മിസ്സിസ്സിപ്പി : മിസ്സിസ്സിപ്പി ഗൾഫ് കോസ്റ്റ് ഹോട്ടലിൽ ഉണ്ടായ വെടിവയ്പിൽ ഹോട്ടൽ ഉടമയും രണ്ടു ജീവനക്കാരും കൊല്ലപ്പെട്ടു. തുടർന്ന് അവിടെ നിന്നു രക്ഷപ്പെട്ട പ്രതിയെന്നു സംശയിക്കുന്ന ആൾ മറ്റൊരു കാർ തട്ടിയെടുക്കുന്നതിനിടയിൽ ആ കാറിന്റെ ഡ്രൈവർക്കു നേരെ വെടിയുതിർക്കുകയും ഡ്രൈവർ മരിക്കുകയും ചെയ്തു.

തട്ടിയെടുത്ത കാറുമായി കടന്നുകളഞ്ഞ ഇയാളെ പൊലീസ് കണ്ടെത്തി. കാറിൽ നിന്നിറങ്ങി കൺവീനിയന്റ് സ്റ്റോറിൽ അതിക്രമിച്ചു കടന്ന പ്രതി അവിടെ രണ്ടു മണിക്കൂറുകളോളം ജീവനക്കാരെ ബന്ദികളാക്കി പൊലീസുമായി വിലപേശൽ നടത്തി. പൊലീസിന്റെ ഉത്തരവുകൾ അനുസരിക്കാൻ വിസമ്മതിച്ചതിനെതുടർന്നു പ്രതിയെ പിടികൂടാൻ പൊലീസ് കണ്ണീർ വാതകം ഉപയോഗിച്ചു കൺവീനിയന്റ് സ്റ്റോറിനുള്ളിൽ കയറി. എന്നാൽ  പ്രതി  മരിച്ചു കിടക്കുന്നതാണ് അവിടെ കണ്ടത്. മരണകാരണം വ്യക്തമല്ല.

ഹോട്ടൽ പ്രൊപ്പയ്റ്റർ മൊഹമ്മദ് മൊയ്തി (51), ജീവനക്കാരായ ലോറ ലാമാൻ(61), ചാഡ്‍ഗ്രീൽ (55), കാർ ഡ്രൈവർ വില്യം വാൾട്ട്മാൻ(52), പ്രതി ജെർമി അൽസണ്ടർ(32) എന്നീ അഞ്ചു പേരാണ് ഈ സംഭവത്തിൽ കൊല്ലപ്പെട്ടത്.

ഏപ്രിൽ 27 ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവത്തിന്റെ തുടക്കം. പണത്തെ സംബന്ധിച്ചു പിതാവും പ്രതിയെന്നു സംശയിക്കുന്നയാളും തമ്മിൽ തർക്കം ഉണ്ടായി എന്നാണു ഹോട്ടൽ ഉടമയുടെ മകൾ പൊലീസിനെ അറിയിച്ചത്. വെടിവച്ചെന്നു സംശയിക്കുന്ന പ്രതി ഇരച്ചു കയറിയ കൺവീനിയന്റ് സ്റ്റോറിൽ തീ ആളി പടർന്നിരുന്നു.  എങ്ങനെയാണ് തീപിടിച്ചതെന്നും സംഭവത്തെകുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here