ദോഹ: ബിജെപി വക്താവ് നൂപുർ ശർമയും നവീൻ കുമാർ ജിൻഡാലും മുഹമ്മദ് നബിയെ നിന്ദിച്ച സംഭവത്തിൽ രാജ്യത്തിന് പുറത്ത് പ്രതിഷേധം കനക്കുന്നു. ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി ഖത്തർ പ്രതിഷേധം അറിയിച്ചു. ബിജെപി നേതാവിന്റെ വിവാദ പ്രസ്താവനയിൽ കാൺപൂരിൽ വലിയ പ്രതിഷേധം ഉണ്ടായ പശ്ചാത്തലത്തിലാണ് ഖത്തർ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയത്.

‘ചില വ്യക്തികൾ നടത്തുന്ന പ്രസ്താവനകളും ട്വീറ്റുകളും ഒരു തരത്തിലും ഇന്ത്യൻ സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല. ഇത് വ്യക്തികളുടെ കാഴ്ചപ്പാടാണ്.’ എന്ന് ഇന്ത്യൻ അംബാസിഡറെ ഉദ്ധരിച്ച് ഖത്തറിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

‘നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ് ഇന്ത്യ മുന്നോട്ടുപോകുന്നത്. ഇന്ത്യൻ സർക്കാർ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു. അപകീർത്തിപരമായ പരാമർശം നടത്തിയവർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചിട്ടുണ്ട്.’ ഇന്ത്യൻ എംബസിയുടെ പ്രസ്താവനയിൽ പറയുന്നു.

ബിജെപി നേതാവിന്റെ വിവാദ പ്രസ്താവനയിൽ ഒമാനിലും പ്രതിഷേധം ശക്തമാകുകയാണ്. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവിന്റെ പ്രസ്താവന അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഒമാൻ ഗ്രാന്റ് മുഫ്തി ഷെയ്ഖ് അഹമ്മദ് ബിൻ അൽ ഖലിലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here