ന്യൂഡൽഹി: കോൺഗ്രസിന് പഴയ പ്രതാപം വീണ്ടെടുക്കാനുള്ള തന്ത്രങ്ങൾ ഉപദേശിക്കുകയാണ് പ്രശാന്ത് കിഷോർ എന്ന രാഷ്ട്രീയ തന്ത്രജ്ഞൻ. പാർട്ടിയുടെ ബലഹീനതകൾ മുൻനിർത്തിയാണ് കിഷോർ മറുതന്ത്രങ്ങൾ ഒരുക്കുന്നത്.

പാർട്ടിയ്‌ക്കേറ്റ വീഴ്‌ചകൾ നേതൃത്വത്തെ ബോദ്ധ്യപ്പെടുത്തിക്കൊണ്ട് ഒരുക്കിയിരിയ്ക്കുന്ന മാർഗങ്ങൾ കോൺഗ്രസ് അംഗീകരിയ്‌ക്കുമോയെന്ന കാര്യത്തിൽ മാത്രമാണ് ഇനി വ്യക്തത വരാനുള്ളത്.

ദേശീയ നേതൃത്വത്തിൽ നിന്ന് ഗാന്ധി കുടുംബം മാറി നിൽക്കണമെന്നതടക്കമുള്ള കടുത്ത നിർദേശങ്ങളും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു. ഏതെല്ലാം സംസ്ഥാനങ്ങളിൽ സഖ്യം വേണം എന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ കിഷോർ വ്യക്തത വരുത്തിയിട്ടുണ്ട്.

ആന്ധ്രാപ്രദേശിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ.സി.പിയുമായി സഖ്യം വേണമെന്നതാണ് പ്രശാന്ത് കിഷോറിന്റെ പ്രധാന നിർദേശം. ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായി സഖ്യം ചേരണമെന്നും കിഷോർ പറയുന്നു.

ഉത്തർപ്രദേശിൽ നിന്നും പ്രിയങ്ക ഗാന്ധി ദേശീയ രാഷ്ട്രീയത്തിലേക്ക് വരണം. അദ്ധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കരുത്. ഇതിനു പകരം രാഹുൽ, മോദിയ്‌ക്കെതിരായ പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് കിഷോർ നിർദേശിക്കുന്നത്.

സഭയുടെ അകത്തും പുറത്തും മോദിക്കെതിരെയുള്ള പോരാട്ടം രാഹുൽ നയിക്കണം. കോൺഗ്രസ് പാർലമെന്ററി ബോർ‍ഡ് പുനഃസ്ഥാപിക്കണമെന്നും രാഹുലായിരിക്കണം തലപ്പത്ത് എത്തേണ്ടതെന്നും കിഷോർ ചൂണ്ടിക്കാട്ടി. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും പണ്ട് വഹിച്ചിരുന്ന പദവിയാണിത്. പ്രശാന്ത് കിഷോറിന്റെ ഈ നിർദേശങ്ങൾ കോൺഗ്രസ് നേതൃത്വം എങ്ങനെ ഉൾക്കൊള്ളുമെന്നത് ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമാകും.

LEAVE A REPLY

Please enter your comment!
Please enter your name here