ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടപ്പാക്കിയ അഗ്നിപഥ് സ്‌കീമിനെ പിന്തുണച്ച് സൈനികനേതൃത്വം. അഗ്നിപഥ് സ്‌കീം സേനയിൽ യുവത്വവും അനുഭവപരിചയവും ഒരുമിച്ച് കൊണ്ടുവരുമെന്ന് പ്രതിരോധ വകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്. ജനറൽ അനിൽ പുരി പറഞ്ഞു.

ഏറെനാളായി നടപ്പാക്കാൻ ചർച്ച ചെയ്യുന്ന പരിഷ്‌കാരമാണ് അഗ്നിപഥ്. 1999ൽ കാർഗിൽ യുദ്ധസമയം മുതൽ ഇത് ആലോചനയിലുണ്ട്. ‘ഇന്ന് മിക്ക സൈനികരുടെയും പ്രായം അവരുടെ 30കളാണ്. മുൻകാലങ്ങളിലെ അപേക്ഷിച്ച് ഓഫീസർമാർക്ക് വളരെ വൈകിയാണ് അധികാരം ലഭിക്കുന്നത്. മൂന്ന് സേനകളിൽ നിന്നായി ഒരു വർഷം 17,600 പേരാണ് നേരത്തെ വിരമിക്കുന്നത്. ഇക്കാര്യം ആരും ഇതുവരെ ചർച്ച ചെയ്‌തിട്ടില്ല.’ ലഫ്.ജനറൽ അനിൽ പുരി പറഞ്ഞു.

സിയാച്ചിനിലും മറ്റും ജോലിനോക്കുന്ന സൈനികർക്ക് ലഭിക്കുന്ന അതേ അലവൻസുകൾ അഗ്നിവീരർക്കും ലഭിക്കുമെന്നും അനിൽ പുരി അഭിപ്രായപ്പെട്ടു. അടുത്ത നാലഞ്ച് വർഷത്തിനകം സൈനികരുടെ എണ്ണം 50000-60000 ആക്കും. തുടർന്ന് 90,000മുതൽ ഒരു ലക്ഷംവരെ ഇത് വർദ്ധിക്കും. ഇപ്പോൾ 46,000 പേരെയാണ് ജോലിയ്‌ക്ക് നിശ്ചയിച്ചിരിക്കുന്നതെങ്കിലും വരുംകാലത്ത് ഇത് 1.25 ലക്ഷമായി ഉയ‌ർത്തുമെന്ന് ലഫ്. ജനറൽ അനിൽ പുരി അറിയിച്ചു. അഗ്നിപഥിനെതിരെ പ്രക്ഷോഭത്തിന് പിന്നിലുള‌ളവർക്ക് സേനയിൽ ഇടമുണ്ടാകില്ലെന്നും സൈനിക ഓഫീസർമാർ സംയുക്ത വാർത്താസമ്മേളനത്തിനിടെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here