ജെയിംസ് കൂടല്‍ (ചെയര്‍മാന്‍, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എ)

നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികളുടെ ഉള്‍വസ്ത്രം അഴിപ്പിച്ച് മേശപ്പുറത്ത് കൂട്ടിയിട്ട സംഭവം സാംസ്‌കാരികതയുടെ വീമ്പിളക്കുന്ന പൊതുസമൂഹത്തിനാകെ നാണക്കേടായി മാറിയിരിക്കുകയാണ്. പരാതികളും നടപടികളും ഉണ്ടാകുമ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന കാര്യത്തില്‍ ചര്‍ച്ചകളും നിര്‍ദേശങ്ങളും ഉണ്ടാകേണ്ടതുണ്ട്. കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളേജില്‍ നീറ്റ് പരീക്ഷ എഴുതിയ നൂറോളം വിദ്യാര്‍ത്ഥികളാണ് അപമാനിതരായി പരീക്ഷ എഴുതേണ്ടിവന്നത്.

കോപ്പിയടി തടയുക എന്ന ലക്ഷ്യത്താേടെ പരീക്ഷയ്ക്ക് മുന്‍പായി നടത്തിയ ദേഹപരിശോധനയാണ് കിരാതവും പ്രാകൃതവുമായ ചെയ്തിയായി മാറിയത്. നീറ്റ് പരീക്ഷയ്ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. ഡിജിറ്റല്‍ കോപ്പിയടി തടയുന്നതിനായാണ് പ്രധാനമായും വിപുലമായ തരത്തില്‍ ദേഹപരിശോധന നടത്തുന്നത്. മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് പരിശോധനകള്‍ നടത്തുന്നതും. പരിശോധനയില്‍ വസ്ത്രങ്ങളില്‍ ലോഹവസ്തുക്കളുടെ സാമീപ്യം ഉണ്ടായാല്‍ അത് ഒഴിവാക്കാനും ആവശ്യപ്പെടാറുണ്ട്.

ഹൈഹില്‍ ചെരിപ്പ്, ആഭരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്. വസ്ത്രങ്ങളും ആഭരണങ്ങളും ചെരുപ്പും വരെ ഏതുതരത്തില്‍ ഉപയോഗിക്കണം എന്നുവരെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന പരീക്ഷയില്‍ ആയുര്‍ മാര്‍ത്തോമാ കോളേജില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് വിശദമായ അന്വേഷണം തന്നെ ആദ്യം നടത്തണം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ചുമതലപ്പെടുത്തിയ സ്വകാര്യസ്ഥാപനമായിരുന്നു വിദ്യാര്‍ത്ഥികളെ പരിശോധന നടത്താന്‍ നിയോഗിക്കപ്പെട്ടത്.

ഇവര്‍ ഈ ചുമതല പ്രാദേശികമായി മറ്റാരെയോ ഏല്‍പ്പിച്ചു. അവിടെ തുടങ്ങിയ അറിവില്ലായ്മയും മണ്ടത്തരങ്ങളുമാണ് നിരവധി കുട്ടികളുടെ മാനത്തിനും ഭാവിക്കും മേല്‍ കറുത്തപ്പുകയായി പടര്‍ന്നത്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലോഹവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താനായി. പരിശോധകര്‍ ഇത് എന്തോ ഗുരുതരമായ കണ്ടെത്തലായി കരുതി വിദ്യാര്‍ത്ഥികളെ മാറ്റി നിറുത്തി. ഉള്‍വസ്ത്രത്തിലെ ഹുക്കുകളും ലോഹ ബട്ടന്‍സുകളും പരീക്ഷയ്ക്ക് വിരുദ്ധമാണെന്നുള്ള മണ്ടനറിവ് വസ്ത്രങ്ങള്‍ ഊരിപ്പിക്കുക എന്ന ആഭാസകരമായ നടപടിയിലേക്ക് നീളുകയായിരുന്നു. അമ്മയുടെ മറപറ്റിയും ഷാളിന്റെ പിന്നില്‍ ഒളിച്ചുനിന്നുമാണ് പലരും വസ്ത്രം നീക്കിയതെന്നുള്ള വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാകുന്നു.

ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഒരിക്കലും സംഭവിച്ചു കൂടാത്ത തരത്തിലുള്ള കാര്യങ്ങള്‍. രാജ്യത്തെ പതിനെട്ട് ലക്ഷം വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷ എഴുതിയതായാണ് ഔദ്യോഗിക കണക്ക്. ഇതില്‍ ഒരു ലക്ഷത്തിലധികം പേര്‍ കേരളത്തില്‍ നിന്ന് വരും. രാജ്യത്ത് മറ്റെങ്ങും കേള്‍ക്കാത്ത ആഭാസത്തരമാണ് വിദ്യാഭ്യാസത്തിലും സാംസ്‌കാരികതയിലും മുന്നിലെന്ന് വീമ്പിളക്കുന്ന മലയാളിയുടെ തട്ടകത്തില്‍ ഉണ്ടായതെന്നുള്ളത് വലിയ നാണക്കേട് തന്നെയാണ്. വിദ്യാര്‍ത്ഥികളെ പരിശോധിക്കാന്‍ ബേക്കറി ജീവനക്കാരിവരെ ഉണ്ടായിരുന്നുവെന്നതിന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി മറുപടി പറയേണ്ടതായിട്ടുണ്ട്.

മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ വലിയ സ്വപ്നങ്ങളുമായി പരിക്ഷാഹാളില്‍ എത്തിയ വിദ്യാര്‍ത്ഥിനികള്‍ അപമാനത്താല്‍ വിവസ്ത്രരായപ്പോള്‍ നിശബ്ദരാകാനെ അവര്‍ക്ക് കഴിഞ്ഞുള്ളു. ഉള്‍വസ്ത്രം നീക്കിയില്ലെങ്കില്‍ പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കുമോയെന്ന ഭയാശങ്കയായിരുന്നു അവര്‍ക്ക്. മുടി മുന്നിലേക്ക് ഇട്ട് നഗ്നത മറച്ചുകൊണ്ട് ആണ്‍കുട്ടികള്‍ക്കിടയില്‍ ഇരുന്ന് പരീക്ഷ എഴുതേണ്ടിവന്ന മകള്‍ക്കുണ്ടായ ദുര്യോഗം ഒരു പിതാവ് അറിഞ്ഞതോടെയാണ് ഞെട്ടിക്കുന്ന പരീക്ഷാപീഡനം നാട് അറിയുന്നത്.

നഗ്നതമറയ്ക്കാന്‍ പാടുപെട്ട് പരീക്ഷ എഴുതേണ്ടിവന്ന ഹതഭാഗ്യര്‍ നിശബ്ദരായി മടങ്ങിയപ്പോള്‍ ചോദ്യം ചെയ്യലുകള്‍ പോലും മാര്‍ത്തോമാ കോളേജിന്റെ ഹാളില്‍ ഉണ്ടായില്ലായെന്നത് ആധുനികതയുടെ പ്രതികരണബോധത്തിന്റെ നഷ്ടമാണ് സൂചിപ്പിക്കുന്നത്. 2017 ല്‍ കണ്ണൂരില്‍ സമാനമായ സാഹചര്യം ഉണ്ടായപ്പോള്‍ അന്ന് പരീക്ഷാര്‍ത്ഥികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. അല്ലെങ്കില്‍ അന്നേ ഇത്തരം ആഭാസങ്ങള്‍ നമ്മുടെ മുന്നില്‍ ഉണ്ടായേനെ. ഒരു യോഗ്യതയും ഇല്ലാത്തവര്‍ നിരീക്ഷകരും പരിശോധകരുമായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എത്തുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഈക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനത്തിന് തയ്യാറാകണം.

ആദ്യം ഇതൊരു വിദ്യാഭ്യാസ പ്രവര്‍ത്തനം ആണെന്നുള്ള ബോധമാണ് ഉണ്ടാകേണ്ടത്. ഏത് മേഖലയായാലും പ്രശ്നങ്ങളും പുഴുക്കുത്തലുകളും ഉണ്ടാകാം. തന്മയത്വത്തോടെ അത് പരിഹരിക്കുന്നതിലാണ് വിജയം. ഇത്തവണയും നീറ്റ് പരീക്ഷയിലെ കോപ്പിയടി നേരിടാന്‍ രാജ്യമാകെ സന്നാഹം ഒരുക്കിയിട്ടും രണ്ടിടത്ത് തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ആള്‍മാറാട്ടം നടത്തി പരീക്ഷയെ നേരിടാനായിരുന്നു ശ്രമം. ഇത്തരത്തിലുളള കബളിപ്പിക്കല്‍ തുടരുമ്പോള്‍ ആണ് രണ്ടും മൂന്നും വര്‍ഷം പഠിച്ചിട്ട് പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികളെ ഇല്ലാത്ത കാര്യങ്ങളുടെ പേരില്‍ മാനസികമായി തകര്‍ക്കുന്നത്. ഇതിനാെക്കെ സമൂലമായ മാറ്റം ആണ് ആവശ്യം. നമ്മുടെ രാഷ്ട്രീയ സാമൂഹിക ചിന്തകള്‍ അത്തരത്തിലേക്ക് വളരേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here