മോസ്‌കോ : യുക്രെയിനിൽ റഷ്യ കടന്നുകയറിയതിന് പിന്നാലെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. അമേരിക്കൻ ചുവട് പിടിച്ച് യൂറോപ്യൻ യൂണിയനും റഷ്യൻ ഉത്പന്നങ്ങളെ ബഹിഷ്‌കരിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ യൂറോപ്പിന്റെ ഊർജ്ജാവശ്യങ്ങൾ റഷ്യയെ ഒഴിവാക്കിയാൽ പ്രതിസന്ധിയിലാവുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനാൽ തന്നെ റഷ്യയെ അധികനാൾ പിണക്കാൻ യൂറോപ്പിനാവില്ലെന്നും വാദമുയർന്നു. ഇത് ശരിവയ്ക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. നാല് യൂറോപ്യൻ ഗ്യാസ് കമ്പനികൾ റഷ്യൻ കറൻസിയിൽ റൂബിൾ വാങ്ങുന്നതിനുള്ള കരാർ ഒപ്പിട്ടുവെന്നാണ് മാദ്ധ്യമ റിപ്പോർട്ട്. റഷ്യൻ വാതക ഭീമനായ ഗാസ്‌പ്രോം പിജെഎസ്സിയുമായി അടുപ്പമുള്ളവരാണ് ഈ വിവരം പുറത്ത് വിട്ടത്.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ആവശ്യപ്പെട്ടത് പോലെ നാല് യൂറോപ്യൻ ഗ്യാസ് കമ്പനികൾ ഇതിനകം റൂബിളിൽ പണം നൽകിയിട്ടുണ്ട്. റൂബിളിൽ ഇടപാട് നടത്താൻ തയ്യാറായില്ലെങ്കിൽ പോളണ്ടിലേക്കും ബൾഗേറിയയിലേക്കുമുള്ള ഗ്യാസ് പൈപ്പുകൾ അടയ്ക്കാൻ പുടിൻ ഉത്തരവിട്ടിരുന്നു. പുടിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് യൂറോപ്യൻ കമ്പനികൾ റഷ്യയുടെ ആവശ്യങ്ങൾക്ക് വഴങ്ങാൻ തീരുമാനിച്ചത്. റൂബിളിൽ ഇടപാട് നടത്താനായി പത്തോളം യൂറോപ്യൻ കമ്പനികൾ ഗാസ്‌പ്രോംബാങ്കിൽ അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. 23 യൂറോപ്യൻ രാജ്യങ്ങളിലേക്ക് പൈപ്പ് ലൈനുകൾ വഴി റഷ്യ ഗ്യാസ് വിതരണം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here