ഫ്രാൻസിസ് തടത്തിൽ
ഡിട്രോയിറ്റ്: പ്രമുഖ സാമൂഹ്യ- സാംസ്കാരിക പ്രവര്‍ത്തകനും വെറ്ററിനറി മെഡിസിൻ പ്രാക്റ്റീഷനറും ഫൊക്കാനയുടെ തലമുതിർന്ന നേതാവുമായ ഡോ. മാത്യു വര്‍ഗീസ് (രാജന്) ഫൊക്കനയുടെ 2022-2024 വര്‍ഷത്തെ ഭരണസമിതിയില്‍ അസോസിയേറ്റ് ട്രഷറർ ആയി മത്സരിക്കുന്നു. നിലവിൽ ഫൊക്കാനയുടെ അസോസിയേറ്റ് സെക്രെട്ടറി ആയ ഡോ. മാത്യു ഫൊക്കാനയുടെ ഡെട്രോയിറ്റിൽ നിന്നുള്ള ഏറ്റവും സീനിയർ നേതാക്കന്മാരിലൊരാളാണ്.
ഫൊക്കാനയിലെ പ്രത്യേകിച്ച് ഡെട്രോയിറ്റിലെ മലയാളികളുടെ ഇടയിൽ ഏറെ പ്രശസ്തനായ ഡോ. മാത്യു വര്‍ഗീസ് ഡിട്രോയിറ്റിലെ അമേരിക്കക്കാർക്കിടയിലും സുപരിചിതനാണ്. ഫൊക്കാനയിലെ ഏറ്റവും സീനിയർ നേതാക്കന്മാരിലൊരാളായ മാത്യു വര്ഗീസിനെപ്പോലെ ഏവരും ബഹുമാനിക്കുന്ന നേതാക്കന്മാരെ ഫൊക്കാന അംഗങ്ങൾ മുൻ കാലങ്ങളിലെന്നപോലെ ഇക്കുറിയും ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് ഫൊക്കാനയുടെ ഉന്നത നേതാക്കന്മാർ. ലീല മാരേട്ട് നേതൃത്വം നൽകുന്ന ടീമിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്.
സൗമ്യ പ്രകൃതക്കാരനായ ഡോ. മാത്യു വര്‍ഗീസ് ഡെട്രോയിറ്റിലെ മലയാളികളുടെ ഏതു കാര്യങ്ങൾക്കും കൃത്യമായ ഇടപെടലുകൾ നടത്താറുണ്ട് .ഡിട്രോയിറ്റിലെ സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ഡോ. മാത്യു വര്‍ഗീസ് രണ്ടു തവണ ഫൊക്കാനയുടെ മുൻ അസോസിയേറ്റ് സെക്രെട്ടറി സ്ഥാനവുംഒരു തവണ ട്രസ്റ്റി ബോർഡ് അംഗവുമായിരുന്നു.