ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് 2022 സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കാര്യങ്ങള്‍ അത്ര ശുഭകരമല്ല. നേരിട്ട ആദ്യ രണ്ടു മത്സരങ്ങളും തോറ്റ അവര്‍ക്ക് ഇതുവരെ പോയിന്റ് പട്ടികയില്‍ അക്കൗണ്ട് തുറക്കാനായിട്ടില്ല. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടാണ് അവര്‍ തോല്‍വി രുചിച്ചത്.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 210 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും അവര്‍ മൂന്നു പന്ത് ബാക്കിനില്‍ക്കെ തോല്‍വി രുചിക്കുകയായിരുന്നു. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെയും(45 പന്തുകളില്‍ നിന്ന് 61), മധ്യനിര താരം എവിന്‍ ലൂയിസിന്റെയും(23 പന്തുകളില്‍ നിന്ന് 55), നായകന്‍ കെ.എല്‍. രാഹുലിന്റെയും(26 പന്തുകളില്‍ നിന്ന് 40) മികവിലാണ് ലഖ്‌നൗ വിജയം പിടിച്ചെടുത്തത്.

രവീന്ദ്ര ജഡേജയുടെ അവസ്ഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മഹേന്ദ്ര സിങ് ധോണിക്കു പകരം ഈ സീസണ്‍ ആരംഭിക്കുന്നതിന് രണ്ടു ദിനം മുമ്പാണ് ജഡേജ നായകനായി നിയമിതനായത്. തുടര്‍ന്ന് ആദ്യ രണ്ടു മത്സരങ്ങളിലും ടീമിനെ ജയത്തിലേക്കു നയിക്കാന്‍ കഴിയാതെ വന്നതോടെ ജഡേജയുടെ നായക മികവിനെ ചോദ്യം ചെയ്യുകയാണ് ചില ആരാധകര്‍.’ധോണിയുണ്ടായിരുന്നെങ്കില്‍…’ എന്ന തരത്തിലാണ് അവരുടെ വിമര്‍ശനം. ജഡേജ ധോണിയുടെ ഏഴയലത്ത് വരില്ലെന്നും ജഡേജയെക്കൊണ്ട് ഒന്നിനും കഴിയില്ലെന്നുമൊക്കെയാണ് അവരുടെ പരിഹാസം. എന്നാല്‍ നിഷ്പക്ഷ ക്രിക്കറ്റ് ആരാധകരും മുന്‍ താരങ്ങളടക്കമുള്ള ക്രിക്കറ്റ് വിദഗ്ധരും ബാലിശമായ ഈ ആരോപണങ്ങളെ ഖണ്ഡിക്കുകയാണ്.

ജഡേജയെ കാഴ്ചക്കാരനാക്കി നിര്‍ത്തി ധോണിയാണ് മത്സരങ്ങളില്‍ പല നിര്‍ണായക തീരുമാനങ്ങളും കൈക്കൊണ്ടത് എന്നത് മത്സരം വീക്ഷിച്ചവര്‍ക്കെല്ലാം ബോധ്യമായതാണ്. എന്നാല്‍ മത്സരഫലം പ്രതികൂലമായതോടെ എല്ലാ കുറ്റവും ജഡേജയുടെ തലയിലേക്കിട്ട് ഇഷ്ടതാരമായി ധോണിയെ പിന്താങ്ങുകയാണ് ആരാധകക്കൂട്ടം. ഇതിനെതിരേ ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജയടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തു വന്നുകഴിഞ്ഞു.ഇന്നലത്തെ മത്സരം പരിശോധിച്ചാല്‍ മുകേഷ് ചൗധരി അവസാന ഓവര്‍ എറിയാന്‍ തയ്യാറെടുക്കുമ്പോള്‍ ക്യാപ്റ്റന്‍ ടിപ്‌സുമായി ധോണിയാണ് ബൗളര്‍ക്കൊപ്പമുണ്ടായിരുന്നത്. ആ സമയം ടീം നായകനായ ജഡേജ അങ്ങുദൂരെ ബൗണ്ടറി ലൈനിനരികില്‍ തന്റെ റോള്‍ എന്താണെന്ന് പോലും നിച്ഛയമില്ലാതെ നില്‍ക്കുകയായിരുന്നു.

കളിക്കിടയില്‍ ധോണിയുടെ ഓരോ നിര്‍ദ്ദേശങ്ങളും ക്യാമറ ഒപ്പിയെടുക്കുമ്പോഴും അതോടൊപ്പം തന്നെ ക്യാമറ ജഡ്ഡുവിലേക്കും പോവുന്നുണ്ടായിരുന്നു. പലവിധ വികാരവിക്ഷോഭങ്ങളും നിറഞ്ഞ ആ മുഖത്തേക്ക്. ആ മുഖത്ത് എല്ലാമുണ്ടായിരുന്നു.സീസണ്‍ തുടങ്ങുന്നതിനു മുന്‍പൊരു തലമാറ്റം… സത്യത്തില്‍ എന്തിനായിരുന്നു ഈ നാടകമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ചോദിക്കുന്നത്. ആദ്യ കളിയില്‍ ഏതൊരു പുതുമുഖക്യാപ്റ്റനും പതറുന്നത് പോലെ ജഡേജയും പതറിയെന്നതു ശരി. പക്ഷെ അവിടെ തുടങ്ങി ഇടപെടലുകള്‍. ജഡ്ഡു വെറുമൊരു റബ്ബര്‍ സ്റ്റാമ്പ് മാത്രമായി മാറി.

നാലോ അഞ്ചോ കളികള്‍ അയാളൊരു പരാജയമെങ്കില്‍ മനസിലാക്കാം. ഇത് പക്ഷേ വെറും രണ്ടു മത്സരങ്ങള്‍. ധോണി ആരാധകര്‍ക്ക് ഇതും ആഘോഷമാണ്. അവരുടെ ‘തലയുടെ ഉടപെടലുകള്‍ കൊണ്ട് മത്സരം അവസാന ഓവറില്‍ എത്തി’ എന്ന സോഷ്യല്‍ മീഡിയ കമന്റുകളില്‍ നിന്നു തന്നെ അതു വ്യക്തം. എന്നാല്‍ ജഡേജ സ്വതന്ത്രമായി കളി നിയന്ത്രിച്ചിരുന്നെങ്കില്‍ അയാളുടേതായ പദ്ധതികള്‍ ഉണ്ടാകുമായിരുന്നില്ല എന്നു പറയാനാകുമോയെന്നും നിഷ്പക്ഷ ആരാധകര്‍ ചോദിക്കുന്നു.ജഡേജയെപ്പോലൊരു സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇത്തരത്തില്‍ റബ്ബര്‍ സ്റ്റാമ്പായി മാറ്റപ്പെട്ടു നാണംകെടുന്നതില്‍ പലരും അമര്‍ഷവും രേഖപ്പെടുത്തുന്നുണ്ട്. ‘ചെന്നൈ സൂപ്പര്‍ കിങ്‌സ് നല്‍കുന്ന 16 കോടി വലിച്ചെറിഞ്ഞു ആത്മാഭിമാനം തിരിച്ചുപിടിക്കൂ സര്‍ ജഡേജ..!’ എന്നാണ് അവര്‍ക്കു പറയാനുള്ളതെന്ന് ഇന്നലത്തെ മത്സരശേഷമുള്ള സോഷ്യല്‍ മീഡിയ ട്രെന്റുകള്‍ കണ്ടാല്‍ മനസിലാകും.

LEAVE A REPLY

Please enter your comment!
Please enter your name here