തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാൻ രൂപീകരിച്ച കമ്പനിയുടെ ബാദ്ധ്യതകൾ ഏ​റ്റെടുക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറുകയാണെന്നും പെൻഷന്റെ കാര്യത്തിൽ ആശങ്കയുണ്ടെന്നും ആരോപിച്ച് നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. വിഷയത്തിൽ മാത്യു കുഴൽനാടനാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.

 

എന്നാൽ പെൻഷൻ കമ്പനിക്ക് സർക്കാർ ഗ്രാന്റ് നിറുത്തിയിട്ടില്ലെന്നും പെൻഷൻ വിതരണത്തിന് ഒരു തടസവുമുണ്ടാകില്ലെന്നും വൃദ്ധജനങ്ങളെ ആശങ്കപ്പെടുത്തരുതെന്നും ധനമന്ത്റി കെ.എൻ ബാലഗോപാൽ പറഞ്ഞു. പെൻഷൻ കമ്പനിക്ക് ഗ്യാരന്റി നിൽക്കില്ലെന്ന് സർക്കാർ ഒരു ഉത്തരവിലും പറഞ്ഞിട്ടില്ല. കൊവിഡ് സാഹചര്യത്തിൽപോലും പെൻഷൻ നൽകി. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെ തകർക്കാനാണ് കേന്ദ്ര ശ്രമം. സംസ്ഥാനത്തിന്റെ ഭാവി തകർക്കാൻ കേന്ദ്രത്തിലെ ചില ഉദ്യോഗസ്ഥർ നീക്കം നടത്തുന്നുവെന്നും ആരോപിച്ചു.

 

കമ്പനിക്കുള്ള ഗ്യാരന്റി പിൻവലിച്ച് സർക്കാർ ഉത്തരവിറക്കിയെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. കമ്പനി വായ്പയെടുത്താണ് പെൻഷൻ നൽകുന്നത്. ധനസ്ഥിതിയെക്കുറിച്ച് സർക്കാർ കള്ളം പറയുകയാണ്. കിഫ്ബിയുടേതടക്കമുള്ള കടങ്ങളാണ് ധനസ്ഥിതി മോശമാക്കിയതെന്നും പറഞ്ഞു. സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിയുടെ ഒരു ബാദ്ധ്യതയും ബഡ്ജ​റ്റിലൂടെ നൽകില്ലെന്ന് സർക്കാർ പറയുമ്പോൾ 47 ലക്ഷം വരുന്ന പെൻഷൻകാരുടെ ഭാവി എന്താകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു. ഭരണത്തിന്റെ കെടുകാര്യസ്ഥതയാണ് അപകടകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളത്തെ നയിക്കുന്നത്. കിഫ്ബി വരുത്തുന്ന ബാദ്ധ്യത സാധാരണക്കാരന്റെ തലയിൽ നികുതിയായി കെട്ടിവയ്ക്കുകയാണ്.

 

” സാമ്പത്തിക ബാദ്ധ്യതാ വിഷയത്തിൽ പ്രതിപക്ഷം ബി.ജെ.പിയുടെ വക്കീലാകരുത്.

-കെ.എൻ. ബാലഗോപാൽ, ധനമന്ത്റി

 

” നികുതി കുടിശിക പിരിച്ചെടുക്കാതെ സർക്കാർ പെട്ടിക്കടക്കാർക്ക് നോട്ടീസ് അയയ്ക്കുകയാണ്.

– വി.ഡി സതീശൻ, പ്രതിപക്ഷ നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here