ന്യൂഡല്‍ഹി: രാജ്യത്തെ 3ജി, 4ജി ടെലികോം ദാതാക്കള്‍ 5ജി ലോഞ്ച് ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്നും മാസങ്ങള്‍ക്കകം ഇന്ത്യയില്‍ 5ജി സാധ്യമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

ടെലികോം റെ​ഗുലേറ്ററി അതോറിറ്റിയായ ട്രായിയുടെ സില്‍വര്‍ ജൂബിലി ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഈ ദശാബ്ദത്തില്‍ തന്നെ ഇന്ത്യ 6ജി ടെലികോം നെറ്റ്വര്‍ക്ക് ലക്ഷ്യമിടുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇതിലൂടെ അള്‍ട്രാ ഹെെ സ്പീഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സാധ്യമാകുമെന്നും വ്യക്തമാക്കി.

5ജി കടന്നു വരുന്നതോടുകൂടി 450 ബില്യണ്‍ ഡോളര്‍ ഇന്ത്യന്‍ സാമ്ബത്തിക മേഖലയില്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് ഇന്ത്യന്‍ രൂപയില്‍ ഏതാണ്ട് 3,492 കോടിയോളം വരും. ഈ വളര്‍ച്ച കൃഷി, ആരോ​ഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന വികസനം, ലോജിസ്റ്റിക്സ് എന്നിവക്ക് കുതിപ്പ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

5ജി സാങ്കേതികവിദ്യ രാജ്യത്തിന്റെ ഭരണരം​ഗത്ത് നല്ല രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അറിയിച്ച പ്രധാനമന്ത്രി അത് ജീവനവും ബിസിനസ്സും എളുപ്പമാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഇന്റര്‍നെറ്റിന്റെ വേ​ഗത വര്‍ധിപ്പിക്കുക മാത്രമല്ല 5ജി വികസനത്തിന്റെയും, തൊഴിലവസരങ്ങളുടെയും വേ​ഗത വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ ദശാബ്ദത്തില്‍ തന്നെ 6ജി ശൃംഖല പ്രവര്‍ത്തിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും പ്രധാനമന്ത്രി ചടങ്ങില്‍ ചൂണ്ടിക്കാണിച്ചു. ഇന്ത്യയില്‍ മൊബെെല്‍ നിര്‍മാണ യൂണിറ്റുകള്‍ രണ്ടില്‍ നിന്ന് 200 ലേക്ക് ഉയര്‍ന്നുവെന്നും ലോകത്തിലെ ഏറ്റവും വലിയ മൊബെെല്‍ നിര്‍മാണ ഹബ്ബാണ് ഇന്ന് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

തന്റെ സര്‍ക്കാര്‍ ആരോ​ഗ്യപരമായ മത്സരങ്ങളെ പ്രോത്സാഹിപ്പിച്ചുവെന്നും അതുവഴി ലോകത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു. 2ജി കാലഘട്ടം പക്ഷപാതത്തിന്റെയും അഴിമതിയുടെയും ആയിരുന്നു. എന്നാല്‍ തനിക്ക് കീഴിലുള്ള സര്‍ക്കാര്‍ 4ജിയിലൂടെയും, 5ജിയിലൂടെയും സുതാര്യമായാണ് കടന്നുപോകുന്നതെന്നും പറഞ്ഞ് കോണ്‍​ഗ്രസ് നേതൃത്വം നല്‍കിയ മുന്‍ യുപിഎ സര്‍ക്കാരിനെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here