പി പി ചെറിയാന്‍

ചിക്കാഗോ: മില്ലേനിയം പാര്‍ക്കില്‍ രാത്രി പത്തുമണിക്കുശേഷം നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി ചിക്കാഗൊ മേയര്‍ ലോറി ലൈറ്റ് ഫുട്ട് അറിയിച്ചു. ശനിയാഴ്ച ഉണ്ടായ വെടിവെപ്പില്‍ പതിനേഴുകാരനായ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സാഹചര്യം കണക്കിലെടുത്താണ് നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതെന്ന് ഇന്ന് (മെയ് 16ന്) മേയര്‍ പറഞ്ഞു. ഞായറാഴ്ച മില്ലേനിയം പാര്‍ക്കിലേക്ക് കൗമാരക്കാരെ വൈകീട്ട് ആറ് മണിക്ക് ശേഷം പ്രവേശിപ്പിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വൈകീട്ട് ആറ് മണി മുതല്‍ രാത്രി 10 മണിവരെ ഇവര്‍ക്ക് പാര്‍ക്കില്‍ പ്രവേശനം അനുവദിക്കണമെങ്കില്‍ കൂടെ മുതിര്‍ന്നവര്‍ കൂടി ഉണ്ടായിരിക്കണമെന്ന് ഉത്തരവില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. അടുത്ത വാരാന്ത്യം മുതല്‍ ഉത്തരവ് നടപ്പാക്കുമെന്നും മേയര്‍ ചൂണ്ടികാട്ടി. മില്ലേനിയം പാര്‍ക്ക് പോലുള്ള പൊതു സ്ഥലങ്ങളിലേക്ക് ആളുകള്‍ വരുന്നത്, അല്പം വിശ്രമിക്കുന്നതിനും സന്തോഷിക്കുന്നതിനും വേണ്ടിയാണ്. അവിടെ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ഭീതിജനകമാണെന്നും മേയര്‍ പറഞ്ഞു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിറ്റിയില്‍ കൗമാരപ്രായക്കാര്‍ക്ക് രാത്രി 11 മുതല്‍ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നുവെന്നും എന്നാല്‍ ഈ മാസം 21 മുതല്‍ അതു രാത്രി പത്തു മണിയായി ചുരുക്കിയെന്നും മേയര്‍ പറഞ്ഞു. നൂറുകണക്കിന് യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശനത്തിനെത്തുന്ന അതിമനോഹരവും ആകര്‍ഷകവുമായ ഒന്നാണ് മില്ലേനിയം പാര്‍ക്ക്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here