പേരാമ്പ്ര(കോഴിക്കോട്) > ലിബിയയില്‍ മലയാളി ഐടി ഉദ്യോഗസ്ഥനുള്‍പ്പെടെ നാലുപേരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. കോഴിക്കോട് ചക്കിട്ടപാറയിലെ കേളോത്ത്വയല്‍ നെല്ലുവേലില്‍ ജോസഫിന്റെ മകന്‍ റെജി ജോസഫി(43)നെയാണ് തട്ടിക്കൊണ്ടുപോയത്. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയില്‍ അല്‍ദിവാന്‍ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. മറ്റു മൂന്നുപേരും ലിബിയക്കാരാണ്. 31ന് വൈകിട്ടാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. സംഭവം ഞായറാഴ്ചയാണ് വീട്ടിലറിഞ്ഞത്. റെജിയുടെ ഭാര്യ എറണാകുളം സ്വദേശിയായ ഷിനുജ, മക്കളായ ജോയന, ജോസിയ, ജാനിയ എന്നിവരടങ്ങുന്ന കുടുംബം ഏതാനും വര്‍ഷമായി ട്രിപ്പോളിയിലാണ്. ട്രിപ്പോളിയില്‍ നേഴ്സായ ഷിനുജയാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. 

വിവാഹത്തിന് മുമ്പുതന്നെ ഷിനുജ ലിബിയയിലായിരുന്നു. 2007ല്‍ ലിബിയയിലെത്തിയ റെജി ലിബിയയിലെ ആഭ്യന്തരസംഘര്‍ഷത്തെതുടര്‍ന്ന് 2010ല്‍ നാട്ടിലെത്തി. 2014ലാണ് ലിബിയയിലേക്ക് മടങ്ങിയത്. അല്‍ദിവാന്‍ ഐടി കമ്പനിയില്‍ സിവില്‍ റജിസ്ട്രേഷന്‍ അതോറിറ്റി (സിആര്‍എ) യുടെ പ്രൊജക്ടില്‍ ജോലിചെയ്യുകയായിരുന്നു. കര്‍ഷകനായ ജോസഫിന്റെയും പരേതയായ അന്നക്കുട്ടിയുടെയും ആറ് മക്കളില്‍ രണ്ടാമനാണ് റെജി.  റെജിയെ മോചിപ്പിക്കാനാവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here