോദി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്ത്യയുടെ സഹകരണം തേടി‍ കഴിഞ്ഞ ദിവസമാണ് ലാവ്റോവ് ഡൽഹിയിലെത്തിയത്. റഷ്യയിൽ നിന്ന് വാങ്ങുന്ന പടക്കോപ്പുകളും എണ്ണ ഇറക്കുമതിയും തുടരുന്നതിനും പണമിടപാടിന് മുടക്കം വരാതിരിക്കുന്നതിനും ഇന്ത്യക്കു മേൽ സമ്മർദം ചെലുത്താനാണ് പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പ്രത്യേക നിർദേശ പ്രകാരം സെർജി ലാവ്റോവ് എത്തിയത്.

 

അതേസമയം, റഷ്യക്കെതിരായ ഉപരോധം അപ്രസക്തമാക്കുന്ന വിധത്തിൽ ഇന്ത്യ മുന്നോട്ടു നീങ്ങുന്നതിൽ അമേരിക്കയും ആസ്ട്രേലിയയും കഴിഞ്ഞ ദിവസം തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ”ശരിയു​ടെ പക്ഷത്ത് നിൽക്കേണ്ട ചരിത്രഘട്ടമാണിത്.

പുടിന്റെ യുദ്ധത്തിന് പണം കൊടുത്ത് പ്രോത്സാഹിപ്പിക്കാതെ യുക്രെയ്ൻ ജനതയുടെ സ്വാതന്ത്ര്യം, പരമാധികാരം, ജനാധിപത്യം എന്നിവക്കായി നിലകൊള്ളുന്ന അമേരിക്കക്കും മറ്റ് രാജ്യങ്ങൾക്കുമൊപ്പം നില കൊള്ളേണ്ട സമയമാണിത്” – യു.എസ് വാണിജ്യ സെക്രട്ടറി ഗിന റെയ് മോണ്ടോ പറഞ്ഞു. ആസ്ട്രേലിയയുടെ വ്യാപാര മന്ത്രി ദാൻ ടെഹനും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here