ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസമാണ് ഗുജറാത്തിൽ എത്തിച്ചേർന്നത്. സുരക്ഷ,​ പ്രതിരോധം, ഊർജ, വ്യാപാര മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കുകയായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നിലെ ലക്ഷ്യം.

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദർശനം ചരിത്രം കുറിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലെ സ്വതന്ത്ര വ്യാപാര ഉടമ്പടിയുടെ പുരോഗതി, ഗ്ളാസ്‌ഗോയിൽ സ്വീകരിച്ച കാലാവസ്ഥാ പ്രതിബദ്ധതകൾ, സ്വതന്ത്രമായ ഇന്തോ-പസിഫിക് എന്നീ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ധാരണയായി.

ദീപാവലിയോടെ ഇന്ത്യയുമായി പുതിയ സ്വതന്ത്ര വ്യാപാര കരാർ നിർമിക്കാൻ ലക്ഷ്യമിടുകയാണെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യ ചില ഉത്പന്നങ്ങളുടെ താരിഫ് കുറച്ചതിന് പകരമായി ബ്രിട്ടനും ചില താരിഫുകൾ ഒഴിവാക്കുമെന്നും ബോറിസ് അറിയിച്ചു. ഇരു രാജ്യങ്ങളുടെയും ആരോഗ്യ മേഖലയിലെ സഹകരണം പ്രതീക്ഷിക്കുന്നതായും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.

ഇന്തോ- പസഫിക് മേഖല സ്വതന്ത്രവും സൗജന്യവുമാക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ഇതിനെ ദശകങ്ങൾ നീണ്ടു നിൽക്കുന്ന കരാറായാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

ബ്രിട്ടീഷുമായുള്ള സ്വതന്ത്ര വ്യാപാര കരാർ തുടരാനും പ്രതിരോധ രംഗത്തെ സഹകരണം ശക്തമാക്കാനും ഇന്ത്യ ആഗ്രഹിക്കുന്നതായി മോദി പ്രതികരിച്ചു. കാലാവസ്ഥാ രംഗത്തെ സഹകരണവും തുടരും. രാജ്യത്തെ പരിഷ്‌കരണ നടപടികളും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. ബ്രിട്ടീഷ് കമ്പനികളുടെ ഇന്ത്യയിലെ നിക്ഷേപം സ്വാഗതം ചെയ്യുന്നുവെന്നും മോദി പറഞ്ഞു.

ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ പരിഷ്കരണവും ചർച്ചയായി. ഉഭയകക്ഷി ബന്ധം ശക്തിപ്പെട്ടെന്ന് ബോറിസ് ജോൺസൺ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. യുക്രെയിൻ അഫ്‌‌ഗാൻ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.

LEAVE A REPLY

Please enter your comment!
Please enter your name here