ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്‌കിന് സ്വന്തം. 44 ബില്യണ്‍ ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കാനൊരുങ്ങുന്നത്. ഓഹരിക്ക് 54.20 ഡോളറായിരുന്നു വാഗ്ദാനം. എന്നാല്‍ ഒരു പടി കൂടി കടന്നാണ് 44 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. കരാര്‍ സംബന്ധിച്ച് ഓഹരി ഉടമകളുടെ കൂടെ അഭിപ്രായം തേടാനാണ് ട്വിറ്റര്‍ മാനേജ്‌മെന്റ് തീരുമാനം എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ട്വിറ്ററിന്റെ ഓഹരി മൂല്യം 4.5 ശതമാനം ഉയര്‍ന്നു. 51.15 ഡോളറിലാണ് ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ ട്വിറ്റര്‍ ഓഹരികളുടെ വിപണനം. മസ്‌ക് സ്വന്തം നിലയ്ക്കാണ് ട്വിറ്റര്‍ വാങ്ങാന്‍ ശ്രമിക്കുന്നത്. ഈ ഡീലില്‍ ടെസ്ലയ്ക്ക് യാതൊരു പങ്കുമില്ല. മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കുമോ എന്ന ആകാംക്ഷയില്‍ അന്തിമ ചര്‍ച്ചകളില്‍ ഉറ്റുനോക്കിയിരിക്കുകയായിരുന്നു ലോകം.

ട്വിറ്ററില്‍ ഒന്‍പത് ശതമാനത്തിലേറെ ഇലോണ്‍ മസ്‌ക് ഓഹരി സ്വന്തമാക്കിയതിന് പിന്നാലെയാണ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിനെ മുഴുവനായി വാങ്ങാനുള്ള താത്പര്യം ഇലോണ്‍ മസ്‌ക് അറിയിച്ചത്. തുടക്കത്തില്‍ ഇതിനെ തമാശയായി കരുതിയ ട്വിറ്റര്‍ മാനേജ്‌മെന്റ് ഇലോണ്‍ മസ്‌ക് പൊന്നുംവില പ്രഖ്യാപിച്ചതോടെ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുകയായിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ട്വിറ്റര്‍ സ്വകാര്യ ആസ്തിയാകണമെന്നാണ് ഇലോണ്‍ മസ്‌കിന്റെ വാദം. തന്നെ ഏറ്റവും നിശിതമായി വിമര്‍ശിക്കുന്നവര്‍ വരെ ട്വിറ്ററില്‍ തുടരും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അതാണ് അഭിപ്രായ സ്വാതന്ത്ര്യമെന്നുമാണ് ഇലോണ്‍ മസ്‌ക് ഒടുവില്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ‘ജനാധിപത്യത്തിന്റെ ജീവനുള്ള അടിത്തറയാണ് അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യരാശിയുടെ ഭാവിയില്‍ സുപ്രധാനമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഡിജിറ്റല്‍ ടൗണ്‍ സ്‌ക്വയറാണ് ട്വിറ്റര്‍’- കരാര്‍ പ്രഖ്യാപിച്ച് മസ്‌ക് പ്രസ്താവനയില്‍ പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here