തായ്‌പേയ്: അമേരിക്കൻ ജനപ്രതിനിധി സഭ സ്‌പീക്കർ നാൻസി പെലോസി തായ്‌വാനിൽ എത്തിച്ചേർന്നതായി വിവരം. ചൈനയുടെ ശക്തമായ എതിർപ്പ് മറികടന്നാണ് നാൻസി പെലോസിയുടെ സന്ദർശനം. ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്യരുതെന്ന മുന്നറിയിപ്പാണ് അമേരിക്ക അവഗണിച്ചത്. തുടർന്ന് ചൈന യുദ്ധവിമാനങ്ങൾ വിന്യസിച്ചതായി സൂചനയുണ്ട്. തായ്‌വാന് കിഴക്കായി അമേരിക്കയും ചൈനീസ് ഭീഷണിയെ മറികടക്കാൻ സൈനികവിന്യാസം നടത്തി. നാല് യുദ്ധകപ്പലുകൾ ഇവിടെ അമേരിക്ക വിന്യസിച്ചെന്നാണ് വിവരം. സാധാരണ വിന്യാസം മാത്രമാണിതെന്നാണ് അമേരിക്ക നൽകുന്ന വിശദീകരണം.

 

യുഎസ്എസ് റൊണാൾഡ് റീഗൻ, യുഎസ്‌എസ് ആന്റീറ്റം, യുഎസ്എസ് ഹിഗ്‌ഗിൻസ്, യുഎസ്‌എസ് ട്രിപ്പോളി എന്നീ യുദ്ധകപ്പലുകൾ തായ്‌വാന്റെ വിവിധ ഭാഗങ്ങളിൽ ഉള‌ളതായാണ് സൂചനകൾ. സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശന തീരുമാനവുമായി മുന്നോട്ടു പോകുകയാണെങ്കിൽ ചൈന ഉറച്ച തീരുമാനം എടുക്കുമെന്നും അതുവഴിയുണ്ടാകുന്ന ഗുരുതര പ്രത്യാഘാതങ്ങൾക്ക് അമേരിക്ക മാത്രമായിരിക്കും ഉത്തരവാദിയെന്നും വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ മുൻപ് പറഞ്ഞിരുന്നു.

 

പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.കഴിഞ്ഞ വ്യാഴാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണിത്. തീയിൽ കളിച്ചാൽ സ്വയം നാശമായിരിക്കും ഫലമെന്ന് ഷി മുന്നറിയിപ്പ് നൽകിയിരുന്നു.

 

അതേസമയം, പെലോസിയുടെ യാത്ര ഒഴിവാക്കാൻ ബൈഡൻ ഭരണകൂടം ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇത് നല്ല ആശയമല്ലെന്നാണ് സൈന്യം കരുതുന്നതെന്ന് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞയാഴ്ച മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ ചൈനയുടെ നിലപാട് ‘ആവശ്യമില്ലാത്തതാണെ’ന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്.

 

‘ഏകീകൃത ചൈന’ എന്ന നയത്തിൽ വിശ്വസിക്കുന്ന ചൈന, തായ്വാനെ അവരുടെ ഭാഗമായാണ് കാണുന്നത്. എന്നാൽ, തായ്‌വാൻ ഒരു സ്വതന്ത്ര രാഷ്ട്രമാണ് എന്ന വസ്തുത യു.എസ് അംഗീകരിക്കുന്നുണ്ട്. തന്റെ ഏഷ്യൻ പര്യടനത്തിനിടയിൽ, തായ്‌വാൻ സന്ദർശിക്കാനുള്ള യു.എസ് സ്പീക്കറുടെ തീരുമാനം തായ്വാന്റെ അസ്‌തിത്വം ഊട്ടിയുറപ്പിക്കുന്നൊരു നടപടിയായാണ് ചൈന കാണുന്നത്. അതാണ് ചൈനയെ ചൊടിപ്പിക്കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here