ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് അഞ്ചാം സ്വർണം സമ്മാനിച്ച് പുരുഷ വിഭാഗം ടേബിൾ ടെന്നിസ് ടീം. ടേബിൾ ടെന്നിസിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഇന്ത്യ സ്വർണം ലക്ഷ്യമിട്ടുതന്നെയാണ് ഫൈനലിന് ഇറങ്ങിയത്. ആദ്യം നടന്ന ഡബിൾസ് മത്സരത്തിൽ ജി.സത്യനും ഹർമീത് ദേശായ്‌യും സിംഗപ്പൂർ ടീമിനെ 13-11,11-7,11-5ന് തോൽപ്പിച്ച് ഇന്ത്യയ്ക്ക് 1-0ത്തിന്റെ ലീഡ് നൽകി.എന്നാൽ തൊട്ടുപിന്നാലെ നടന്ന സിംഗിൾസിൽ വെറ്ററൻ താരം അചാരന്ത ശരത് കമാൽ തോറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പക്ഷേ തൊട്ടുപിന്നാലെ നടന്ന സിംഗിൾസിൽ ജി.സത്യൻ വിജയിച്ചത് വീണ്ടും ആവേശം പകർന്നു. അവസാന സിംഗിൾസിൽ ഹർമൻ പ്രീത് കൂടി വിജയം കണ്ടതോടെയാണ് ഇന്ത്യ വീണ്ടും സ്വർണത്തിൽ മുത്തമിട്ടത്.

നേരത്തെ ഗെയിംസ് ചരിത്രത്തിലെ ആദ്യ ലോൺ ബാൾ സ്വർണ നേട്ടവുമായി ഇന്ത്യൻ വനിതകൾ. ലോൺ ബാൾ ഫോർസിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 17-10 എന്ന സ്കോറിനാണ് ഇന്ത്യൻ വനിതകൾ തറപ്പറ്റിച്ചത്. രൂപ റാണി ടിർക്കി, ലൗവ്‌ലി ചൗബേ, പിങ്കി, നയൻമോനി സൈകിയ എന്നിവരുടെ സംഘമാണ് ഇന്ത്യക്ക് വേണ്ടി ചരിത്രനേട്ടം സ്വന്തമാക്കിയത്.

സെമിയിൽ ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരും പതിമൂന്ന് തവണ ജേതാക്കളുമായ ന്യൂസിലൻഡിനെ അട്ടിമറിച്ചാണ് മെഡലുറപ്പിച്ചത്. ഇന്ത്യയുടെ പുരുഷ ടീം ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ക്വാർട്ടറിലെത്തിയെങ്കിലും നോർത്തേൺ അയർലൻഡിനോട് 8-26 എന്ന സ്‌കോറിൽ പരാജയപ്പെട്ട് പുറത്തായിരുന്നു.

പുരുഷ വിഭാഗം ലോംഗ്ജമ്പിൽ ഇന്ത്യയു‌ടെ മെഡൽപ്രതീക്ഷയായ മലയാളി താരം എം.ശ്രീശങ്കർ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എ മത്സരത്തിലെ ആദ്യ ശ്രമത്തിൽതന്നെ യോഗ്യതാ മാർക്ക് മറികടന്ന് ഫൈനലിലെത്തി. 8 മീറ്ററായിരുന്നു യോഗ്യതാ മാർക്ക്. ശ്രീശങ്കർ ആദ്യ ശ്രമത്തിൽ 8.05 മീറ്ററാണ് ചാടിയത്. എ ഗ്രൂപ്പിൽ നിന്ന് മറ്റാരും എട്ടുമീറ്റർ മറികടന്നില്ല. കഴിഞ്ഞയാഴ്ച അമേരിക്കയിൽ സമാപിച്ച ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും ഫൈനലിൽ മത്സരിച്ച താരമാണ് ശ്രീശങ്കർ. ഈ സീസണിൽ ചാടിയ 8.36 മീറ്ററാണ് പാലക്കാട് സ്വദേശിയും മുൻ ഇന്ത്യൻ അത്‌ലറ്റുകളായ മുരളിയുടെയും ബിജിമോളുടെയും മകനുമായ ശ്രീശങ്കറിന്റെ മികച്ച ദൂരം.

ഗ്രൂപ്പ് ബിയിൽ മത്സരിച്ച മറ്റൊരു മലയാളി താരം മുഹമ്മദ് അനീസും ഫൈനലിൽ ക‌ടന്നു.7.68 മീറ്റർ ചാടിയ അനീസ് മൂന്നാം സ്ഥാനക്കാരനായാണ് ഫൈനലിലേക്ക് പ്രവേശിച്ചത്. നാളെയാണ് ശ്രീശങ്കറിന്റെയും അനീസിന്റെയും ഫൈനൽ മത്സരങ്ങൾ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here